black-majic

കേരളത്തിൽ തെക്കുവടക്ക് ഭേദമില്ലാതെ ആഭിചാരകർമ്മങ്ങൾക്കും ദുർമന്ത്രവാദത്തിനും ഇടം ലഭിച്ചിരിക്കുന്നുവെന്ന യാഥാർത്ഥ്യം ഒരിക്കൽ കൂടി വിളിച്ചുപറയുന്നതായി കാസർകോട് പൂച്ചക്കാട് സ്വദേശിയായ പ്രവാസിവ്യവസായി എം.സി അബ്ദുൾഗഫൂർ ഹാജിയുടെ കൊല. സ്വർണം ഇരട്ടിപ്പിക്കാമെന്ന് വിശ്വസിച്ച് അറുന്നൂറ് പവനോളം തട്ടിയ ശേഷം തന്ത്രപൂർവം കൊലപ്പെടുത്തിയ മന്ത്രവാദിനിയും സംഘവും ഇരുപത് മാസത്തിന് ശേഷമെങ്കിലും പിടിയിലായെന്നത് ആശ്വാസം പകരുന്ന വാർത്തയാണ്.അപ്പോഴും ആഭിചാരത്തിനും ഒടിവിദ്യയ്ക്കും ദുർമന്ത്രവാദത്തിനുമുള്ള മാർക്കറ്റ് ഒട്ടും കുറയുന്നില്ല. ഇത് കാസർകോട്ടെ അനുഭവം മാത്രമല്ല.സാമ്പത്തിക അഭിവൃദ്ധിക്കായി രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്

കേരളത്തിൽ ഏറ്റവുമധികം സാക്ഷരരുള്ള പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ്. സമൂഹത്തെ കാർന്നുതിന്നുന്ന ദുർമന്ത്രവാദ,ആഭിചാര തട്ടിപ്പിനെക്കുറിച്ച് ഉദിനൂർ സുകുമാരൻ തയ്യാറാക്കിയ പരമ്പര ഇന്നുമുതൽ

വടക്കൻ കേരളത്തിൽ പുറംലോകമറിഞ്ഞ ആദ്യത്തെ ദുർമന്ത്രവാദ കൊല കർണാടകയോട് ചേർന്നുകിടക്കുന്ന ദേവലോകം ഗ്രാമത്തിലായിരുന്നു.നിധി കണ്ടുപിടിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് കർഷകനായ ശ്രീകൃഷ്ണഭട്ടിനെയും ഭാര്യ ശ്രീമതിഭട്ട് എന്നിവരെ കൊലപ്പെടുത്തി 25 പവനും പണവും കവർന്ന കേസിൽ പ്രതി ചേർക്കപ്പെട്ട് 19 വർഷത്തെ ഒളിവ് ജീവിതത്തിനൊടുവിൽ പിടിക്കപ്പെട്ട ഇമാം ഹുസൈൻ എന്ന മന്ത്രവാദിയെ വിചാരണകോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.

സമ്പത്തിനോടുള്ള ആളുകളുടെ ആർത്തിയും അറിവില്ലായ്മയുംചൂഷണം ചെയ്ത് പണം തട്ടുന്ന ആത്മീയ ചൂഷകരുടെ എണ്ണം വടക്കൻ കേരളത്തിൽ ചില്ലറയൊന്നുമല്ല.അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും വീണ്ടും പൊടിതട്ടിയെടുക്കുന്ന നാട്ടിൽ കൂടോത്രത്തിനും ആഭിചാര ക്രിയകൾക്കും ആത്മീയ ചൂഷണത്തിനും വലിയ മാർക്കറ്റാണുള്ളത്.ഇസ്ളാമികമായ ജിന്നിനെ ആവാഹിക്കാൻ കഴിയുമെന്ന് വിശ്വസിപ്പിച്ചാണ് ഷമീമയെന്ന ഹണിട്രാപ്പ് കേസിലെ പ്രതി ആളുകളെ വരുതിയിലാക്കിയതും പ്രവാസി വ്യവസായിയുടെ ജീവൻ നഷ്ടപ്പെടുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയതും.

ഹണിട്രാപ്പ് പിടിക്കപ്പെട്ടു; ജിന്നുമ്മയായി
പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുൾഗഫൂർ ഹാജിയെ(55) കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി മാങ്ങാട് കൂളിക്കുന്നിലെ കെ.എച്ച്.ഷമീന എന്ന ജിന്നുമ്മ(34) സമ്പന്നരെ കുടുക്കാൻ ആദ്യം കണ്ടെത്തിയ മാർഗമല്ല ദുർമന്ത്രവാദം. ഹണിട്രാപ്പിലൂടെ പണക്കാരെ കുടുക്കി പണം തട്ടിയായിരുന്നു തുടക്കം. പൊലീസ് സൂപ്രണ്ടായിരുന്ന ടി.പി.രഞ്ജിത്ത് കാസർകോട് ഡിവൈ. എസ്. പി ആയിരിക്കെ പത്തുവർഷം മുമ്പ് സംഘത്തെ നിയമത്തിന് മുന്നിലെത്തിച്ചിരുന്നു. രണ്ടു സംഭവങ്ങളിൽ പരാതിക്കാർ പിന്മാറായത് രക്ഷയായെങ്കിലും തീരദേശത്തെ രെു പ്രവാസിയെ ഹണിട്രാപ്പിൽപെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ പ്രതി ചേർക്കപ്പെട്ടു. 2013 ലാണ് കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയെ കാസർകോട് ചൗക്കിയിലെ കെട്ടിടത്തിൽ എത്തിച്ച് വസ്ത്രം അഴിപ്പിച്ച് നഗ്ന ഫോട്ടോ എടുത്ത് ഹണി ട്രാപ്പിൽ കുടുക്കിയത്. ഫോട്ടോ പുറത്ത് വിടാതിരിക്കാൻ ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഫോൺ നമ്പർ കൈക്കലാക്കി ചാറ്റിംഗ് ചെയ്തും വിളിച്ചുമാണ് വ്യവസായിയെ ജിന്നുമ്മ വലയിൽ വീഴ്ത്തിയത്. ഈ കേസിൽ അറസ്റ്റിലായി ജയിലിൽ കിടന്നിട്ടുണ്ട്.

പിന്നിടും മറ്റ് യുവതികളെയും സംഘത്തിൽ ചേർത്ത് ഷമീന കണ്ണൂർ, കാസർകോട് ജില്ലകളിലായി നിരവധി പേരെ ഇതെ തരത്തിൽ കുടുക്കി പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം. മാനം പോകുമെന്നതിന്റെ പേരിൽ ഭൂരിഭാഗം പേരും പരാതിയുമായി മുന്നോട്ടുപോയില്ല.

കൂടുതൽ സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെ കുറച്ചു വർഷം മുമ്പാണ് ഷമീന ആത്മീയ രംഗത്തേക്ക് ചുവടുവച്ചത്. ജിന്നുമ്മയായി പ്രഖ്യാപിക്കപ്പെട്ട യുവതി സഹായികളിലൂടെയാണ് അത്ഭുതസിദ്ധി പുറംലോകത്തെ അറിയിച്ചത്. സാമ്പത്തികമായി നല്ല നിലയിലുള്ളവരെ കണ്ടെത്തി വിവരം കൈമാറുകയായിരുന്നു സംഘത്തിന്റെ സമ്പത്ത് ഇരട്ടിപ്പിക്കാൻ ജിന്നുമ്മ വിചാരിച്ചാൽ പറ്റുമെന്ന് വിശ്വാസം പലരിലൂടെയും കേട്ടറിഞ്ഞവർ കെണിയിലേക്ക് ആകർഷിക്കപ്പെടുകയായിരുന്നു. ആവശ്യപ്പെടുന്ന പണമായിരുന്നു പ്രതിഫലം. തട്ടിപ്പ് മനസിലാക്കിയവരെ ഹണിട്രാപ്പിൽപ്പെടുത്തി പണവും സ്വർണ്ണവും കൈക്കലാക്കി സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.