
കണ്ണൂർ:എ.ഡി.എം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ കണ്ണൂർ കളക്ടർ അരുൺ കെ. വിജയനും പെട്രോൾ പമ്പ് അപേക്ഷൻ ടി.വി പ്രശാന്തനും കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിശദീകരണം തേടി നോട്ടീസ് അയച്ചു. ഫോൺവിളിച്ചതിന്റെ വിശദാംശങ്ങൾ, സി.സി.ടി.വി. ദൃശ്യങ്ങൾ മുതലായവ സംരക്ഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ, ബി.എസ്.എൻ.എൽ., വോഡഫോൺ അധികൃതർ എന്നിവർക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് മഞ്ജുഷ ഹർജി നൽകിയത്.
കളക്ടറേറ്റ്, മുനീശ്വരൻകോവിൽ, റെയിൽവേ സ്റ്റേഷൻ പരിസരം, പ്ലാറ്റ്‌ഫോം, പള്ളിക്കുന്ന് എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ, കേസിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കളക്ടർ അരുൺ കെ.വിജയൻ, പെട്രോൾ പമ്പിന് അപേക്ഷ നൽകിയ ടി.വി. പ്രശാന്തൻ എന്നിവരുടെ ഒക്ടോബർ ഒന്നുമുതൽ 15 വരെയുള്ള മൊബൈൽഫോൺ വിളികളുടെ വിശദാംശങ്ങൾ, ഫോണിന്റെ ടവർ ലൊക്കേഷൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ സംരക്ഷിക്കാൻ നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.അതേസമയം, പ്രതിചേർക്കപ്പെട്ടിട്ടില്ലാത്ത കളക്ടറുടെയും പ്രശാന്തന്റേയും വിവരങ്ങൾ ശേഖരിക്കുന്നത് സ്വകാര്യതയെ ബാധിക്കില്ലേയെന്ന് കോടതി സംശയം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രശാന്തനും കളക്ടർക്കും നോട്ടീസയച്ചത്.
ഇരുവരുടെയും മറുപടി കേട്ടശേഷമേ ഹർജിയിൽ തീരുമാനമുണ്ടാവുകയുള്ളൂ. ഈ മാസം പത്തിന് ഹർജി വീണ്ടും കോടതി പരിഗണിക്കും. ആവശ്യമായ തെളിവുകൾ സംരക്ഷിച്ചിട്ടുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ഫോൺ നമ്പറുകൾ അവ്യക്തവും അപൂർണവുമാണെന്ന് ആരോപിച്ച് പ്രോസിക്യൂഷന്റെ റിപ്പോർട്ട് കുടുംബം തള്ളിയിരുന്നു.സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
പ്രശാന്തിന് പെട്രോൾ പമ്പ്:
ന്യായീകരിച്ച്ബി .പി.സി.എൽ
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച വിവാദ പെട്രോൾ പമ്പ് ടി.വി. പ്രശാന്തിന് അനുവദിച്ചത് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണെന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻ.
കണ്ണൂർ സ്വദേശി ശ്രീജയൻ നൽകിയ വിവരാവകാശ അപേക്ഷയിലാണ് ഈ മറുപടി.
സർക്കാറിൽ ജോലിയുള്ള ആളാണെങ്കിൽ പമ്പ് അനുവദിക്കാൻ സാധിക്കില്ലെന്നാണ് ചട്ടം.
പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനായ പ്രശാന്തിനെ ബിസിനസ് ആരംഭിച്ചതിന്റെ പേരിൽ സർവീസ് ചട്ടലംഘനം ചൂണ്ടിക്കാട്ടി സർക്കാർ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
ചെങ്ങളായി പഞ്ചായത്തിലെ നിടുവാലൂർ ചേരംകുന്നിലെ ഔട്ട്ലെറ്റ് അനുവദിച്ചത് പ്രശാന്തൻ ടി.വിക്കാണ് ബി.പി.സി.എല്ലിന്റെ എല്ലാ രേഖകളിലും എൻ.ഒ.സി രേഖകളിലും പ്രശാന്തൻ ടി.വി.എന്ന പേരാണുള്ളത്.
വിവരാവകാശ മറുപടിയിൽ ടി.വി.പ്രശാന്തൻ എന്നാണ് ഭാരത് പെട്രോളിയം ടെറിട്ടറി മാനേജർ സൂചിപ്പിച്ചത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ രേഖകളിൽ പ്രശാന്ത് ടി.വി എന്നാണ്.