
നീലേശ്വരം: ഏഴാം വയസിൽ പോളിയോ ബാധിച്ച് ശുഷ്കിച്ച മകന്റെ ഇരുകാലുകളും വലതുകൈയും കണ്ട് മധുവിന്റെ മാതാപിതാക്കൾ സങ്കടപ്പെട്ടതിന് കണക്കില്ല. തനിക്ക് മേൽ വന്നു വീണ ദുരന്തത്തിൽ സങ്കടപ്പെട്ട് ഇല്ലായ്മയിൽ മുങ്ങിയ വീട്ടിൽ ഒതുങ്ങിക്കൂടാൻ തയ്യാറാകാതെ പത്താമത്തെ വയസിൽ ഇടതുകൈയിൽ ബ്രഷ് ചേർത്തുപിടിച്ചു. പിന്നീടങ്ങോട്ട് ഇടതുകൈയുടെ ബലത്തിൽ ഇഴഞ്ഞ് എത്തി ഓരോയിടത്തും ചിത്രങ്ങൾ വരക്കുകയായിരുന്നു. നീലേശ്വരം കൊയാമ്പുറത്തെ പരേതരായ കറുത്തകുഞ്ഞി-നാരായണി ദമ്പതികളുടെ മകനായ ഈ അൻപത്തിമൂന്നുകാരൻ ഇന്നും മനോഹരമായ ചുമർചിത്രങ്ങളുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുകയാണ്.
കണ്ണൂർ കാസർകോട് ജില്ലകളിലെ നിരവധി ക്ഷേത്രങ്ങളിലെ ഗോപുരങ്ങളിൽ നിറഞ്ഞ നിറങ്ങൾ മധുവിനെ ആളുകൾക്കിടയിൽ പ്രശസ്തി നൽകി.വിഗ്രഹങ്ങൾക്ക് നിറം നൽകുന്നതിൽ പ്രത്യേകം പ്രാവീണ്യം തന്നെ ഇദ്ദേഹത്തിനുണ്ട്. ശിൽപ്പങ്ങൾ നിർമ്മിക്കാൻ മധുവിനെ തേടി വീട്ടിലെത്തുന്നവരുടെ എണ്ണം കൂടി. കേരള ലളിതകലാ അക്കാഡമി വർഷങ്ങൾക്ക് മുമ്പ് ഫെലോഷിപ്പും നൽകിയിരുന്നു ഭിന്നശേഷികാരിയായ കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ ബിന്ദുവാണ് മധുവിന്റെ ജീവിതപങ്കാളി. ഏക മകൻ ആരുഷും ചിത്രങ്ങളുടെയും ശില്പങ്ങളുടെയും ലോകത്ത് തുടക്കിമിട്ടുകഴിഞ്ഞു.
കണ്ടാൽ കൈയടിക്കും
നീലേശ്വരം രാഗവീണ സംഗീത വിദ്യാലയത്തിലെ അഞ്ചര അടി ഉയരമുള്ള നിലവിളക്കും ചെറുവത്തൂർ ഓരി ക്ഷേത്രത്തിൽ വിഷ്ണുമൂർത്തിയുടെ രൗദ്രശിൽപ്പം, തൈക്കടപ്പുറം പാലിച്ചോൻ ദേവസ്ഥാനത്തെ ഗണപതി, സരസ്വതി, മന്നൻപുറത്ത് കാവിലെ ഹിരണ്യവധം, കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിലെ വിഷ്ണുമൂർത്തി, തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര ചുമരിലെ മൂവാളംകുഴി ചാമുണ്ഡി തുടങ്ങിയ ചിത്രങ്ങളും കണ്ടാൽ മധുവെന്ന കലാകാരന്റെ ഔന്നിത്യം ആർക്കും ബോദ്ധ്യപ്പെടും.
മുച്ചക്രവണ്ടി പോകാൻ ഒതുങ്ങിനിൽക്കും
കാഞ്ഞങ്ങാട്ടെ പ്രശസ്ത ചിത്രകാരൻ ശ്യാമ ശശിയാണ് മധുവെന്ന കലാകാരനെ മുന്നോട്ടുനയിച്ചത്. ചലനമറ്റ രണ്ട് കാലുകളും ഇടതുകൈയും അരയിൽ തിരുകി വലതു കൈ നിലത്തുകുത്തിയായിരുന്നു ആദ്യകാലത്ത് ചുമരുകളിൽ ചിത്രം വരക്കാൻ പോയിരുന്നത്. ഇപ്പോൾ മുചക്ര വാഹനത്തിലാണ് സഞ്ചാരം. മധുവിന്റെ വണ്ടി കാണുമ്പോൾ തിരിച്ചറിഞ്ഞ് തങ്ങളുടെ വണ്ടി ഒതുക്കിക്കൊടുക്കുന്നവരാണ് നാട്ടുകാരിൽ അധികവും. ശാരീരിക പരിമിതിയിലും ഏത് ഉയരമുള്ള കെട്ടിടത്തിലും കയറാൻ പ്രത്യേകകഴിവ് തന്നെയുണ്ട് ഈ കലാകാരന്. വായിൽ ബ്രഷ് കടിച്ചുപിടിച്ച് കഴുത്തിൽ നിറങ്ങളുടെ പാത്രം കെട്ടി എത്ര ഉയരത്തിലും കയറി മധു ചിത്രം വരക്കും.