bus-

സ്വകാര്യ ബസ് കമ്പനി സർവീസ് തുടങ്ങുന്നത് മഞ്ചേശ്വരം എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്ന്

കാസർകോട്: മികച്ച റോഡും സൗകര്യവുമുണ്ടായിട്ടും മലയോര ഹൈവേ വഴി സർവീസ് നടത്താൻ കേരള -കർണാടക ട്രാൻസ്പോർട്ട് ബസുകൾ തയ്യാറാകാത്ത സാഹചര്യത്തിൽ യാത്രാക്ളേശത്തിന് പരിഹാരവുമായി സ്വകാര്യബസ് കമ്പനി. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫിന്റെ അഭ്യർത്ഥനയെ തുടർന്നാണ് സ്വകാര്യ ബസ് കമ്പനിയായ മഹാലക്ഷ്മി ട്രാവൽസ് ഉടമ പെർളയിലെ വിട്ടൽ ഷെട്ടി തന്റെ രണ്ട് ബസുകൾ മഞ്ചേശ്വരം നിയോജകമണ്ഡലത്തിന്റെ മലയോരമേഖലയെ ബന്ധിപ്പിച്ച് സർവീസ് നടത്താൻ തയ്യാറായത്.

ഇരുസംസ്ഥാനങ്ങളിലെയും ട്രാൻസ്പോർട്ട് കോർപറേഷനുകളോട് പലതവണ ആവശ്യപ്പെട്ടിട്ടും മുഖംതിരിച്ചതോടെയാണ് എ.കെ.എം അഷ്‌റഫ് ഇദ്ദേഹത്തെ സമീപിച്ചത്.കാസർകോട് നിന്നും കുമ്പളയിൽ നിന്നും സീതാംഗോളി-അംഗടിമുഗർ-പെർമൂദ-ചേവാർ-പൈവളികെ-മിയ്യപ്പദവ്-മൊർത്തന-മജീർപ്പള്ള-നന്ദാരപ്പദവ്‌-കർണാടക മുടിപ്പു വരെ വിവിധ സമയങ്ങളിലായി 11 ട്രിപ്പുകളിലായി രണ്ടു ബസുകൾ സർവീസ് നടത്തും.
രണ്ട് ബസുകൾ സർവീസ് തുടങ്ങുന്നതോടെ മഞ്ചേശ്വരത്തിന്റെ മലയോര മേഖലയിലെ പുത്തിഗെ,എന്മകജെ,പൈവളികെ,മീഞ്ച,വോർക്കാടി ഗ്രാമ പഞ്ചായത്തിലെ സാധാരണക്കാരുടെ യാത്രാക്ളേശത്തിന് വലിയ രീതിയിൽ പരിഹാരമാകും. ദേശീയ പാതവഴി പ്രധാന ടൗണുകളിൽ എത്തിപ്പെടാൻ കിലോമീറ്ററുകളോളം കറങ്ങേണ്ട ദുരിതമാണ് ഇതോടെ അവസാനിക്കുന്നത്. അഞ്ചിലേറെ മെഡിക്കൽ കോളേജുകളുള്ള ദേർളകട്ടയിലേക്കുള്ള യാത്രയും ഇതോടെ എളുപ്പമാകും.

ഗ്രാമീണബസിനും ശ്രമിച്ചു

എം.എൽ.എ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് ഗ്രാമീണ ബസ് അനുവദിക്കാൻ ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതിക്കായി എ.കെ.എം അഷ്‌റഫ് എം.എൽ.എ അപേക്ഷ നൽകിയിരുന്നു.എന്നാൽ ഈ ആവശ്യവും നിരസിക്കപ്പെട്ടു. തുടർന്നാണ് സ്വകാര്യ ബസ് ഉടമകളോട് ആവശ്യം ഉന്നയിച്ചത്,തുടർന്ന് മഹാലക്ഷ്മി ബസ് കമ്പനിയുടെ രണ്ട് ബസുകൾക്ക് മലയോര ഹൈവേ വഴി സർവ്വീസ് നടത്താനുള്ള അനുമതി നൽകുവാൻ റിജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർക്ക് 2023 സെപ്തംബർ 15 ന് കത്ത് നൽകി. തുടർന്ന് ജില്ലാ വികസന സമിതിയിലും ഇക്കാര്യം ഉന്നയിച്ചു.

മലയോര ഹൈവേയിൽ സർവ്വീസ്‌ ആരംഭിക്കാൻ ഗതാഗതമന്ത്രിയോടും കെ.എസ്.ആർ.ടി സി യോടും പലവട്ടം കത്തിലൂടെയും നേരിട്ടും ആവശ്യമുന്നയിച്ചെങ്കിലും ആവശ്യമായ ബസില്ലെന്ന കാരണത്താൽ നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെ കർണാടക കെ.എസ്‌.ആർ.ടി.സിയോടും ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും ബസ് അനുവദിച്ചില്ല

നാടിന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച മഹാലക്ഷ്മി ട്രാവൽസ് ഉടമ പെർള സ്വദേശി വിട്ടൽ ഷെട്ടിയെ അഭിനനന്ദിക്കുന്നു-എ.കെ.എം അഷ്റഫ് എം.എൽ.എ

പ്രതീക്ഷ പകർന്ന് മലയോരഹൈവേ

മലയോര ഹൈവേ നിർമ്മാണം ഏറ്റവും മികച്ച നിലയിൽ പുരോഗമിക്കുന്ന ജില്ലയാണ് കാസർകോട്. ജില്ലയിൽ നന്ദാരപ്പടവ്‌-ചേവാർ റീച്ചും കോളിച്ചാൽ-എടപ്പറമ്പ് റീച്ചിൽ 21 കി.മീ പ്രവൃത്തിയും പൂർത്തിയായി. ഈ രണ്ട് റീച്ചുകളും പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോളിച്ചാൽ-എടപ്പറമ്പ് റീച്ചിൽ വനഭൂമിയിലൂടെയുള്ള ഭാഗത്താണ് ഇനി നിർമ്മാണം ആരംഭിക്കാനുള്ളത്. വനഭൂമിക്ക് പകരം കണ്ടെത്തിയ ഭൂമി കൈമാറികിട്ടുന്നതിനുള്ള സ്‌കെച്ച് തയ്യാറായി വരികയാണ്.