പയ്യന്നൂർ: മൂന്ന് ദശാബ്ദക്കാലം പയ്യന്നൂരിലെ രാഷ്ട്രീയ - സാംസ്കാരിക - സാമൂഹിക - അദ്ധ്യാപക മേഖലകളിൽ പ്രതിഭ കൊണ്ടും നിലപാടുകളിലെ കാർക്കശ്യം കൊണ്ടും തല ഉയർത്തി നിന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു ഇന്നലെ തൃശൂരിൽ നിര്യാതനായ പ്രൊഫ: എം.ആർ.ചന്ദ്രശേഖരൻ. തൃശൂർ പോട്ടോർ സ്വദേശിയായ അദ്ദേഹം 1965 മുതൽ 24 വർഷം പയ്യന്നൂർ കോളേജിൽ അദ്ധ്യാപകനായിരുന്നു. മികച്ച അദ്ധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, നിരൂപകൻ, മാദ്ധ്യമ പ്രവർത്തകൻ തുടങ്ങിയ നിലകളിൽ ശോഭിച്ച അദ്ദേഹം എം.ആർ.സി. എന്ന ചുരുക്ക പേരിലാണ് അറിയപ്പെട്ടിരുന്നത്.
വിദ്യാർത്ഥികളെ പുറം വായനക്ക് പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത അദ്ദേഹമാണ് കോളേജിൽ ആദ്യമായി ''വിദ്യാർത്ഥി സാഹിത്യ സമിതി" രൂപീകരിച്ച് വിദ്യാർത്ഥികളിൽ സാഹിത്യാഭിരുചിയുടെ വിത്ത് പാകിയത്.
കേരള സർവകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ എം.എ. നേടിയ ശേഷം, അദ്ധ്യാപകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി മാഷിന്റെ പത്രാധിപത്യത്തിലുള്ള നവ ജീവനിൽ പത്ര പ്രവർത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കൊടകര നാഷണൽ ഹൈസ്കൂളിലായിരുന്നു അദ്ധ്യാപക ജീവിതം തുടങ്ങിയത്. പിന്നീട് കുറച്ചു കാലം ബേക്കൽ ഗവ. ഹൈസ്കൂളിൽ മലയാളം അദ്ധ്യാപകനായും ജോലി ചെയ്തു. 1956 ൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി. 1965 ൽ പയ്യന്നൂർ കോളേജ് തുടങ്ങുമ്പോൾ പ്രഗൽഭരായ അദ്ധ്യാപകർ വേണമെന്ന മാനേജ്മെന്റിന്റെ തീരുമാനപ്രകാരം പ്രൊഫസർമാരായ പി.കെ.സുരേന്ദ്രനാഥ്, ജോൺ സി ജേക്കബ്, രാമൻ നമ്പൂതിരി, ജഗനാഥപൈ, കാനാ കുഞ്ഞികൃഷ്ണൻ തുടങ്ങിയവർക്കൊപ്പമാണ് എം.ആർ.ചന്ദ്രശേഖരനും പയ്യന്നൂർ കോളേജിൽ എത്തിയത്. കോളേജ് മലയാളം വിഭാഗത്തിന്റെ ആദ്യ തലവനായിരുന്നു. കുറ്റിപ്പുഴ കൃഷ്ണപ്പിള്ള പ്രസിഡന്റായി രൂപീകരിച്ച കേരള സാഹിത്യ സമിതിയുടെ സെക്രട്ടറിയായി വയലാർ രാമവർമ്മയോടൊപ്പം എം.ആർ.സി.യെയും തിരഞ്ഞെടുത്തു. ഇ.എം.എസിനും പി.ഗോവിന്ദപ്പിള്ളക്കുമൊപ്പം ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. ആൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷന്റെ
(എ.കെ.പി.സി.ടി.എ) സ്ഥാപകാംഗവും പിന്നീട് സംസ്ഥാന സെക്രട്ടറിയായും പ്രസിഡന്റായും നിരവധി അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകി. കോഴിക്കോട് സർവകലാശാല സെനറ്റ്, സിണ്ടിക്കേറ്റ്, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല, അക്കാഡമിക് കൗൺസിൽ അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അംഗം, പയ്യന്നൂരിൽ നിന്നും പ്രസിദ്ധീകരിച്ച സാഹിത്യ സമിതി മാസികയുടെ പത്രാധിപർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ, വിജ്ഞാന കൈരളി എഡിറ്റർ, സി.എം.പി. മുഖപത്രമായ മലയാള മണ്ണിന്റെ പത്രാധിപരായും പ്രവർത്തിച്ചു. കോഴിക്കോട് സിറ്റി സർവ്വീസ് ബാങ്കിന്റെ ഡയറക്ടറായി സഹകരണ രംഗത്തും സജീവമായിരുന്നു.
"ബലികുടീരങ്ങൾക്കൊരു ഓർമ്മ പുസ്തകം, മഹാകവി സപ്തകം, മലയാളത്തിലെ നോവൽ അന്നും ഇന്നും, കേരളത്തിലെ പുരോഗമന സാഹിത്യ ചരിത്രം, മാറ്റി വച്ച തലകൾ" തുടങ്ങി അമ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമി, ഡോ.സി.പി.മേനോൻ, എം.എൻ.സത്യാർത്ഥി തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു. 1989 ൽ പയ്യന്നൂർ കോളേജിൽ നിന്നും വിരമിച്ച ശേഷം ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലും മലയാളം സർവകലാശാലയിലും സേവനമനുഷ്ടിച്ചു.