madayi

രാജിഭീഷണിയുമായി നേതാക്കളും പ്രവർത്തകരും

പഴയങ്ങാടി(കണ്ണൂർ)​: പയ്യന്നൂർ കോ ഓപറേറ്റീവ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മാടായി കോളേജിൽ എം.കെ.രാഘവൻ എം.പി ബന്ധുവായ സി.പി.എം പ്രവർത്തകന് നിയമനം നൽകിയെന്ന വിവാദത്തെ തുടർന്ന് കണ്ണൂരിലെ കോൺഗ്രസിൽ കടുത്ത പ്രതിസന്ധി. പഴയങ്ങാടിയിൽ എം.പിക്കെതിരെ പരസ്യമായി പ്രവർത്തകർ പ്രകടനം നടത്തി. നേരത്തെ സംഭവത്തിൽ പ്രതിഷേധിച്ച് രാജിഭീഷണിയുമായി ഡി.സി.സി സെക്രട്ടറി രഞ്ജിത്ത് നാറാത്ത് രംഗത്തുവന്നു. പ്രതിഷേധവുമായി കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലെ മുഴുവൻ പേരും രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ്.

ഒറ്റുകാരൻ രാഘവനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന മുദ്രാവാക്യവുമായാണ് ഇന്നലെ വൈകിട്ട് കോൺഗ്രസ് പ്രവർത്തകർ പഴയങ്ങാടിയിൽ പ്രകടനം നടത്തിയത്. പഴയങ്ങാടി ബസ് സ്റ്റാൻഡിൽ എം.കെ.രാഘവൻ എം.പിയുടെ കോലം പ്രവർത്തകർ കത്തിച്ചു. കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലെ മുഴുവൻ പേരും രാജി വച്ചിട്ടുണ്ട്. നിരവധിപേർ പങ്കെടുത്ത പ്രകടനം പഴയങ്ങാടി ബസ്റ്റാൻഡിൽ സമാപിച്ചു.

നേരത്തെ മാടായി കോളേജിൽ നാല് അനദ്ധ്യാപക തസ്തികകളിലേക്ക് നടന്ന നിയമനത്തിൽ അഴിമതിയുണ്ടെന്ന് കാണിച്ച് കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസിലെ ഭാരവാഹികൾ അടക്കമുള്ളവർ കോളേജ് ചെയർമാൻ എം കെ രാഘവൻ എംപിയെ തടഞ്ഞുവെക്കുകയും ഇന്റർവ്യൂ ഹാളിൽ കയറി ബഹളംവെക്കുകയും ചെയ്തിരുന്നു. ഇതെ തുടർന്ന് കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിലെ മൂന്ന് ഭാരവാഹികളെയും ഡി.സി.സി എക്സിക്യൂട്ടീവ് അംഗത്തെയും കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സസ്പെൻഡ് ചെയ്തിരുന്നു.ഇവരെ പിന്നീട് തിരിച്ചെടുത്ത് നിയമനം നടത്തിയ ഡയക്ടർമാരെ പുറത്താക്കി പ്രശ്നപരിഹാര ഫോർമുല ഉരുത്തിരിഞ്ഞുവരുന്നതിനിടയിലാണ് ഇന്നലെ എം.പിക്കെതിരെ പരസ്യ പ്രതിഷേധവുമായി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്തുവന്നത്.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കെ.വി.സതീഷ് കുമാർ, ഡി.സി.സി എക്സിക്യൂട്ടീവ് അംഗം കാപ്പാടൻ ശശിധരൻ, മുൻ മാടായി ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി.ശശി, വരുൺ കൃഷ്ണൻ എന്നിവരെയാണ് ഡി.സി.സി പ്രസിഡന്റ് നേരത്തെ സസ്പെൻഡ് ചെയ്തത്. ഡയറ്കടർ ബോർഡിന്റെ നടത്തിയ നിയമനം തള്ളാതെയുള്ള ഒത്തുതീർപ്പ് അംഗീകരിക്കാതെയാണ്

മാടായിയിൽ പുകയുന്നത്

ഡി.വൈ.എഫ്. ഐ പ്രവർത്തനായ ബന്ധുവടക്കം നാലുപേർക്ക് കോളേജിൽ നിയമനം

ഇതടക്കമുള്ള നിയമനങ്ങളിൽ കോഴ

പ്രതിഷേധിച്ച മണ്ഡലം ഭാരവാഹികളെയും ഡി.സി.സി അംഗത്തെയും പുറത്താക്കി

ഇവരെ തിരിച്ചെടുത്ത് 5ഡയറക്ടർമാർക്കെതിരെ നടപടിയെടുത്ത് പ്രശ്നപരിഹാര ഫോർമുല

നിയമനം പുനഃപരിശോധിക്കാത്തതിൽ കടുത്ത പ്രതിഷേധം

പുറത്താക്കലിനെതിരെ ഡി.സി.സി സെക്രട്ടറി

സസ്പെൻഷന് പിന്നാലെ ഡി.സി.സി സെക്രട്ടറി രഞ്ജിത്ത് നാറാത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന കുഞ്ഞിമംഗലം കോൺഗ്രസ് മണ്ഡലം കമ്മിറ്റി നാല് പേരെയും തിരിച്ചെടുക്കണമെന്നും കോളേജിൽ നടത്തിയ നിയമനം റദ്ദാക്കണമെന്നും ഡി.സി.സിയോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. തുടർന്നാണ് ഡി.സി.സി സെക്രട്ടറി രഞ്ജിത്ത് നാറാത്ത് രാജിക്കൊരുങ്ങിയത്. ഇതിനിടെ പ്രതിഷേധം തണുപ്പിക്കാന മാടായി കോളേജ് ഡയറക്ടർമാരായ കെ.കെ.ഫൽഗുനൻ, എം.പ്രദീപ്കുമാർ, ടി.കരുണാകരൻ , പി.ടി.പ്രതീഷ്, എം.കെ. ബാലകൃഷ്ണൻ എന്നിവരെയും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഡി.സി.സി പ്രസിഡന്റ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.