കണ്ണൂർ: നഗരപാത വികസന പദ്ധതിയുടെ ഒന്നാം ഘട്ടം ഒരു മാസത്തിനകം ടെൻഡറാവുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി സുമേഷ് എം.എൽ.എ എന്നിവർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുനീശ്വരൻ കോവിൽ ജംഗ്ഷനിൽ തുടങ്ങി ഓഫീസേഴ്സ് ക്ലബ് ജംഗ്ഷൻ -പൊലീസ് ക്ലബ് ജംഗ്ഷൻ -ആശീർവാദ് ജംഗ്ഷൻ- പ്ലാസ ജംഗ്ഷൻ വഴി മുനീശ്വരൻ കോവിൽ ജംഗ്ഷനിൽ അവസാനിക്കുന്ന ഇന്നർ റിംഗ് റോഡ് (3.1 കിലോ മീറ്റർ), ഓഫീസേഴ്സ് ക്ലബ് ജംഗ്ഷനിൽ തുടങ്ങി എസ്.പി.സി.എ ജംഗ്ഷൻ -മഹാത്മാ ജംഗ്ഷൻ -കാൾടെക്സ് സർക്കിൾ വഴി പൊലീസ് ക്ലബ് ജംഗ്ഷനിൽ അവസാനിക്കുന്ന പട്ടാളം റോഡ്, താലൂക്ക് ഓഫീസ് റോഡ് സിവിൽ സ്‌റ്റേഷൻ റോഡ് (0.99 കിലോ മീറ്റർ), എസ്.പി.സി.എ ജംഗ്ഷനിൽ തുടങ്ങി എ.കെ.ജി ആശുപത്രി ജംഗ്ഷനിൽ അവസാനിക്കുന്ന ജയിൽ റോഡ് (0.96 കിലോ മീറ്റർ) എന്നീ മൂന്ന് റോഡുകളാണ് ഒന്നാം ഘട്ടത്തിലുള്ളത്. ഈ ഘട്ടത്തിൽ സ്ഥലമെടുപ്പ് ആവശ്യമില്ല. ആകെ ദൂരം 5.05 കിലോ മീറ്റർ. ഇതിനായി 16 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ റോഡുകളുടെ സൗന്ദര്യവത്കരണമാണ് പ്രധാനമായും നടപ്പാക്കുക. റെയിൽവേ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കും.

രണ്ടാംഘട്ടം നാല് റോഡുകൾ

11 റോഡുകൾ ഉൾപ്പെടുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിലും മൂന്നാം ഘട്ടത്തിലുമായി എട്ട് റോഡുകളാണുള്ളത്. നാല് റോഡുകൾ ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തിന്റെ സ്ഥലമെടുപ്പ് 2025 ജൂൺ മാസം പൂർത്തിയാക്കും. മന്ന ജംഗ്ഷൻ -താഴെ ചൊവ്വ 9.325 കി.മീ, പൊടിക്കുണ്ട്‌ കൊറ്റാളി 1.44 കി.മീ, തയ്യിൽ തെഴുക്കിലെ പീടിക (റെയിൽവേ ഫ്‌ളൈ ഓവർ അടക്കം) 1.65 കി.മീ എന്നിവയാണ് രണ്ടാം ഘട്ടത്തിലെ റോഡുകൾ.

മൂന്നാംഘട്ടം 21 കിലോ മീറ്രർ

ചാലാട് -കുഞ്ഞിപ്പള്ളി റോഡ്, പുതിയതെരു -കണ്ണോത്തുംചാൽ റോഡ് (മിനി ബൈപാസ്), കക്കാട് -മുണ്ടയാട് റോഡ്, പ്ലാസ ജംഗ്ഷൻ -ജെ.ടി.എസ് റോഡ് എന്നിവയാണ് മൂന്നാം ഘട്ടത്തിലെ റോഡുകൾ. ആകെ 21 കി.മീ. കണ്ണൂർ മുനിസിപ്പൽ കോർപറേഷനും ചിറക്കൽ പഞ്ചായത്തും ഉൾപ്പെടുന്നതാണ് പദ്ധതി പ്രദേശം. അവലോകന യോഗം മന്ത്രിയുടെയും എം.എൽ.എയുടെയും സാന്നിദ്ധ്യത്തിൽ കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്നു.