കണ്ണൂർ: ദേശീയ അന്തർദേശീയ കമ്പനികളിൽ എളുപ്പത്തിൽ ജോലി സാദ്ധ്യമാക്കുകയെന്ന ലക്ഷ്യത്തിൽ കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ഗ്ലോബൽ ജോബ് ഫെയർ 11നും 12 നും മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ദേശീയ അന്തർ ദേശീയ കമ്പനികളോടൊപ്പം അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസികളും മേളയിൽ പങ്കെടുക്കുമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേളയിൽ സംസ്ഥാനത്തെ എവിടെ നിന്നുള്ളവർക്കും പങ്കെടുക്കാം. ഫിനാൻസ്, അഡ്മിനിസ്‌ട്രേഷൻ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, എജ്യൂക്കേഷൻ, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, റീടെയിൽ, ഫുഡ് പ്രൊസസിംഗ്, മാനുഫാക്ചറിംഗ്, കൺസ്ട്രക്ഷൻ, ഓട്ടോമൊബൈൽസ്, ടെക്സ്റ്റൈൽസ്, മീഡിയ, ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ക്രിയേറ്റീവ് ജോലികൾ തുടങ്ങി നിരവധി മേഖലയിൽ ജോലികൾ സാദ്ധ്യമാകും. ജോബ് ഫെയറിന്റെ ഭാഗമായി തൊഴിലധിഷ്ഠിത എക്സ്‌പോ, എജ്യുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റിവൽ, ആഗോള തൊഴിൽ വിപണിയെ പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ, പ്രസന്റേഷനുകൾ, കോർപ്പറേറ്റ് മേഖലയിലെ പ്രമുഖരുമായി മുഖാമുഖം, വിദേശങ്ങളിൽ തൊഴിലിനൊപ്പം ഉപരിപഠനവും ആഗ്രഹിക്കുന്നവർക്കുള്ള മാർഗനിർദ്ദേശങ്ങൾ എന്നിവയും ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾക്ക് www.kannurglobaljobfair.com എന്ന വെസ്‌ബൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. ഇതുവരെ 3000ത്തിലധികം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തതായി മേയർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ പി.ഇന്ദിര, ടി.ഒ.മോഹനൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ഷമീമ, വി.കെ.ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ കെ.പി.അബ്ദുൽ റസാഖ്, വി.കെ.ഷൈജു എന്നിവരും പങ്കെടുത്തു.