പരിയാരം: കടന്നപ്പള്ളി തുമ്പോട്ട സ്‌പോർട്സ് ക്ലബ്ബ് ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പി.കെ.ഡി നമ്പ്യാർ സ്മാരക പ്രൊഫഷണൽ നാടകോത്സവം അഞ്ചു മുതൽ എട്ടുവരെ തീയതികളിൽ തുമ്പോട്ട ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. നാടകോത്സവം വ്യാഴാഴ്ച വൈകുന്നേരം ഏഴിന് എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് അപ്പ നാടകം അരങ്ങേറും. ആറിന് വൈകീട്ട് ഏഴിന് പ്രതിഭാ സംഗമം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ പുരസ്‌കാരം നേടിയവരെയും അനുമോദിക്കും. തുടർന്ന് ഓട്ടക്കാലണ നാടകം. ശനിയാഴ്ച നാടക സ്മൃതിസദസ് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ മുഖ്യാതിഥിയാവും. തുടർന്ന് യാനം നാടകം അരങ്ങേറും. ഞായറാഴ്ച സമാപനസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഭദ്രായനം നാടകം അരങ്ങിലെത്തും. നാടകോത്സവത്തിന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികൾ നടന്നതായി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ദിവസം നാടകോത്സവത്തിന്റെ വരവറിയിച്ച് കിഴക്കേക്കര സ്‌കൂൾ പരിസരത്ത് നിന്ന് തുമ്പോട്ടയിലേക്ക് സാംസ്‌കാരിക ഘോഷയാത്ര നടന്നു. വാർത്താസമ്മേളനത്തിൽ കെ.പി.ജയചന്ദ്രൻ, പി.പി.സുനിൽകുമാർ, കെ.ബിജു, കെ.സി.അനിൽകുമാർ, എം.വി.രാജേഷ്, എൻ.വി.മഹേഷ്, കെ.രാജേഷ് എന്നിവർ പങ്കെടുത്തു.