കണ്ണൂർ: ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കണ്ണൂർ പുഷ്‌പോത്സവം ജനുവരി 16ന് കണ്ണൂരിൽ ആരംഭിക്കും. 27 വരെ പൊലീസ് മൈതാനിയിൽ നടക്കുന്ന പുഷ്‌പോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യ രക്ഷാധികാരിയായും ജില്ലയിലെ എം.പിമാർ, കോർപ്പറേഷൻ മേയർ, കെ.വി സുമേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ രക്ഷാധികാരികളായും വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കളക്ടർ അരുൺ കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.സി വത്സല, യു.കെ.ബി നമ്പ്യാർ, വി.പി കിരൺ, പി.കെ പ്രേമരാജൻ, തുടങ്ങിയവർ പ്രസംഗിച്ചു. ചെയർമാനായി ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, ജനറൽ കൺവീനറായി പി.വി. രത്നാകരൻ, ട്രഷററായി കെ.എം. ബാലചന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.