
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന തടസ്സങ്ങൾ നീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വീണ്ടും ഡൽഹി യാത്രക്കൊരുങ്ങി ടീം ഹിസ്റ്റോറിക്കൽ ഫ്ലൈറ്റ് ജേണി കൂട്ടായ്മ. പോയിന്റ് ഓഫ് കാൾ പദവിയും ആസിയാൻ, സാർക് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് സ്വതന്ത്രമായി പറന്നിറങ്ങാനുള്ള അനുമതിയും അതോടൊപ്പം സാധാരണക്കാർക്ക് ഉപകരിക്കുന്ന ഉഡാൻ സ്കീം പുനരാരംഭിക്കലുമടക്കമുള്ള ആവശ്യങ്ങളാണ് ലക്ഷ്യം. ഈ മാസം പന്ത്രണ്ടിന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സംഘം യാത്ര തിരിക്കും.ഇത്തവണത്തെ യാത്രയിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് കെ.എസ്.എ , സെക്രട്ടറി ജയദേവൻ മാൽഗുഡി, രക്ഷാധികാരികളായ സദാനന്ദൻ തലശ്ശേരി, ആർക്കിടെക്ട് മധു കുമാർ, ടീം കോഓർഡിനേറ്റർ റഷീദ് കുഞ്ഞി പാറാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.