തലശ്ശേരി: ടി.സി മുക്കിലൂടെ കടന്നുപോകുന്ന ഓവർ ബ്രിഡ്ജിന്റെ സീലിംഗ് അടർന്നു വീഴുന്നത് പതിവായി. പാലത്തിന് മുകളിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോഴാണ് മേൽപ്പാലത്തിന് അരികിലുള്ള സീലിംഗ് താഴേക്ക് പതിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ പാലത്തിന് അടിയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മുകളിൽ വൻ ശബ്ദത്തോടെ സീലിംഗ് അടർന്നുവീണു.
നിരവധി വിദ്യാർത്ഥികളും റെയിൽവേ യാത്രക്കാരടക്കമുള്ള നൂറുക്കണക്കിന് ആൾക്കാരാണ് നിത്യേന ഇതുവഴി നടന്നുപോകുന്നത്. നിരവധി അതിഥി തൊഴിലാളികൾ അതി രാവിലെ ജോലിക്കായി വിവിധസ്ഥലങ്ങളിലേക്ക്
പോകാൻ എത്തുന്നതും ഇവിടെയാണ്.
അതോടൊപ്പം ചെറുതും വലുതുമായ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലമാണിത്. മാസങ്ങളായി സീലിംഗ് അടർന്നുവീഴാൻ തുടങ്ങിയിട്ട്. ഇ.കെ.നായനാർ മുഖ്യമന്ത്രിയായ സമയത്താണ് പാലം ഉദ്ഘാടനം ചെയ്തത്. അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.