chandanam

വമ്പൻ സ്രാവു'കൾക്കായി വലവിരിച്ച് വനംവകുപ്പ്

കാസർകോട്: ചന്ദന തൈലത്തിനായി തടികൾ കിട്ടാത്ത സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പറമ്പുകളിൽ നിന്ന് ചന്ദന മരങ്ങൾ അപ്പാടെ കടത്തുന്ന റാക്കറ്റുകൾ സജീവം. കേരളത്തിൽ ഫാക്ടറികൾ പ്രവർത്തിക്കാത്ത സാഹചര്യം മുതലെടുത്ത് ആന്ധ്ര,​ബീഹാർ സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടപ്പെട്ട ഫാക്ടറികളെ ലക്ഷ്യമിട്ടാണ് ചെറിയ വില കൊടുത്തും വില്പനയ്ക്ക് തയ്യാറാകാത്ത അവസ്ഥയിൽ മോഷ്ടിച്ചും പറമ്പുകളിൽ നിന്ന് മാഫിയ ചന്ദനമരങ്ങൾ കടത്തുന്നത്.

വൻ റാക്കറ്റുകൾക്ക് കീഴിൽ നിരവധി ഏജൻസികളും ബിനാമികളുമാണ് ചന്ദന മുട്ടികൾ കടത്തുന്നത്. മുമ്പത്തേക്കാൾ വലിയ വില നൽകിയാണ് ഇപ്പോൾ ചന്ദന മുട്ടികൾ വാങ്ങിക്കുന്നത്. അതിനിടെ കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ വീടുകൾ കേന്ദ്രീകരിച്ച് സ്വകാര്യ വ്യക്തികൾ ചന്ദന മരം നട്ടുവളർത്തി ചന്ദനലോബികളുടെ ഏജന്റുമാർക്ക് വില്പന നടത്തുന്നതായി റിപ്പോർട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവരെ സംബന്ധിച്ച് രഹസ്യമായി വിവരം ശേഖരിച്ചു വരികയാണ്. അമ്പലത്തുകര വില്ലേജിൽ മുണ്ടോട്ട് പാടിത്തടത്തെ പി. രാമചന്ദ്രന്റെ (50) വീടിന്റെ പരിസരത്ത് നിന്ന് അഞ്ച് കിലോയോളം ചന്ദനം കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.

കണ്ടുവെക്കും ,​വില പേശും

ഏജന്റുമാർ രഹസ്യമായി ചന്ദനമരങ്ങൾ ഉള്ള വീടുകൾ കേന്ദ്രീകരിച്ച് ഇറങ്ങുകയാണ് ചെയ്യുന്നത്. മരങ്ങൾ കണ്ടുവച്ച് വില ഉറപ്പിച്ച ശേഷം വാഹനങ്ങളുമായി എത്തി രഹസ്യമായി മുറിച്ചെടുത്ത് ചെത്തി ചെറിയ മുട്ടികളാക്കി കടത്തുന്നതാണ് ഒരു രീതി .ഇങ്ങനെ ശേഖരിക്കുന്ന ചന്ദന മുട്ടികൾ ഒരു സ്ഥലത്ത് രഹസ്യമായി സൂക്ഷിച്ച് ഒന്നിച്ച് കടത്തും.ഇന്നലെ കാസർകോട് ഫ്‌ളൈയിംഗ് സ്‌കോഡ് കണ്ടെത്തിയ ചന്ദനം ഇത്തരത്തിൽ രഹസ്യകേന്ദ്രത്തിൽ സൂക്ഷിച്ച നിലയിലായിരുന്നു. പിടിയിലായവർ കാലങ്ങളായി ചന്ദനം കടത്തുന്ന ബിനാമികളാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

സ്വകാര്യമായി ചന്ദനമരം വളർത്തുന്നത് മുമ്പില്ലാത്ത വിധം വർദ്ധിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ചന്ദന ഫാക്ടറികളുടെ ആളുകൾക്ക് രഹസ്യമായി വിൽക്കുന്ന പ്രവണതയുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. വനംവകുപ്പ് ഇവരെ നിരീക്ഷിച്ചുവരികയാണ്.

-കെ രാഹുൽ ( കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ)


ചന്ദനം വളർത്താം

ചന്ദനം വീട്ടിൽ വളർത്തുന്നതിനു നിയമ തടസ്സമില്ല.മരം നടാമെങ്കിലും മുറിക്കാൻ സർക്കാരിന്റെ അനുമതി വേണം. സ്വകാര്യവ്യക്തികളുടെ പുരയിടത്തിൽ ചന്ദനമരങ്ങൾ ഉണ്ടെങ്കിൽ ഉടമയ്ക്ക് സർക്കാർ പണം നൽകും. ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിയിലാണ് മരമെങ്കിൽ ഉടമയ്ക്ക് മരത്തിന്റെ വില ലഭിക്കില്ല. സർക്കാർ ഭൂമി അല്ല എന്നും ബാദ്ധ്യതയില്ല എന്നും തഹസിൽദാർ സാക്ഷ്യപത്രം നൽകിയാൽ പണം ലഭിക്കും.

മരത്തിന്റെ മൊത്ത വിലയുടെ 95 ശതമാനം വരെ ഉടമസ്ഥന് ലഭിക്കും. സാധാരണ ഒരു മരത്തിൽനിന്ന് 5–10 ലക്ഷം രൂപ വരെ ലഭിക്കും. വനംവകുപ്പിന്റെ അനുമതിയില്ലാതെ ചന്ദന മരം മുറിച്ചു കടത്തിയാൽ 5 വർഷം വരെ തടവുശിക്ഷ ലഭിക്കും