വെള്ളരിക്കുണ്ട് :ഹോസ്ദുർഗ്ഗ് താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ വെള്ളരിക്കുണ്ട് മേഖലാ സമ്മേളനം 8 ന് പ്ലാച്ചിക്കര എൻ.എസ്.എസ്. എ.യു.പി സ്കൂളിൽ നടക്കും. വെള്ളരിക്കുണ്ട് താലൂക്ക് നിലവിൽ വന്നതിന് ശേഷം ആദ്യമായി മലയോരത്ത് നടക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് 8 ന് രാവിലെ 9 മണിക്ക് പതാക ഉയർത്തും. തുടർന്ന് ആചാര്യ സ്മരണ നടക്കും. ബാലൻ മാസ്റ്റർ പരപ്പ സമ്മേളനസന്ദേശം നൽകും. ആയിരത്തോളം ആളുകൾ പങ്കെടുക്കുന്ന സമ്മേളനം ഡയരക്ടർ ബോർഡ് അംഗം അഡ്വ. എ. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ. പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിക്കും. ബളാൽ എൻ.എസ്.എസ്. കരയോഗം വനിതാ സമാജം അവതരിപ്പിക്കുന്ന തിരുവാതിരകളിയും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീകുമാർ കോടോത്ത്, കൺവീനർ ബാലൻ പരപ്പ, സി. രവീന്ദ്രൻ, യൂണിയൻ സെക്രട്ടറി ജയപ്രകാശ്, ഭരണസമിതി അംഗം ടി.ആർ. രാജൻ നായർ, ടി.പി. രാഘവൻ എന്നിവർ പങ്കെടുത്തു.