തലശ്ശേരി: സംസ്ഥാന സർക്കാർ അംഗീകരിച്ച കായിക നയത്തിന്റെ ഭാഗമായി കായിക വകുപ്പ് നടപ്പാക്കുന്ന ഇ സ്‌പോർട്സ് കേന്ദ്രങ്ങളിൽ ആദ്യത്തേത് ഏപ്രിൽ ആദ്യവാരം തലശ്ശേരിയിൽ പ്രവർത്തനമാരംഭിക്കും. മണ്ഡലത്തിലെ കായികവകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളിലെ പുരോഗതി വിലയിരുത്തുന്നതിനായി കായിക വകുപ്പുമന്ത്രിയുമായി സ്പീക്കർ എ.എൻ.ഷംസീർ അദ്ദേഹത്തിന്റെ ചേംബറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയം കോംപ്ലക്സ് കെട്ടിടത്തിലെ അറ്റകുറ്റപ്പണികളും സിന്തറ്റിക്ക് ട്രാക്കിലെ വിള്ളൽ പരിഹരിക്കുന്നതിനുമുള്ള പ്രവൃത്തിയും ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കും. സ്‌പോർട്സ് കേരള ഫൗണ്ടഷന്റെ അഭിമുഖ്യത്തിലുള്ള ജിംനേഷ്യം നവീകരണം പുരോഗമിക്കുന്നു.
സ്റ്റേഡിയത്തിന്റെ ഡ്രെയിനേജ് വർക്കുകളുമായി ബന്ധപ്പെട്ട പ്രവൃത്തിക്ക് വർക്ക് ഓർഡർ നൽകിക്കഴിഞ്ഞു.
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയിൽ മണ്ഡലത്തിലെ കതിരൂർ, പന്ന്യന്നൂർ, ചൊക്ലി പഞ്ചായത്തുകളെ ഉൾപ്പെടുത്തി ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്ത് സ്വമ്മിംഗ് പൂൾ നിർമ്മിക്കുന്നതിനുള്ള ആവശ്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
തലശ്ശേരി സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം മുനിസിപ്പാലിറ്റിക്ക് കൈമാറുന്ന ചടങ്ങും ഇ സ്‌പോർട്സ് കേന്ദ്രം, ജിംനേഷ്യം, സ്‌പോർട്സ് കോംപ്ലസ് നവീകരണ പ്രവൃത്തികളുടെ പൂർത്തീകരണം എന്നിവയുടെ ഉദ്ഘാടനവും ഏപ്രിൽ ആദ്യവാരം നടത്താമെന്ന് യോഗത്തിൽ ധാരണയായി
ഹെൽത്തി തലശ്ശേരി പ്രഖ്യാപനമുയർത്തി മണ്ഡലത്തിൽ വിവിധ ക്യാമ്പയിനുകൾ നടന്നുവരികയാണെന്നും മുനിസിപ്പിൽ സ്റ്റേഡിയത്തിന്റെ വികസന പ്രവർത്തനങ്ങൾ അതിന് കരുത്തു പകരുന്നതാണെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.
ജനുവരി 5ന് നടക്കുന്ന തലശ്ശേരി ഹെറിറ്റേജ് റണ്ണിൽ പങ്കെടുക്കാനുള്ള സ്പീക്കറുടെ ക്ഷണം മന്ത്രി സ്വീകരിച്ചു.
സ്‌പോർട്സ് വകുപ്പ് ഡയറക്ടർ വിഷ്ണുരാജ്, കായിക വകുപ്പ് ജോയിന്റ് സെക്രട്ടറി ജയറാം, സ്‌പോർട്സ് കേരള ഫൗണ്ടേഷൻ സി.ഇ.ഒ. അജയൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ അഷ്രഫ്, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ്.കെ., കിറ്റ്‌കോ ടീം കോർഡിനേറ്റർ അരുൺ പ്രതാപ് യോഗത്തിൽ പങ്കെടുത്തു.