
കൊടുംകൊള്ള തെളിയിച്ചത് ഒറ്റ ആഴ്ചയിൽ
കണ്ണൂർ: നാടിനെ ഞെട്ടിച്ച വളപട്ടണത്തെ അരിവ്യാപാരിയുടെ വീട്ടിലെ വൻ കവർച്ചയ്ക്ക് തുമ്പുണ്ടാക്കി മോഷ്ടാവിനെ പിടികൂടാൻ എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് വേണ്ടിവന്നത് ഒരെയൊരാഴ്ച.വിദഗ്ധമായി നടന്ന കവർച്ചയിൽ തെളിവുകളൊന്നും അവശേഷിപ്പിക്കാത്ത മോഷ്ടാവിനെ സി.സി ടി.വി കേന്ദ്രീകരിച്ചുകൊണ്ടുള്ള അന്വേഷണത്തിലാണ് പൊലീസ് പൂട്ടിട്ടത്.ആദ്യഘട്ടത്തിൽ അന്യസംസ്ഥാന മോഷ്ടാക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം സി സി ടി.വി പരിശോധനയിലൂടെയാണ് അയൽവാസിയായ മോഷ്ടാവിലേക്ക് എത്തിച്ചത്.
വീടുമായി നല്ല പരിചയമുള്ള ആളാണ് കവർച്ച നടത്തിയതെന്ന് പോലീസ് നേരത്തെ തന്നെ മനസിലാക്കിയിരുന്നു. ഒന്നര വർഷം മുൻപ് കീച്ചേരിയിലെ ഒരു വീട്ടിൽ നിന്നും അഞ്ചുലക്ഷം രൂപയും സ്വർണവും കവർന്നതുമായി ഒത്തുനോക്കിയതാണ് നിർണായകമായത്. ഇവിടെ നിന്നും കിട്ടിയ വിരലടയാളവും ചോദ്യം ചെയ്യലിനായി വിളിച്ചപ്പോൾ എടുത്ത പ്രതിയുടെ വിരലയാളവും ഒന്നാണെന്ന് കണ്ടപ്പോൾ തന്നെ മോഷ്ടാവിന് മേൽ പിടിവീണിരുന്നു. കീച്ചേരിയിലെ സംഭവത്തിൽ സി.സി ടി.വിയിൽ കണ്ട പ്രതിയുടേയും അഷറഫിന്റെ വീട്ടിലെ സി സി ടി.വി ദൃശ്യത്തിലെ പ്രതിയുടേയും കഷണ്ടിയും നിർണ്ണായക തെളിവായി.സംഭവത്തിൽ അയൽവാസികളെ എല്ലാവരേയും ചോദ്യം ചെയ്യുന്ന കൂട്ടത്തിൽ പൊലീസ് പലപ്പോഴായി ലിജേഷിനെയും ചോദ്യം ചെയ്തിരുന്നു.ശനിയാഴ്ച അയൽവാസികളെ ചോദ്യം ചെയ്യുന്നതിനിടയിൽ വിരലടയാളവും കുറ്റവാളിയിലേക്ക് വഴിതുറന്നു. ഇതോടെയാണ് ലിജേഷ് തന്നെ പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചത്.അഷറഫും കുടുംബവും മധുരയിലെ വിരുത്നഗറിൽ വിവാഹത്തിൽ പങ്കെടുക്കാൻ നവംബർ 19ന് രാവിലെ വീട് പൂട്ടി പോയതായിരുന്നു. 24ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ ജനലിന്റെ ഗ്രിൽ തകർത്ത് അകത്തുകയറിയ പ്രതി ലോക്കറിൽ സൂക്ഷിച്ച പണവും സ്വർണവും കവർന്നതായി അറിയുന്നത്.
പഴുതടച്ച് അന്വേഷണം
അഷറഫിന്റെ വീടിനും സമീപപ്രദേശങ്ങളിലുമുള്ള നൂറോളം സി.സി ടി.വികളാണ് പൊലീസ് പരിശോധിച്ചത്. തുടക്കത്തിൽ പ്രൊഫഷണൽ കവർച്ചാ സംഘങ്ങളെയാണ് അന്വേഷണസംഘം സംശയിച്ചത്. പൊലീസിന്റെ 25 അംഗ സംഖം ആദ്യം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചായിരുന്നു പരിശോധിച്ചത്.കോഴിക്കോട് മുതൽ മംഗലാപുരം വരെയുള്ള റെയിൽവേ സ്റ്റേഷനുകളിലെ സി.സി ടി.വികൾ പരിശോധിച്ചു. 215 ഓളം ആളുകളെ ചോദ്യം ചെയ്തു.എഴുപത്തിയാറോളം പേരുടെ വിരലടയാളവും ശേഖരിച്ചു. ഇതിന് പുറമെ മോഷണകേസുകളിലും ക്രിമിനൽ കേസുകളിലും പെട്ട 67 പേരെ കുറിച്ച് അന്വേഷിച്ചു. കണ്ണൂരിലെയും മറ്റ് ജില്ലകളിലേയും 35 ലോഡ്ജുകളിലും അന്വേഷണസംഘം പരിശോധന നടത്തി. മോഷണം നടന്ന പ്രദേശത്തെ പഴയ സി സി ടി.വികളും പരിശോധിച്ചു. വീടുമായി അടുത്ത പരിചയമുള്ളവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന നിഗമനത്തിലേക്ക് ഇതിനിടയിൽ പൊലീസ് എത്തുകയായിരുന്നു. പൊലീസ് നായ പ്രതി ലിജേഷിന്റെ വീടിന് സമീപത്ത് കൂടി പോയാണ് റെയിൽവേ ട്രാക്കിൽ എത്തി നിന്നത്.
ആദ്യം നിഷേധിച്ചു,പിന്നീട് സമ്മതിച്ചു
തെളിവുകൾ ശേഖരിച്ചശേഷം ശനിയാഴ്ച ചോദ്യം ചെയ്യാൻ ലിജീഷിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി.ഞായറാഴ്ച്ച രാവിലെ വീണ്ടും ഫോൺ പരിശോധിക്കാനായി വിളിപ്പിച്ചു.തുടർന്ന് വൈകീട്ട് വീണ്ടും ഫോൺ തിരിച്ചു വാങ്ങാൻ വരണമെന്ന് പറഞ്ഞ് വിളിപ്പിച്ചപ്പോഴാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.തുടർന്ന് വൈകീട്ട് ഏഴരയോടെ ഇയാൾ കുറ്റം സമ്മതിച്ചു. ഒന്നും വിട്ടുപറയാതിരിക്കുന്ന തന്ത്രമാണ് ലിജേഷ് തുടക്കം തൊട്ട് സ്വീകരിച്ചത്. താനല്ല ചെയ്തത് എന്ന് മാത്രമേ ഈയാൾ പറഞ്ഞിരുന്നുള്ളു. ചോദ്യങ്ങളോട് കരുതലോടെ പ്രതികരിക്കുകയും ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്ത പ്രതി അവസാനം എല്ലാ തെളിവുകളും നിരത്തിയതോടെയാണ് കുറ്റം സമ്മതിച്ചത്.
അന്വേഷണസംഘത്തിന്റെ മുന്നിൽ തന്നെ
മോഷണത്തിന് ശേഷം വീട്ടിൽ അടച്ചിരിക്കുന്ന സ്വഭാവമല്ലായിരുന്നു.സംഭവത്തിന് ശേഷം കണ്ണൂർ,തലശ്ശേരി,പുതിയതെരു ടൗൺ എന്നിവിടങ്ങളിലെല്ലാം ഇയാൾ പോയിട്ടുണ്ട്.പ്രദേശത്തും മോഷണം നടന്ന വീട്ടിലുമെല്ലാം പൊലീസ് വരുന്നതും പോകുന്നതുമെല്ലാം പ്രതി കണ്ടുകൊണ്ടിരിക്കുന്നുണ്ട്.സി.സി ടി.വി കാമറകൾ ഒഴിവാക്കി കൊണ്ട് പോകുന്ന രീതിയായിരുന്നു ഇയാൾക്ക്.2006 മുതൽ 2009 കാലയളവിൽ പ്രവാസിയായിരുന്നു.പിന്നീട് നാട്ടിലെത്ത് വെൽഡിംഗ് ജോലി ചെയ്തു വരികയായിരുന്നു പ്രതി.
19 അംഗ അന്വേഷണസംഘത്തിൽ
എ.സി.പി ടി.കെ.രത്നകുമാർ
വളപട്ടണം സി.ഐ ടി.പി. സുമേഷ്,
ചക്കരക്കൽ സി.ഐ എം.പി. ആസാദ്,
കണ്ണൂർ സിറ്റി സി.ഐ സുനിൽ കുമാർ,
മയ്യിൽ സി.ഐ പി.സി. സഞ്ജയ കുമാർ,
വളപട്ടണം എസ്.ഐമാരായ ടി.എം.വിപിൻ, പി.ഉണ്ണികൃഷ്ണൻ,പി.കെ.സുരേഷ്ബാബു,
കണ്ണപുരം എസ്.ഐ കെ.രാജീവൻ,
ക്കരക്കൽ എസ്.സി.പി.ഒ എം.സ്നേഹേഷ്
കണ്ണൂർ ട്രാഫിക് എസ്. സി.പി.ഒ സി. സജിത്ത്
വളപട്ടണം എസ്.ഐ എം.അജയൻ,
കണ്ണൂർ സിറ്റി എ.എസ്.ഐ രഞ്ജിത്ത്,
കണ്ണൂർ ടൗൺ സി.പി.ഒ സി.നാസർ
ഡി.എച്ച്.ഒ കണ്ണൂർ സിറ്റി എസ്.ഐ പി.കെ.ഷാജി,
വളപട്ടണം എ.എസ്.ഐ ഷാജി,
കിരൺ, എൻ. അമൃത, കെ. മഹിത (സി.പി.ഒ വളപട്ടണം)