കണ്ണൂർ: താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിലുള്ള അദാലത്തുകൾക്ക് കണ്ണൂർ ജില്ലയിൽ ഡിസംബർ ഒമ്പതിന് തുടക്കമാവുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ച് താലൂക്കുകളിലും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ്, പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു എന്നിവർ അദാലത്തിന് നേതൃത്വം നൽകും.
കണ്ണൂർ താലൂക്ക് അദാലത്ത് ഒമ്പത് രാവിലെ 10 മുതൽ കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. തലശ്ശേരി താലൂക്ക് അദാലത്ത് 10ന് രാവിലെ 10 മുതൽ തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാളിലാണ്. തളിപ്പറമ്പ് താലൂക്ക് അദാലത്ത് 12ന് രാവിലെ 10 മുതൽ തളിപ്പറമ്പ് മിനി സിവിൽ സ്‌റ്റേഷൻ വളപ്പിലും പയ്യന്നൂർ താലൂക്ക് അദാലത്ത് 13ന് രാവിലെ 10 മുതൽ പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിലും നടക്കും. ഇരിട്ടി താലൂക്ക് അദാലത്ത് 16ന് രാവിലെ 10 മുതൽ ഇരിട്ടി തന്തോട് സെന്റ് ജോസഫ് ചർച്ച് ഹാളിലാണ്.