പിലാത്തറ: പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നടക്കുന്ന ചെറുതാഴം കോക്കാട്ട് മുച്ചിലോട്ട്കാവ് പെരുങ്കളിയാട്ടത്തിന്റെ വരച്ചുവെക്കൽ ചടങ്ങ് ആറിന് രാവിലെ 9.30 ന് നടക്കും. കളിയാട്ടത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ കെ.നാരായണൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 6.39 ന് സോവനീർ പ്രകാശനം സിനിമാതാരം പി.പി.കുഞ്ഞികൃഷ്ണൻ പയ്യന്നൂർ ഡിവൈ.എസ്.പി കെ.വിനോദ്കുമാറിന് നൽകി നിർവ്വഹിക്കും.

11 മുതൽ 14 വരെയാണ് പെരുങ്കളിയാട്ടം നടക്കുക. 11 ന് വൈകുന്നേരം 6.30 ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ടി.ഐ.മധുസൂദനൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., ഗോകുലം ഗോപാലൻ എന്നിവർ മുഖ്യാതിഥികളാവും. 12 ന് വൈകുന്നേരം 6.30 ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. എം.വിജിൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 13 ന് വൈകുന്നേരം 6.30 ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്യും. കെ.വി.സുമേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സ്പീക്കർ എ.എൻ.ഷംസീർ, സംവിധായകൻ ജയരാജ്, പത്മശ്രീ നാരായണൻ പെരുവണ്ണാൻ എന്നിവർ മുഖ്യാതിഥികളാവും. 14ന് ഉച്ചക്ക് 1 ന് മുച്ചിലോട്ടമ്മയുടെ തിരുമുടി നിവരൽ. എം.സി.പ്രകാശൻ, വി.വിജയൻ, എം.വി.രമേശൻ, ടി.വി.ചന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.