
കണ്ണൂർ: ഇതര സംസ്ഥാന മോഷ്ടാക്കളെ കേന്ദ്രീകരിച്ച് ആരംഭിച്ച വളപട്ടണം കവർച്ചകേസിൽ അന്വേഷണം അയൽവാസിയായ ലിജീഷിലേക്കെത്തിയത് അതിവേഗം. പൊലീസ് നായ വളപട്ടണം റെയിൽവേ സ്‌റ്റേഷനിനടുത്തുളള ട്രാക്കിലേക്ക് ഓടിയെത്തിയതോടെ ഇതര സംസ്ഥാന മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം ആരംഭിച്ചത്. പരിസരത്തെ വീടുകളിലെയും കടകളിലെയും മറ്റും നൂറോളം സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. പഴയ സി.സി.ടി.വി. ദൃശ്യങ്ങളും ശേഖരിച്ച് പരിശോധന നടത്തി. ഫോൺ കോൾ വിവരങ്ങൾ അറിയുന്നതിനായി 115 സി.ഡി.ആറുകളും പരിശോധിച്ചു. 250 പേരെ ചോദ്യം ചെയ്തു. 35 ലോഡ്ജുകളിൽ പരിശോധന നടത്തി. അരിവ്യാപാരി അഷ്റഫിന്റെ വിവരങ്ങളെല്ലാം അറിയുന്നയാളാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് സംശയിച്ചിരുന്നു.
കഷണ്ടിക്കാരനായ പുതിയ മോഷ്ടാവ്
സി.സി.ടി.വി ദൃശ്യത്തിൽ നിന്നാണ് കഷണ്ടിയുള്ള മാസ്‌ക് ധരിച്ചയാളാണ് മോഷ്ടാവെന്ന് പൊലിസ് തിരിച്ചറിഞ്ഞത്. മോഷണം നടന്ന വീടിന്റെ പരിസരത്തുള്ള, കഷണ്ടിയുള്ള ആളുകളെ തിരഞ്ഞപ്പോൾ പൊലീസ് ലിജീഷിനെയും കണ്ടിരുന്നു.
ദൃശ്യങ്ങൾ പതിയാതിരിക്കാൻ സി.സി.ടി.വി ക്യാമറ ലിജീഷ് തിരിച്ചുവച്ചിരുന്നു. എന്നാൽ, മുറിയുടെ ഉള്ളിലേക്കായിരുന്നു തിരിച്ചുവച്ചത്.
ജനലിലെ ഗ്രിൽ മാറ്റി അകത്തുകടന്ന ലിജീഷ് കിടപ്പുമുറിയുടെ കർട്ടൻ നീക്കാൻ ശ്രമിച്ചപ്പോൾ മുഖം ക്യാമറയിൽ പതിഞ്ഞു. 40 മിനിറ്റ് കൊണ്ടാണ് മോഷണം നടത്തിയത്. പൊലീസിന്റെ ഡേറ്റ ശേഖരത്തിൽ പേരുള്ള, കഷണ്ടിയുള്ള കള്ളന്മാരൊന്നും അന്നു കണ്ണൂരിൽ വന്നിട്ടില്ലെന്നു മനസ്സിലായി. ആ പട്ടികയിലെ രണ്ടു കള്ളന്മാരിൽ ഒരാൾ തൃശൂരും ഒരാൾ വടകരയിലുമാണ്. അങ്ങനെയാണ് കഷണ്ടിയുള്ള കള്ളൻ പുതിയൊരാളാണെന്ന് മനസ്സിലായത്. അപ്പോഴാണ് കീച്ചേരിയിലെ വീട്ടിൽനിന്നു ലഭിച്ച വിരലടയാളവും ലിജീഷിന്റെ വിരലടയാളവും ഒന്നാണെന്ന റിപ്പോർട്ട് പൊലീസിനു ലഭിച്ചത്. ജനൽ ഗ്രിൽ എടുത്തുമാറ്റിയാണ് രണ്ടു സ്ഥലത്തും മോഷണം നടത്തിയത്. ഈ രണ്ടു കാര്യവും വച്ചു ചോദിച്ചപ്പോൾ ലിജീഷിനു പിടിച്ചുനിൽക്കാനായില്ല. 2003ൽ കീച്ചേരിയിലെ പ്രവാസി സംരഭകൻ നിയാസിന്റെ വീട്ടിലാണ് കവർച്ച നടന്നത്.