tracter
പട്ടുവം കച്ചേരിക്കടുത്ത വയലിൽ ട്രാക്ടർ മഴവെള്ളത്തിൽ ചെളിയിലാണ്ട് കിടക്കുന്നു

പട്ടുവം: അപ്രതീക്ഷിതമായി എത്തിയ മഴയിൽ പട്ടുവത്തെ നെൽ കർഷകരുടെ ഉഴുന്നുമോഹങ്ങൾ അപ്പാടെ കരിഞ്ഞുണങ്ങി. കഴിഞ്ഞദിവസങ്ങളിൽ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ ഭാഗമായി ഉണ്ടായ ന്യൂനമർദ്ദം മൂലം പെയ്ത കനത്ത മഴയാണ് കർഷകരുടെ പ്രതീക്ഷകൾ തകർത്തെറിഞ്ഞത്.
കന്നി കൊയ്ത്തു കഴിഞ്ഞ പട്ടുവം പാടങ്ങളിലെ ശക്തമായ രണ്ടാം വിള പയറുവർഗ്ഗങ്ങളാണ്. ചെറുപയർ കൃഷി കേമമായി വിളയിച്ച കാലമുണ്ടായിരുന്നു ഈ പാടങ്ങൾക്ക്. അതിപ്പോൾ കൃഷി ചെയ്യുന്നവർ ഇല്ല. പെട്ടെന്നു വിളയുന്ന ചെറുപയർ ശേഖരിക്കാൻ വൈകിയാൽ പൊട്ടി വയലിൽ തന്നെ പയർമണികൾ വീണു നഷ്ടപ്പെടുന്നതാണ് കർഷകരെ ഈ രംഗത്തുനിന്ന് അകറ്രിയത്. പട്ടുവത്തു വിളയിക്കാറുള്ള ചെറുപയർ ഔഷധ പയറുകളാണ് മഞ്ഞ കലർന്ന പച്ചനിറമാണിതിന്. പലരും ചെറുപയറിന്നു പകരം വൻപയർ കൃഷി ചെയ്തു നോക്കിയെങ്കിലും വിളഞ്ഞ കായകൾ പറിച്ചെടുക്കൽ സമയബന്ധിതമായി നടന്നില്ലെങ്കിൽ അതും പൊട്ടി വയലിൽ തന്നെ വീഴും. പിന്നീട് ശേഖരിക്കാനാവില്ല.

ഇതിൽ നിന്ന് രക്ഷതേടിയാണ് അധികമാളുകളും ഉഴുന്നിലേക്ക് കടക്കുന്നത്. കൊയ്തു തീർന്നവയലുകളിൽ മണ്ണിന്റെ ഈർപ്പം ആറുന്നതിനു മുൻപായി ഉഴുന്നു വിത്തുകൾ വയലിലാകണം. എന്നാൽ ഇത്തവണ നല്ല വിലയുള്ള ഉഴുന്ന വിത്ത് വിതച്ചതൊക്കെ നശിച്ചുപോയതായി കർഷകർ പറയുന്നു. മഴ കനത്തു വയൽ വെള്ളത്തിൽ മുങ്ങിയതോടെയാണ് കൃഷി മുടങ്ങിയത്. ഇനി വെള്ളമിറങ്ങിയാലും ഉഴുന്നുകൃഷി നടക്കുമെന്ന പ്രതീക്ഷ കർഷകർക്കില്ല. ഒരു വർഷം ഉഴുന്നുകൃഷി ഇറക്കി നശിച്ചുപോയാൽ പിന്നീട് വിത്തിറക്കിയാലും നന്നാവില്ലെന്നുള്ളതാണ് തങ്ങളുടെ അനുഭവമെന്ന് കർഷകർ പറയുന്നു.

ചെളിയിലാണ്ട് ട്രാക്ടറുകൾ

കണ്ണൂർ ജില്ലയിൽ കൂടുതൽ ഉഴുന്നു കൃഷിയിറക്കുന്ന പ്രദേശമാണ് പട്ടുവം. വിളവെടുപ്പ് തുടങ്ങിയാൽ പയ്യന്നൂർ വഴിയാണ് പട്ടുവത്തെ ഉഴുന്ന് തൃശൂരിലേക്കു കയറ്റി പോകുന്നത്. പാടം ഉഴുതുമറിക്കാൻ എത്തിയ ട്രാക്ടറുകൾ പോലും വയലുകളിൽ ചെളിയിൽ ആണ്ടുകിടപ്പാണ്. ഇതൊക്കെ എപ്പോഴാണ് കരപറ്റുക എന്നു പറയാൻ കഴിയാതായി. മംഗലശ്ശേരി, മുതുകുട കിഴക്കും പടിഞ്ഞാറും പാടശേഖരങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. പട്ടുവത്തെ വലിയ പാടങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളാണിവ. അതിലേറെ വരും പട്ടുവം നടുവയലും തെക്കേവയലും. ഇവിടങ്ങളിൽ ജനുവരി പിറന്നാൽ പോലും മഴവെള്ളം ഒഴിയുന്ന സ്ഥിതിയല്ലെന്ന് കർഷകർ പറയുന്നു.