kudumbasree
കുടുംബശ്രീ

കണ്ണൂർ: ഓരോ കുടുംബത്തിനും സാമ്പത്തിക അടിത്തറ ഒരുക്കുന്നതടക്കമുള്ള പദ്ധതിയുമായി കുടുംബശ്രീ ജില്ലാ മിഷൻ. എല്ലാ കുടുംബങ്ങളിലും ഒരു സംരംഭം എന്ന പദ്ധതിയാണ് കുടുംബശ്രീ ഇതിനായി ഒരുക്കിയിരിക്കുന്നത്. പച്ചക്കറി കൃഷി, പലഹാര നിർമ്മാണം, കന്നുകാലി വളർത്തൽ, തയ്യൽ യൂണിറ്റ്, ബാഗ് നിർമാണം തുടങ്ങി ഏത് തരം സംരംഭം ആരംഭിക്കാനുള്ള പിന്തുണ നൽകുന്നതാണ് ഈ പദ്ധതി.
ഓരോ പ്രദേശത്തിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതിയും മറ്റ് സാഹചര്യങ്ങളും മനസിലാക്കി അതിനനുസരിച്ചുള്ള സംരംഭങ്ങളാണ് തുടങ്ങുന്നത്. കുടുംബശ്രിക്ക് പുറമേ എംപ്ലോയ്‌മെന്റ് പദ്ധതി, കേന്ദ്രഫണ്ടുകൾ, പിന്നാക്ക വിഭാഗ കോർപറേഷനുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവ വഴിയും സാമ്പത്തികസഹായം ലഭിക്കും. വ്യത്യസ്ത തരത്തിലുള്ള നിരവധി സംരംഭങ്ങളാണ് പദ്ധതിയുടെ ലക്ഷ്യം.കുടുംബശ്രിയിൽ അംഗമായവർക്കും ഓക്സിലറി ഗ്രൂപ്പിലെ അംഗങ്ങൾക്കും ഇതുവഴി സംരംഭങ്ങൾ തുടക്കാം. ഇതിനുള്ള സാമ്പത്തിക പിന്തുണയും മറ്റ് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ കുടുംബശ്രീ ജില്ലാമിഷൻ സഹായിക്കും.

ജില്ലയിൽ

4 ലക്ഷം കുടുംബങ്ങൾ

21,000 അയൽകൂട്ടങ്ങൾ

ലക്ഷ്യം വലുത്

വൈവിധ്യങ്ങളായ സംരംഭങ്ങൾ

കുടുംബങ്ങൾക്ക് സാമ്പത്തിക അടിത്തറ

എല്ലാവർക്കും തൊഴിൽ


മത്സ്യഫെഡുമായി കൈകോർക്കും

ഇതിന് പുറമേ മായം കലരാത്ത ഏറ്റവും നല്ല മത്സ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, കൂടുതൽ സ്ത്രീകൾക്ക് തൊഴിൽ നൽകുക എന്നീ ലക്ഷ്യത്തോടെ മത്സ്യഫെഡുമായി കൈകോർത്ത് മത്സ്യവിപണന രംഗത്തേക്കും ഇതിനകം കുടുംബശ്രീ കടന്നിട്ടുണ്ട്.എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്, ശരണ്യ, കൈവല്യ, കേസ്രൂ, നവജീവൻ എന്നീ പദ്ധതികളിൽ നിന്നും ഇതിനുള്ള സഹായം ലഭിക്കും. കുടുംബശ്രി ഹോം ഷോപ്പ് ഓണർമാറായി മുച്ചക്ര സ്‌കൂട്ടർ ഉള്ള ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന ലഭിക്കും.ഇതിനായി അപേക്ഷ സ്വീകരിച്ചു തുടങ്ങി.

സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് കുടുംബശ്രീ നൽകുന്നത്. വൈവിദ്ധ്യങ്ങളായ ധാരാളം സംരംഭങ്ങൾ ഇതുവഴി രൂപപ്പെടും. എല്ലാ സഹായങ്ങളും കുടുംബശ്രി ജില്ലാ മിഷൻ ചെയ്തു നൽകും.

എം.വി. ജയൻ,​കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ