കണ്ണൂർ: രണ്ടാമത് കണ്ണൂർ സർവകലാശാല ലിറ്ററേച്ചർ ഫെസ്റ്റിവൽ (കെ.യു.എൽ.എഫ്) കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസിൽ 11, 12, 13 തീയതികളിൽ സംഘടിപ്പിക്കും. 80 ഓളം സെഷനുകളിലായി 200 ഓളം അതിഥികളും, കലാ-സാഹിത്യ- സർഗാത്മക പരിപാടികളും ഉൾപ്പെടെ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ മുഴുവൻ വിദ്യാർത്ഥികളെയും കോർത്തിണക്കി കൊണ്ടാണ് താവക്കര ക്യാമ്പസിൽ മൂന്ന് ദിനരാത്രങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. 11ന് ക്രോസ് വേർഡ് അവാർഡ് ജേതാവും എഴുത്തുകാരനുമായ ചാരുനിവേദിത ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം നിഖില വിമൽ, എഴുത്തുകാരൻ പ്രബീർ പുർകായസ്ഥ എന്നിവർ പങ്കെടുക്കും.
വിവിധ സെഷനുകളിൽ യൂസഫ് തരികാമി, ബെന്യാമിൻ, ജി. ഇന്ദു ഗോപൻ, എസ്.ഹരീഷ്, നിമ്ന വിജയ്, ടി.ഡി.രാമകൃഷ്ണൻ, ഇ.സന്തോഷ് കുമാർ, സുനിൽ പി. ഇളയിടം, എം.വി.നാരായണൻ, പി.എൻ.ഗോപികൃഷ്ണൻ, വി.ഷിനിലാൽ, സോണിയ ചെറിയാൻ, വിനോയ് തോമസ്, എൻ.ശശിധരൻ, സി.വി.ബാലകൃഷ്ണൻ, ടി.പത്മനാഭൻ, വെങ്കിടേഷ് രാമകൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും. കലാപരിപാടികളുമുണ്ടാകും. സമാപനം 13 ന് എഴുത്തുകാരി കെ.ആർ. മീര ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ ഫെസ്റ്റിവൽ ഡയറക്ടർ ഡോ. റഫീഖ് ഇബ്രാഹിം, കൺവീനർ പി.എസ്.സഞ്ജീവ്, യൂണിയൻ ചെയർപേഴ്സൺ കെ.ആര്യ, സിൻഡിക്കറ്റംഗം വൈഷ്ണവ് മഹേന്ദ്രൻ, മുൻ ചെയർപേഴ്സൺ ടി.പി.അഖില എന്നിവർ പങ്കെടുത്തു.