
കണ്ണൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയതിന് കാരണമായ കൈക്കൂലി ആരോപണത്തിൽ അന്വേഷണം പൂർത്തിയാക്കി വിജിലൻസ് സ്‌പെഷ്യൽ സെൽ. അന്തിമ റിപ്പോർട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിനു കൈമാറും. കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ സെല്ലാണ് ആരോപണത്തിൽ അന്വേഷണം നടത്തിയത്
.പെട്രോൾ പമ്പിന് അനുമതി നൽകുന്നതിനായി കൈക്കൂലി നൽകിയെന്നായിരുന്നു പ്രശാന്തന്റെ ആരോപണം. ഇത് പരിശോധിക്കാനായിരുന്നു വിജിലൻസ് സ്‌പെഷ്യൽ സെല്ലിന് സർക്കാർ നിർദേശം നൽകിയത്. ശ്രീകണ്ഠാപുരത്തെ മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ടി.എ.ഖാദറും കണ്ണൂർ മുൻ മേയറായ കോൺഗ്രസ് നേതാവ് ടി.ഒ.മോഹനനും ഇതുസംബന്ധിച്ച് വിജിലൻസിനു പരാതി നൽകിയിരുന്നു. പെട്രോൾ പമ്പിന് എൻ.ഒ.സി ലഭിക്കുന്നതിന് എ.ഡി.എം നവീൻ ബാബുവിനു കൈക്കൂലി നൽകാൻ നിർബന്ധിതനായിയെന്നാണ് വിജിലൻസിനു പ്രശാന്തൻ മൊഴി നൽകിയത്. കൈക്കൂലി ഇടപാടിന്റെ കാരണക്കാരൻ നവീനാണെന്നു വരുത്തിത്തീർക്കലാണ് ഈ മൊഴിക്ക് പിന്നിലെന്നാണ് സൂചന. കൈക്കൂലി വാഗ്ദാനംചെയ്ത് നവീനെ താൻ സമീപിച്ചതല്ലെന്നും മറ്റു വഴിയില്ലാത്തതിനാൽ നൽകേണ്ടിവന്നതാണെന്നും അത് തന്റെ പേരിലുള്ള കുറ്റമായി കണക്കാക്കരുതെന്നും സൂചിപ്പിച്ച് അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിൽ നിന്നൊഴിവാകാനുള്ള നീക്കമാണ് പ്രശാന്തൻ നടത്തിയത്. വിജിലൻസ് കോഴിക്കോട് സ്‌പെഷൽ സെൽ എസ്.പി.അബ്ദുൽ റസാഖിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്..