കണ്ണൂർ: വളപട്ടണം മന്നയിൽ നിന്നു മോഷണം പോയ വൻതുകയ്ക്കും സ്വർണാഭരണങ്ങൾക്കും കൃത്യമായ സ്രോതസുണ്ടെന്ന് ഉടമ കെ.പിഅഷ്റഫ്. കണ്ണൂർ ജില്ലയിലെ പ്രമുഖ അരി വ്യാപാര സ്ഥാപനമായ അഷ്റഫ് ട്രേഡേഴ്സിന്റെ ഉടമയാണ്. അരി വ്യാപാരത്തിന്റെ ഭാഗമായി വീട്ടിൽ സൂക്ഷിച്ച രണ്ടു കോടിയോളം രൂപ മോഷണം പോയെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.
ലോക്കറിൽ സൂക്ഷിച്ച 300 പവൻ സ്വർണ, വജ്രാഭരണങ്ങൾ മോഷണം പോയെന്നും പരാതി നൽകിയിരുന്നു.എന്നാൽ പ്രതിയായ അയൽവാസി ലിജീഷിന്റെ വീട്ടിൽ നിന്നു പൊലീസ് പിടികൂടിയത് 1, 21,42,000 രൂപയും 267 പവൻ ആഭരണങ്ങളുമാണ്. ഈ വ്യത്യാസം പൊലീസ് അന്വേഷിക്കുകയാണ്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിനു ശേഷം വീട്ടുടമ അഷ്റഫിന്റെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണസംഘം.നഷ്ടമായ സ്വർണവും പണവും പൂർണമായി തിരിച്ചുകിട്ടിയോ എന്ന കാര്യം ഉൾപ്പെടെ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
മോഷണ കേസിന്റെ അന്വേഷണം പൂർത്തിയായാൽ പണത്തിന്റെ സ്രോതസിനെ കുറിച്ചും അന്വേഷിക്കുമെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാർ പറഞ്ഞിരുന്നു.
കളക്ഷൻ തുക വീട്ടിലെ അത്യധികം സുരക്ഷയുള്ള ലോക്കറിലാണ് സൂക്ഷിക്കാറുള്ളതെന്ന് അഷറഫ് പറയുന്നു. ബാങ്ക് ലോക്കറിനെക്കാൾ സുരക്ഷിതമായതുകൊണ്ടാണ് വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചതെന്നായിരുന്നു അഷ്റഫ് പൊലിസിന് നൽകിയ മൊഴി. നവംബർ 19ന് മധുരവിരുത് നഗറിലുള്ള സുഹൃത്തിന്റെ വീട്ടിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് പോയത്. ആഭരണങ്ങളും പണവും വെച്ച ലോക്കറിന്റെ താക്കോൽ മറ്റൊരു അലമാരയിൽ വച്ചു പൂട്ടുകയും ഇതിന്റെ താക്കോൽ മറ്റൊരു അലമാരയിൽ പൂട്ടുകയും ചെയ്തിരുന്നു. ഇതു തപ്പിയെടുത്താണ് ലിജീഷ് കൊള്ള നടത്തിയത്. 24 ന് രാത്രി വീട്ടിൽ തിരിച്ചു വന്നപ്പോഴാണ് മോഷണം അറിഞ്ഞത്.