നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് 40 ദിവസം കഴിഞ്ഞിട്ടും ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത് 14 പേർ. ഇതിൽ അഞ്ചുപേർ ഐ.സി.യുവിൽ ആണ്. കെ.വി.പുഷ്പവല്ലി, അലൻ, സിനോയ്, സനോജ്, എം.ശ്രീഹരി, കെ.അനൂപ്, രാമചന്ദ്രൻ, കെ.വി.അതുൽ ബാബു, ലീന, ടി.കെ.പ്രസാദ്, അതുൽ പ്രസാദ്, രാജേന്ദ്രൻ, പി.നിതീഷ്, രവി എന്നിവരാണ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്.
കഴിഞ്ഞ ഒക്ടോബർ 28ന് അർദ്ധരാത്രിയിൽ ഉണ്ടായ അപകടത്തിൽ ആറു പേരാണ് മരണപ്പെട്ടത്. നീലേശ്വരത്തെ പി.സി.പത്മനാഭൻ (75) ,കരിന്തളം കൊല്ലമ്പാറയിലെ കെ.ബിജു (38), കിണാവൂർ സ്വദേശികളായ രജിത്ത് (28), രതീഷ്, സന്ദീപ് (38), ചെറുവത്തൂർ ഓർക്കളം സ്വദേശി ഷിബിൻ രാജ് എന്നിവരാണ് അപകടത്തിൽ പൊള്ളലേറ്റ് മരിച്ചത്. അപകടത്തിൽ 154 പേർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ധനസഹായമായി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാല് ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെ അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രം റിലീഫ് കമ്മിറ്റി 5 ലക്ഷം രൂപ വീതവും ധനസഹായമായി മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകി. എസ്.എൻ.ഡി.പി യോഗം നിർദ്ധനരായ 5 പേർക്ക് 1 ലക്ഷം രൂപ വീതം നൽകിയിരുന്നു. അതേസമയം അന്ന് പരിക്കുപറ്റിയവരെ ആശുപത്രിയിൽ എത്തിച്ച അമ്പതോളം ആംബുലൻസ് ഡ്രൈവർമാർക്ക് ഇതുവരെയും വാടക നൽകിയിട്ടില്ല. ആംബുലൻസുകളുടെ വാടക നൽകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ അപേക്ഷ നൽകിയ ആർക്കും തന്നെ ലഭിച്ചിട്ടില്ല.
കണ്ണൂർ, കാഞ്ഞങ്ങാട്, കോഴിക്കോട്, മംഗളൂരു തുടങ്ങിയ ആശുപത്രികളിലേക്കാണ് ആംബുലൻസിൽ രോഗികളെ കൊണ്ടുപോയത്. അപകടം നടന്നിട്ട് 40 ദിവസം തികയാറായിട്ടും രോഗികളെ രക്ഷിക്കാനെത്തിയ ആംബുലൻസ് ഡ്രൈവർമാരുടെ ചെലവ് നല്കാത്തതിൽ പ്രതിഷേധം ശക്തമായി.