കണ്ണൂർ: പാർക്കിംഗ് വ്യവസ്ഥയ്ക്ക് വിരുദ്ധമായി നഗരത്തിലെ ഓട്ടോ സ്റ്റാൻഡിൽ നിന്നും സ്റ്റാൻഡിന് സമീത്തുള്ള സ്ഥലങ്ങളിൽ നിന്നുമടക്കം യാത്രക്കാരെ ക്യാൻവസ് ചെയ്യുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ഓട്ടോറിക്ഷ ട്രേഡ് യൂനിയൻ സമിതി കണ്ണൂർ ടൗൺ പൊലീസ് എസ്.ഐ, ട്രാഫിക് പൊലീസ് എസ്.ഐ എന്നിവർക്ക് പരാതി നൽകി. ടൗൺ പാർക്കിംഗ് ഇല്ലാത്ത ഓട്ടോറിക്ഷകൾ ടൗണിൽ പാർക്ക് ചെയ്യുകയും യാത്രക്കാരെ കയറ്റുകയും ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരം വണ്ടികളെ കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും ഇതിനായി എ.സി.പിയുടെ മേൽനോട്ടത്തിൽ കണ്ണൂർ ടൗൺ പൊലീസ് എസ്.എച്ച്.ഒവിന്റെ നേതൃത്വത്തിൽ പൊലീസ് സ്‌ക്വാഡ് രൂപീകരിച്ചതായും പൊലീസിന്റെ അറിയിപ്പുണ്ടായിരുന്നു. എന്നാൽ ഈ അറിയിപ്പ് വന്നതിന് ശേഷവും ടൗൺ പെർമിറ്റില്ലാത്ത ഓട്ടോകൾ സ്റ്റാൻഡുകളിൽ നിന്നും യാത്രക്കാരെ കയറ്റി നിർബാധം സർവ്വീസ് നടത്തിവരികയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.