mavo

ഉഡുപ്പി( കർണാടക): ദക്ഷണേന്ത്യയിലെ പ്രമുഖ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉഡുപ്പി വനമേഖലയിൽ തെരച്ചിൽ ശക്തമാക്കി കർണാടക പൊലീസും നക്സൽ വിരുദ്ധ സേനയും. കബ്ബിനലെ,മട്ടാവ്,നാഡ്പാലു, പീതാബൈലു എന്നിവിടങ്ങളിൽ എ.എൻ.എഫ് പ്രവർത്തകർ മാവോയിസ്റ്റുകളുമായി ശക്തമായി പോരാടുകയാണ്. ഹെബ്രി പൊലീസ് സ്റ്റേഷനിലെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് തെരച്ചിലും അന്വേഷണവും നടക്കുന്നത്,ഹെബ്രി പൊലീസ് സ്റ്റേഷനിലെയും എ.എൻ.എഫിലെയും ഉദ്യോഗസ്ഥർ മേഖലയിൽ നിരീക്ഷണം നടത്തുന്നുണ്ട്.

ജനം ഭീതിയിൽ
വിക്രം ഗൗഡയുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ഉഡുപ്പി പീതാബയിലും ചുറ്റുമുള്ള പൊതുജനങ്ങൾ ഭീതിയിലാണ്. വിക്രം ഗൗഡയെ കണ്ടുമുട്ടിയ വീട്ടിലെ അന്തേവാസികൾ ഇതുവരെ ആ വീട്ടിലേക്ക് മടങ്ങിയിട്ടില്ല. കാട്ടിനുള്ളിലുള്ള മാവോയിസ്റ്റുകൾ കൊലപാതകത്തിന് പകരംവീട്ടുമെന്ന് പരിസരവാസികൾ ഭയക്കുന്നുണ്ട്. വിക്രം ഗൗഡ കൊല്ലപ്പെട്ട വീട്ടിലേക്ക് വീണ്ടും കയറുന്നതിന് മുമ്പ് പൂജ നടത്താനാണ് വീട്ടുകാരുടെ പദ്ധതിയെന്നാണ് റിപ്പോർട്ട്. എ.എൻ.എഫ് ഉദ്യോഗസ്ഥർ സമീപത്തെ വീട്ടിൽ ക്യാമ്പ് ചെയ്യുന്നുണ്ട്, ആ വീട്ടിലെ താമസക്കാർ അവരുടെ ബന്ധുവീട്ടിലേക്കാണ് താമസം മാറിയിരുന്നത്. വിക്രം ഗൗഡയുടെ പീതാബൈലു ഏറ്റുമുട്ടലിൽ അന്വേഷണം തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കാർക്കള ഡിവൈ.എസ്.പി പി അരവിന്ദ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.