നീലേശ്വരം: റെയിൽവേ സ്റ്റേഷനിലെ രണ്ടാം ഫ്ലാറ്റ്ഫോമിലെ ശുചിമുറി അടച്ചിട്ട് മാസങ്ങളായി. സുരേഷ് ഗോപി നേരത്തെ എം.പിയായിരിക്കെയാണ് രണ്ടാം ഫ്ലാറ്റ്ഫോമിൽ 2018ൽ ശുചിമുറിയുടെ പണി ആരംഭിച്ചത്. 4,84,489 രൂപ ചെലവിൽ നിർമ്മിച്ച് 2019 ഫെബ്രുവരിയിൽ ഉദ്ഘാടനവും കഴിഞ്ഞു. ഉദ്ഘാടനം കഴിഞ്ഞ് കുറച്ച് മാസങ്ങൾ ശുചിമുറി യാത്രക്കാർ നന്നായി ഉപയോഗിച്ചെങ്കിലും, നോക്കി നടത്താൻ ആളില്ലാത്തതിനാൽ പിന്നീട് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു.

ഇപ്പോൾ ശുചിമുറിയുടെ ചുമരിൽ അറ്റകുറ്റപ്പണിയുടെ പേരിൽ താത്കാലികമായി അടച്ചു എന്ന് ബോർഡ് പതിച്ചിരിക്കുകയാണ്.

മലയോര മേഖലയിൽ നിന്ന് അതിരാവിലെ വരുന്ന യാത്രക്കാർക്ക് ഏക ആശ്രയമായിരുന്നു രണ്ടാം ഫ്ലാറ്റ്ഫോമിലെ ശുചി മുറി. ഇത് അടച്ചിട്ടതോടെ അത്യാവശ്യഘട്ടത്തിൽ യാത്രക്കാർക്ക് ഒന്നാം ഫ്ലാറ്റ്ഫോമിലെ ശുചിമുറിയിൽ എത്തണമെങ്കിൽ കോണിപ്പടി കയറി നടന്ന് വേണം മറുഭാഗത്ത് എത്താൻ. ഇത് യാത്രക്കാർക്ക് സമയനഷ്ടവും വരുത്തുന്നു.

രണ്ട് ഫ്ലാറ്റ്ഫോമുകളിലും ശുചിമുറികളുണ്ടായിട്ടും യാത്രക്കാർക്ക് അതിന്റെ ഗുണം കിട്ടുന്നില്ല. ഒന്നാം ഫ്ലാറ്റ്ഫോമിലെ ശുചി മുറിയും മിക്ക ദിവസങ്ങളിലും അടഞ്ഞ് കിടക്കുകയാണ് പതിവ്. ശുചിമുറി പ്രവർത്തിപ്പിക്കാൻ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.