cycle-
സലീമിനെ(വലതുനിന്ന് രണ്ടാമത്) തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബ് അംഗങ്ങൾ വിമാനത്താവളത്തിൽ സ്വീകരിച്ചപ്പോൾ

തൃക്കരിപ്പൂർ: അവധിക്ക് നാട്ടിലേക്ക് വരുമ്പോൾ സൈക്കിളിൽ വീട്ടിലേക്ക് പോകണമെന്നായിരുന്നു പ്രവാസിയായ സലീമിന്റെ ആഗ്രഹം. തൃക്കരിപ്പൂരിലെ സൈക്ലിംഗ് കൂട്ടായ്മയായ ടി.സി.സിയിലെ സുഹൃത്തുക്കളോട് മോഹം പങ്കുവെച്ചപ്പോൾ, പാതിരാത്രിയായിട്ടും അവർ കൂടെ നിന്നു.

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 80 കിലോമീറ്റർ അകലെ പടന്ന ഗണേഷ് മുക്കിലാണ് പരിച്ചുമാടത്ത് സലീമിന്റെ വീട്. പുലർച്ചെ രണ്ടിന് ഫ്ലൈറ്റ് ഇറങ്ങിയ സലീമിനെ തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബ് പ്രസിഡന്റ് ടി.എം.സി ഇബ്രാഹിം, അംഗങ്ങളായ ഷബീർ മാട്ടൂൽ, എ.ജി ഫായിസ് എന്നിവർ സ്വീകരിച്ചു. പടന്നയിൽ നിന്ന് വാഹനത്തിൽ എത്തിച്ച സൈക്കിളിൽ മൂന്നുമണിക്ക് മൂർഖൻപറമ്പിൽ നിന്ന് പുറപ്പെട്ട് ഏഴുമണിയോടെ വീട്ടിലെത്തി. കൊണ്ടുവന്ന ലഗേജ് വാഹനത്തിൽ കയറ്റി വിട്ടു. നാട്ടിലേക്കുള്ള സൈക്കിൾ യാത്രയിൽ ഇബ്രാഹിമും സലീമിനെ അനുഗമിച്ചു. പൂർണമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു റൈഡ്.

മുന്നിൽ 1200 കിലോമീറ്റർ റൈഡ്

അടുത്ത വർഷത്തെ ലണ്ടൻ എഡിൻബറോ ലണ്ടൻ (എൽ.ഇ.എൽ) 1200 കിലോമീറ്റർ എൻഡ്യൂറൻസ് റൈഡിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് സലീം. ദുബായിൽ ഡി.എക്സ്.ബി റൈഡേഴ്സ് അംഗമായ സലീം അവിടത്തെ റൈഡുകളിൽ പങ്കെടുക്കാറുണ്ട്. ദേശാന്തര ടീമുകൾ പങ്കെടുത്ത അജ്മാൻ റോഡ് സൈക്ലിംഗിൽ സലീം മൂന്നാം സ്ഥാനം നേടിയിരുന്നു.