 
പേരാവൂർ: പേരാവൂർ- ഇരിട്ടി റോഡിൽ കല്ലേരിമലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർമാർ ഉൾപ്പെടെ 40 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് ഇരിട്ടിയിൽ നിന്നും മാനന്തവാടിയിലേക്ക് പോകുന്ന ബസും, മാനന്തവാടിയിൽ നിന്നും പയ്യന്നൂരേക്ക് പോകുന്ന ബസും കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് പരിക്കേറ്റവരെ പേരാവൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇരിട്ടിയിൽ നിന്നും വരുന്ന ബസ് ബ്രേക്കിട്ടപ്പോൾ മഴപെയ്തു നനഞ്ഞ റോഡിൽ നിന്നും തെന്നിമാറി എതിരെവന്ന ബസിനു ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പയ്യന്നൂർക്ക് പോകുന്ന ബസ് ഇടതുഭാഗത്തെ വലിയ കുന്നിൻ ചെരിവിലേക്ക് പോകാതെ റോഡരികിലെ മരത്തിൽ ഇടിച്ചു തങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. പേരാവൂർ, മുഴക്കുന്ന് പൊലീസും പേരാവൂർ ഫയർഫോഴ്സും ചേർന്ന് പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
അപകടത്തെത്തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് ബസുകൾ മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അപകടത്തിൽ പരിക്കേറ്റവർ
കെ.എസ്.ആർ.ടി.സി ഡ്രൈവർമാരായ മാനന്തവാടി സ്വദേശി ജോസ് (48), പയ്യന്നൂർ സ്വദേശി മധു (47) എന്നിവരും ഇരു ബസുകളിലെയും യാത്രക്കാരായ കരോലിൻ (12) ഇരിട്ടി, ഹാജിറ (48), താഹിറ (19) വയനാട് പേരിയ, ജെമിനി (44), എയ്ഞ്ചൽ (17), ഷൈൻ (47) ഉളിക്കൽ, മുസാഫിർ റഹ്മാൻ (26) മാനന്തവാടി, പാത്തുകുട്ടി (70), ഹംസ (70) വള്ളിത്തോട്, ശ്രീഷ്മ (34), ഇന്ദിര (65), ആബിദ (36), അഫ്ര (14) കൊട്ടംചുരം, രാധിക (24) കയനി, സുജാത (59) വേങ്ങര, വിജയശ്രീ (51) കേളകം, ലീലാമ്മ (65) വേങ്ങര, അലീന (22) മണത്തണ, ലിസി ജോയ് (51) മണത്തണ, ആൽബിൻ സേവ്യർ (23) മാനന്തവാടി, അനിനന്ദ് (21) കാക്കയങ്ങാട്, ഫെബിന (23) വയനാട് അരമ്പറ്റ, ശാന്തമ്മ (65) കരിമ്പം, സഫ്വാൻ (23) മണ്ണാർക്കാട്, സോമൻ (73) കൊട്ടിയൂർ, ഡോ. അതുല്യ ടി പോൾ (30) മണത്തണ, ഷേർലി (40) പൈസക്കരി, മുഹമ്മദ് സൈദ് (38) പാലക്കാട് തരൂർ, പ്രഭാകരൻ (69), ഉഷ (57) ബക്കളം തളിപ്പറമ്പ്, മോളി (55) വയനാട് പോരൂർ, അമ്പിളി (41) പടിയൂർ, അജേഷ് (43) പടിയൂർ, ദേവനന്ദ (15) പടിയൂർ, ജോർജ് (65) പേരാവൂർ, ശ്രീജേഷ് (47) പെരിങ്ങോം, ഗിരീഷ് (37) കേളകം, മറിയം ബീവി (61) കൊട്ടിയൂർ എന്നിവരെയാണ് പേരാവൂർ താലൂക്ക് ആശുപത്രിയിലും പേരാവൂരിലെ മറ്റ് സ്വകാര്യ ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.