തളിപ്പറമ്പ്: ദി പയ്യന്നൂർ ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ തളിപ്പറമ്പ് ശാഖയിൽ ചികിത്സാ നിലവാരത്തിന് എൻ.എ.ബി.എച്ച് എൻട്രി ലെവൽ അംഗീകാരം ലഭിച്ചതായി ഭാരവാഹികൾ പറഞ്ഞു. എൻ.എ.ബി.എച്ച് അംഗീകാര സർട്ടിഫിക്കറ്റ് കൈമാറൽ ചടങ്ങ് എട്ടിന് വൈകുന്നേരം മന്ന സൂര്യ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പയ്യന്നൂർ എം.എൽ.എ ടി.ഐ മധുസൂദനൻ പയ്യന്നൂർ ഐ ഫൗണ്ടേഷൻ ചെയർമാൻ ഡോക്ടർ പി.എം.സുരേഷ് ബാബുവിന് അംഗീകാര സർട്ടിഫിക്കറ്റ് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യരംഗത്ത് ഉന്നത ഗുണനിലവാരം ഉറപ്പാക്കുവാൻ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ ഹോസ്പിറ്റലുകൾക്ക് നൽകുന്ന അംഗീകാരമാണ് എൻ.എ.ബി.എച്ച്. ഈ അംഗീകാരം കൊണ്ട് ഏറ്റവും കൂടുതൽ നേട്ടം ലഭിക്കുന്നത് രോഗികൾക്കാണ്. അവർക്ക് ലഭിക്കുന്ന ചികിത്സ ഉന്നത നിലവാരത്തിലുള്ളതായിരിക്കും. ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിലുള്ള രോഗികൾക്ക് പണരഹിത പെയ്മെന്റ് എന്ന ആശയവും എൻ.എ.ബി.എച്ച് അംഗീകാരമുള്ള ആശുപത്രികൾക്ക് ഉറപ്പാക്കാൻ സാധിക്കും. വാർത്താസമ്മേളനത്തിൽ സി.ഇ.ഒ എ.മുകേഷ്, പി.ആർ.ഒ വി.അജയകുമാർ എന്നിവർ പങ്കെടുത്തു.