തലശ്ശേരി: ജില്ലയിലെ മുഴുവൻ തോടുകളും ശുചീകരിക്കുന്ന 'ഇനി ഞാൻ ഒഴുകട്ടെ' ക്യാമ്പയിന് പിണറായി ഗ്രാമ പഞ്ചായത്തിലെ വെണ്ടുട്ടായി പുറത്തോട് ശുചീകരിച്ചു കൊണ്ട് തുടക്കമായി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിത കേരളം മിഷന്റെ പിന്തുണയോടെയാണ് ഇനി ഞാൻ ഒഴുകട്ടെ എന്ന
ക്യാമ്പയിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം കുറിച്ചത്. പിണറായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ സി. സനില, ജില്ല പഞ്ചായത്ത് മെമ്പർ കോങ്കി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസാർ അഹമ്മദ്, മുരിക്കോളി പവിത്രൻ, പഞ്ചായത്ത് അംഗങ്ങളായ ജയദേവൻ, ബിന്ദു, കെ.വി.പവിത്രൻ, കെ.പ്രദീപൻ, പൊതുജന വായനശാല സെക്രട്ടറി വിനോദൻ, ഹരിത കേരളം മിഷൻ ആർ.പി. ലതാകാണി എന്നിവർ സംസാരിച്ചു.
ഹരിത കേരള മിഷൻ കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി.
തോടുകൾ ശുചീകരിക്കുന്നതിന് പുറമേ താത്കാലിക തടയണകൾ നിർമ്മിക്കലും ക്യാമ്പയിന്റെ ഭാഗമായി നടത്തും. തോടുകളിലേക്ക് മലിനജലം ഒഴുക്കുന്നത് തടയാനുള്ള ബോധ വല്ക്കരണ പരിപാടിക്കും ഇനി ഞാൻ ഒഴുകട്ടെ ക്യാമ്പയിനിന്റെ ഭാഗമായി തുടക്കം കുറിച്ചു. പിണറായി ഗ്രാമ പഞ്ചായത്തിലെ വെണ്ടുട്ടായി പാറത്തോട് തോടിന്റെ 3200 മീറ്റർ ദൂരത്തിലാണ് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ശുചീകരിക്കുന്നത്.
കണ്ണൂർ ജില്ലയിൽ ആകെ 1347 കി.മീ. തോടാണ് ശുചീകരിക്കുക. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് പുറമേ ഗ്രന്ഥശാലകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയെന്ന് ഹരിത കേരള മിഷൻ കോ ഓർഡിനേറ്റർ ഇ.കെ.സോമശേഖരൻ പറഞ്ഞു.