പേരാവൂർ: നെടുംപൊയിൽ -മാനന്തവാടി പാതയിലെ പേര്യ ചുരം റോഡിന്റെ പുനർനിർമ്മാണം പൂർത്തിയാക്കി ഡിസംബർ പകുതിയോടെ തുറന്നുകൊടുക്കുമെന്ന് ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിലുള്ള റോഡിലെ മണ്ണ് ഉൾപ്പെടെ നീക്കി സംരക്ഷണ ഭിത്തി നിർമ്മിച്ചുള്ള നിർമ്മാണ പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. ചുരത്തിലെ പലയിടത്തും സോയിൽ പൈപ്പിംഗ് ഉണ്ടായതിനെ തുടർന്നാണ് പുനർനിർമ്മാണം വേണ്ടിവന്നത്. പേര്യ ചുരം റോഡ് അടച്ചതിനെ തുടർന്ന് നിലവിൽ കണ്ണൂർ ഭാഗത്തുനിന്നും വയനാട്ടിലേക്ക് കൊട്ടിയൂർ പാൽചുരം വഴിയാണ് വാഹനങ്ങൾ പോകുന്നത്.
ജില്ലയിലെ മഴയുടെ സ്ഥിതി അവലോകനം ചെയ്യാനായി എ.ഡി.എം സി.പദ്മചന്ദ്രക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് പൊതുമരാമത്ത് വകുപ്പ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ ദേശീയപാതയിലെ വെള്ളക്കെട്ട് നീക്കിയതായും മണ്ണിടിച്ചിൽ സാദ്ധ്യത നിരീക്ഷിക്കുന്നതായും കരാറുകാർ അറിയിച്ചു. നിലവിലെ ദേശീയപാതയിലെ വളപട്ടണം താഴെ ചൊവ്വ റോഡ് അറ്റകുറ്റ പണി മഴ തോർന്ന് നാല് ദിവസത്തിനകം നടത്തുമെന്ന് കരാറുകാരായ വിശ്വസമുദ്ര എ.ഡി.എമ്മിന് ഉറപ്പുനൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രത്നകുമാരി, എ.ഡി.എം സി.പത്മചന്ദ്രകുറുപ്പ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടർ കെ.വി.ശ്രുതി തുടങ്ങിയവർ പങ്കെടുത്തു.

വിനോദ സഞ്ചാരികളുടെ

സുരക്ഷിതത്വം പ്രധാനം
ജില്ലയിലെ ബീച്ചുകളിൽ വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ലൈഫ് ഗാർഡുകൾ ശ്രദ്ധ പുലർത്തണമെന്ന് ഡി.ടി.പി.സിക്ക് നിർദേശം നൽകി. പഴശ്ശി റിസർവോയറിൽ അധിക ജലം ഒഴുകി എത്തുന്നതിനാൽ ഡാമിന്റെ ഷട്ടറുകൾ അഞ്ച് സെന്റീമീറ്റർ തുറന്ന് അധിക ജലം ഒഴുക്കിവിടുന്നുണ്ടെന്ന് പഴശ്ശി ജലസേചന പ്രൊജ്ക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. അഞ്ച് താലൂക്കുകളിലും കൺട്രോൾ റൂമുകൾ സജീവമാണെന്ന് തഹസിൽദാർമാർ അറിയിച്ചു.