a

വിദ്യാർത്ഥികളിലെയും യുവാക്കളിലേയും ലഹരി ഉപയോഗം വർദ്ധിക്കുന്നുണ്ടെന്ന വാർത്ത അനുദിനം കേൾക്കുന്നതാണ്. ബോധവത്ക്കരണവും നടപടികളും അത്രകണ്ട് ഫലപ്രദമാകുന്നില്ലെന്നാണ് കണക്കുകൾ പരിശോധിക്കുന്നതിലൂടെ വ്യക്തമാകുന്നത്. കഞ്ചാവിന്റെയും അതിമാരക ന്യൂജൻ ലഹരിയുടെയും ഹബ്ബായി ജില്ല തുടരുകയാണ്. ഈ വർഷം ജനുവരി ഒന്നു മുതൽ നവംബർ വരെ എക്‌സൈസ് 485 മയക്കുമരുന്ന് കേസുകളും 1263 അബ്കാരി കേസുകളാണ് രജിസ്റ്റർ ചെയ്തത്. സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗത്തിലും വർദ്ധനവുണ്ട്. 827.384 ഗ്രാം മെത്താംഫിറ്റമിനാണ് ഈ വർഷം പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞവർഷം ഇത് 503.024 ഗ്രാമായിരുന്നു. മയക്കുമരുന്നുകളുമായി 486 പേർ ഈ വർഷം അറസ്റ്റിലായി. കഴിഞ്ഞ വർഷം 543 പേരാണ് പിടിയിലായത്. അബ്കാരി കേസുകളിൽ 945 പേരാണ് ഈ വർഷം അറസ്റ്റിലായത്. 60 വണ്ടികളും 6,600 ലിറ്റർ സ്പിരിറ്റുമാണ് ഈ വർഷം പിടികൂടിയത്. പാൻ ഉത്പ്പന്നങ്ങൾ പിടികൂടിയതിൽ 4426 കേസുകളിലായി ഈ വർഷം എക്‌സൈസ് പിഴയീടാക്കിയത് 8.85 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഒരു ലക്ഷത്തോളം രൂപ അധികമാണ്. തൊണ്ടിമുതലായി 1.12 ലക്ഷവും 30 മൊബൈൽ ഫോണും പിടികൂടി. കണ്ണൂർ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ മേൽനോട്ടത്തിൽ ജില്ലയിലാകെ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത്. ഡാൻസാഫ് ഉൾപ്പെടുന്ന പൊലീസ് സംഘം പിടികൂടിയ കണക്കിന് പുറമെയാണിത്.


പിടികൂടിയ കേസുകൾ

ബ്രാക്കറ്റിൽ കഴിഞ്ഞ വർഷത്തെ കണക്ക്)

ചാരായം 236 ലി. (276 ലി. )
വിദേശമദ്യം 3500 ലി. (3706),
വാഷ് 20377 ലി. (26372)
കഞ്ചാവ് 93.34 കിലോ (87.968)
കഞ്ചാവ് ചെടി 3 (22)
എം.ഡി.എം.എ 13.488 ഗ്രാം (324.412)
മെത്താം ഫിറ്റമിൻ 827.384 ഗ്രാം (503.024)
ഹഷീഷ് ഓയിൽ 23.97 ഗ്രാം (5.105)
ബ്രൗൺഷുഗർ 8. 864 ഗ്രാം (13.697)
പുകയില 166 കിലോ (460)


ദമ്പതികളെന്ന വ്യാജേന
താമസിച്ചും തട്ടിപ്പ്

ജില്ലയിലെ പ്രധാന മയക്കുമരുന്ന് കടത്തു സംഘത്തിൽപ്പെട്ട രണ്ടു പേർ കഴിഞ്ഞമാസം പിടിയിലായിരുന്നു. പയ്യാമ്പലത്ത് ഫ്ളാറ്റിൽ ദമ്പതികളെന്ന വ്യാജേന താമസിച്ചുവരുന്നതിനിടെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും കോഴിക്കോട്ടും ഉൾപ്പെടെ മയക്കുമരുന്ന് വിൽപന നടത്തിവരുകയായിരുന്നു. ഇരുവരും അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നെങ്കിലും മൊബൈൽ ഫോൺ ഓഫാക്കിയായിരുന്നു യാത്ര. ബംഗളൂരുവിൽനിന്ന് എം.ഡി.എം.എയുമായി വരുന്ന വഴി മൊബൈൽ ഫോൺ ഓണാക്കിയതോടെയാണ് വലയിലായത്.

കഞ്ചാവുമായി പിടിയിലാകുന്നതിൽ ഭൂരിഭാഗവും ഒന്നിലേറെ കേസിൽ പ്രതികളായവരാണ്. കഞ്ചാവുകടത്ത് സ്ഥിരംതൊഴിലാക്കിയവർ ശിക്ഷിക്കപ്പെട്ടാലും വീണ്ടും കടത്തിനിറങ്ങുന്നത് വെല്ലുവിളിയാണെന്ന് എക്‌സൈസ് പൊലീസ് അധികൃതർ പറയുന്നു.

കണ്ണൂർ സെൻട്രൽ ജയിലിലടക്കം തടവുകാർക്കിടയിലും കഞ്ചാവ് അവശ്യവസ്തുവായി! നേരത്തെ ബീഡിയും സിഗരറ്റുമായിരുന്നു ഒളിഞ്ഞും തെളിഞ്ഞും കടത്തിയിരുന്നതെങ്കിൽ നിലവിൽ മയക്കുമരുന്നും കഞ്ചാവുമായി. പച്ചക്കറികൾക്കൊപ്പവും മറ്റുമായി കടത്തുന്ന കഞ്ചാവ് ജയിൽ ഉദ്യോഗസ്ഥർ പിടികൂടുന്നത് പതിവാണ്. കഞ്ചാവ്കടത്ത് ഒറ്റിക്കൊടുത്തുവെന്നാരോപിച്ച് തടവുകാരനെ സഹതടവുകാരൻ മർദ്ദിച്ച സംഭവവുമുണ്ടായി.


അതിർത്തി കടന്നെത്തുന്നു

യു.പി, ആന്ധ്രപ്രദേശ്, മംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ട്രെയിൻ മാർഗം കഞ്ചാവ് കൊണ്ടുവന്നു വിൽപ്പനക്കാർ സൂക്ഷിക്കുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കഴിഞ്ഞ ദിവസം ആറരക്കിലോ കഞ്ചാവ് പിടികൂടിയിരുന്നു. മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ആളില്ലാതെ കിടന്ന ഒരു ചാക്കിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. 30,000 രൂപ വിലവരും. ചെറിയ പൊതികളാക്കിയാണ് വിൽപ്പന.

രാസലഹരി എം.ഡി.എം.എയുടെ വിൽപ്പനയും ജില്ലയിലെ ലഹരിവിതരണ സംഘങ്ങൾക്കിടയിൽ സജീവമാണ്. തളിപ്പറമ്പ് കുറുമാത്തൂരിൽ ആഡംബര വാഹനത്തിൽ എം.ഡി.എം.എ കടത്തുന്നതിനിടെ രണ്ടു യുവാക്കളെ കഴിഞ്ഞ ദിവസം തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അഞ്ച് മൊബൈൽ ഫോണുകൾ, പ്രതികൾ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. കണ്ണൂർ റൂറൽ പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡാൻസഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

കൂട്ടുപുഴ സംസ്ഥാനാതിർത്തിയിൽ എക്‌സൈസും പൊലീസും ചെറിയ വാഹനങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ടെങ്കിലും കടത്തുന്നതിന്റെ മൂന്നിലൊന്ന് പോലും കണ്ടെത്താൻ കഴിയുന്നില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. മൈസൂരു, ബംഗളൂരു ഭാഗങ്ങളിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ്, എം.ഡി.എം.എ. ഉൾപ്പെടെയുള്ളവ ഊടുവഴികളിലൂടെയും മറ്റും മലയോരത്തിന്റെ പ്രധാന ടൗണുകളിലും എത്തിക്കുന്നുണ്ട്.

കോർപ്പറേഷൻ ഹെൽത്ത് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കണ്ണൂരിലെ കടകളിലും ബങ്കുകളിലും നടത്തിയ പരിശോധനയിൽ വൻതോതിലാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. നഗരത്തിലെ കടകളിൽ മയക്കുമരുന്ന് ഉൾപ്പെടെയുള്ള നിരോധിത ലഹരി വസ്തുക്കൾ വിൽക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് ഹെൽത്ത് സൂപ്പർവൈസർ ബൈജുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കോർപറേഷന്റെ അഞ്ചു ഡിവിഷനുകളിൽ നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള താത്ക്കാലിക പെട്ടിക്കടകളിൽ നിന്നാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.


പ്രധാനി പിടിയിൽ

ജില്ലയിലെ മയക്കുമരുന്ന് വിൽപ്പന സംഘത്തിലെ പ്രധാനിയെ മണിക്കൂറുകൾ നീണ്ട സാഹസിക നീക്കത്തിലൂടെ ദിവസങ്ങൾക്ക് മുൻപ് പൊലീസ് പിടികൂടിയത്. ശ്രീകണ്ഠപുരം അടുക്കത്തെ ചാപ്പയിൽ വരമ്പ് മുറിയൻ ഷബീറിനെയാണ് (42) തളിപ്പറമ്പ് ഡിവൈ.എസ്.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ അറസ്റ്റ് ചെയ്തത്. എം.ഡി.എം.എ നിറയ്ക്കാൻ ഉപയോഗിക്കുന്ന 3500 പാക്കറ്റുകളും ലഹരിമരുന്ന് കത്തിച്ച് ഉപയോഗിക്കുന്നതിനുള്ള ബർണറും പിടിച്ചെടുത്തു. പറശ്ശിനിക്കടവ് ലോഡ്ജിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഷബീർ. കുറച്ചുകാലം എറണാകുളം കേന്ദ്രീകരിച്ചായിരുന്നു ഇടപാട്.

25 കിലോ കഞ്ചാവ് കാറിൽ കടത്തുകയായിരുന്ന യുവാവ് പിടിയിലായതും കഴിഞ്ഞ ദിവസമാണ്. മാഫിയാ സംഘത്തിലെ പ്രധാനി പെരിങ്ങോം മാടക്കാംപൊയിൽ മേപ്രത്ത് വീട്ടിൽ സുഭാഷി (43) നെയാണ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.കെ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനക്കിടെ തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ സംഘം അറസ്റ്റുചെയ്തത്. കാറിന്റെ പ്ലാറ്റ്‌ഫോമിലെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവു കെട്ടുകൾ. മലയോര മേഖലകളിലുൾപ്പെടെ ചില്ലറ വിതരണക്കാർക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്ന സംഘത്തിലെ കണ്ണിയായ ഇയാൾ മാസങ്ങളായി നിരീക്ഷണത്തിലായിരുന്നു. പുതുവർഷത്തിന് മുന്നോടിയായി ലഹരിക്കടത്ത് തടയാൻ എക്‌സൈസ് പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.