nh-
കാസർകോട് പുതിയ ബസ് സ്റ്റാൻഡിനു സമീപം വഴി തടയാൻ എടുത്ത കുഴികൾ

കാസർകോട്: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായുള്ള ഓവർ ബ്രിഡ്ജ് പണിക്കിടെ സർവീസ് റോഡിന് വേണ്ടി പുതിയ ബസ് സ്റ്റാൻഡിന് സമീപം മൂന്ന് മീറ്റർ കുഴിച്ചത് വ്യാപാര സ്ഥാപനങ്ങൾക്ക് ഭീഷണിയായി. റോഡ് കുഴിച്ചത് കാൽനട യാത്രയ്ക്കും പ്രയാസം ഉണ്ടാക്കുന്നു. ഐവ സിൽക്‌സ് കെട്ടിടം, ഐ.ഡി.ബി.ഐ ബാങ്കും താജ് ഹോട്ടലും ഓഫീസുകളും പ്രവർത്തിക്കുന്ന ചേരൂർ കോംപ്ലക്‌സ്, സ്മാർട്ട് ബസാറും നിരവധി സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കെട്ടിടം, വ്യാപാര സ്ഥാപനങ്ങളുള്ള ഫാത്തിമ ആർകേഡ് എന്നീ കെട്ടിട സമുച്ചയ ങ്ങളാണ് റോഡ് കുഴിച്ചതോടെ തുരുത്തിലായത്.

പ്രസ് ക്‌ളബിലേക്കും സർവീസ് സഹകരണ ബാങ്കിലേക്കുമുള്ള വഴികളും തടസപ്പെട്ടു. ഈ കെട്ടിടങ്ങളിലേക്കൊന്നും കയറാൻ തന്നെ വഴിയില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. സർവീസ് റോഡ് പ്രവൃത്തി പൂർത്തിയായാൽ ഫാത്തിമ ആർകേഡിന്റെയും സ്മാർട്ട് ബസാർ കെട്ടിട സമുച്ചയത്തിന്റെയും താഴത്തെ നില തുറന്നു കൊടുത്താൽ ആളുകൾക്ക് പ്രവേശിക്കുന്നതിന് പ്രയാസം ഉണ്ടാവില്ലെങ്കിലും മറ്റ് സ്ഥാപനങ്ങളിലേക്ക് ദേശീയപാതയിൽ നിന്ന് കടക്കാൻ വഴിയില്ലാത്ത സ്ഥിതിയാണ് ഉണ്ടാവുക.

ചേരൂർ കോംപ്ലക്‌സിന്റെ കാര്യം ത്രിശങ്കുവിലാണ്. സർവീസ് റോഡ് പ്രവൃത്തി പൂർത്തിയായാലും ഇവിടേക്ക് ആളുകൾക്ക് ദേശീയപാതയിൽ നിന്ന് ഏണിവച്ച് കയറിപ്പോകേണ്ട അവസ്ഥയായിരിക്കും. ഇവിടെ കെട്ടിടത്തിന്റെ മുന്നിലെ ഒരു ഭാഗം തന്നെ പൊളിച്ചുമാറ്റി സംവിധാനം ഒരുക്കേണ്ടി വരും. വാഹനങ്ങളിൽ വന്നാൽ ടൗണിൽ നിർത്തിയിടാൻ പോലും സൗകര്യമില്ലാത്തതാണ് പ്രശ്നം. പ്രസ് ക്ലബിന് സമീപത്തെ വീടുകളിൽ താമസിക്കുന്നവരും വാഹന യാത്രാ സൗകര്യമില്ലാത്തതിനാൽ ഏറെ പ്രയാസപ്പെടുന്നു. വാർദ്ധക്യസഹജമായ അസുഖമുള്ളവർ വരെ ഇവിടെയുണ്ട്. പെട്ടെന്ന് ആശുപത്രിക്ക് പോകേണ്ട ആവശ്യം വന്നാൽ പോലും എങ്ങനെ കൊണ്ടു പോകുമെന്ന് ആശങ്കപ്പെടുകയാണിവർ.

അൻസാർ മസ്ജിദിലേക്ക് പ്രവേശിക്കുന്നതിന് നിലവിൽ റോഡ് ഉണ്ടെങ്കിലും വലിയ കയറ്റത്തിലേക്ക് പോവേണ്ടി വരുമെന്നതാണ് അവസ്ഥ. ഐവ സിൽക്‌സുള്ള കെട്ടിടത്തിലേക്കും കൂടുതൽ സൗകര്യം വേണെമെന്നുണ്ടെങ്കിൽ കെട്ടിട ഉടമ അതിനായുള്ള പ്രവൃ ത്തികൾ ചെയ്യേണ്ടി വരും. സർവീസ് റോഡിന്റെ ഭാഗമായി ഓവുചാൽ നിർമിക്കേണ്ടി വരുമെന്നത് കൊണ്ട് ഇനിയും കുഴി ഉണ്ടാകുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്.

വെള്ളക്കെട്ടിനും വഴിവയ്ക്കും

മൂന്ന് മീറ്ററോളം കുഴിയെടുത്തതിനാൽ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെള്ളക്കെട്ട് നിലനിൽക്കുമോയെന്ന ആശങ്കയും നിലനിൽ ക്കുന്നുണ്ട്. റോഡ് പണി പൂർത്തിയായാൽ മാത്രമേ ഇത് എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാവുകയുള്ളൂ. ഒരാഴ്ച മുമ്പാണ് ഇവിടെ സർവീസ് റോഡിന്റെ പ്രവൃത്തികൾ ആരംഭിച്ചത്. ശക്തമായ മഴയിൽ രണ്ട് ദിവസമായി പണികൾ ഏതാണ്ട് നിലച്ചിരുന്നു. അതേസമയം 10 ദിവസം കൊണ്ട് പണി തീർക്കുമെന്ന് ഊരാളുങ്കൽ അധികൃതർ പ്രതികരിച്ചു. കയറ്റം കഠിനമാകുമെങ്കിലും എത്രയും വേഗം റോഡ് സൗകര്യം ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.