22 റേഷൻ കാർഡുകൾ അനുവദിച്ചു
കണ്ണൂർ: മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഒ.ആർ.കേളു എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന 'കരുതലും കൈത്താങ്ങും' കണ്ണൂർ താലൂക്ക് അദാലത്തിൽ ആകെ 208 പരാതികൾ പരിഗണിച്ച് നടപടികൾ സ്വീകരിച്ചു. ഡിസംബർ ആറ് വരെ ഓൺലൈനായും താലൂക്ക് ഓഫീസിൽ നേരിട്ടും സ്വീകരിച്ച പരാതികളാണിവ. അദാലത്തിൽ പരിഗണിക്കാനാവാത്ത വിഷയങ്ങളായതിനാൽ 30 എണ്ണം നിരസിച്ചു. 63 എണ്ണത്തിൽ നടപടികൾ സ്വീകരിച്ചു വരുന്നു. ഡിസംബർ ആറ് വരെ ആകെ ലഭിച്ച പരാതികൾ 301. അദാലത്ത് ദിവസം 163 പരാതികൾ ലഭിച്ചു. ആകെ പരാതികൾ സ്വീകരിച്ചത് 464. രാവിലെ 10 മണിക്ക് തുടങ്ങിയ അദാലത്ത് രാത്രി ഏഴ് മണിയോടെ സമാപിച്ചു. 22 റേഷൻ കാർഡുകൾ അദാലത്തിൽ അനുവദിച്ചു
പുതിയ പരാതികളിൽ മേൽ ഉടൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് കൂട്ടായ പ്രവർത്തനമാണ് സർക്കാർ നടപ്പാക്കുന്നതെന്നും പരിഗണിക്കാവുന്ന വിഷയങ്ങളെല്ലാം അദാലത്തിൽ പരിഗണിക്കുമെന്നും മന്ത്രി ഒ.ആർ കേളു അദാലത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് അറിയിച്ചു. കെ.വി.സുമേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരി, ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം സി.പത്മചന്ദ്ര കുറുപ്പ്, അസിസ്റ്റന്റ് കളക്ടർ ഗ്രന്ധേ സായി കൃഷ്ണ, വനം വകുപ്പ് നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ കെ.എസ്.ദീപ, കണ്ണൂർ ഡി.എഫ്.ഒ എസ്.വൈശാഖ്, കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്രബോസ് തുടങ്ങിയവർ സംബന്ധിച്ചു. തലശ്ശേരി 204, തളിപ്പറമ്പ് 193, പയ്യന്നൂർ 162, ഇരിട്ടി 161 എന്നിങ്ങനെയാണ് ജില്ലയിലെ മറ്റ് താലൂക്കുകളിൽ ലഭിച്ച പരാതികളുടെ എണ്ണം. തലശ്ശേരി താലൂക്ക് അദാലത്ത് ചൊവ്വാഴ്ച രാവിലെ 10 മുതൽ തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.
വിപിൻ കാത്തിരുന്ന
വീൽചെയർ ഉറപ്പായി
മകന് ഇലക്ട്രോണിക് വീൽചെയർ ലഭിക്കുന്നതിനും ഭിന്നശേഷിക്കാരായ മക്കൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിനുള്ള വായ്പയ്ക്കും വേണ്ടിയാണ് ചെറുകുന്ന് കവിണിശ്ശേരി സ്വദേശി ടി.രാമചന്ദ്രൻ കണ്ണൂർ താലൂക്ക്തല അദാലത്തിന് എത്തിയത്. വീൽചെയർ ലഭ്യമാക്കാമെന്ന മന്ത്രി ഒ.ആർ കേളുവിന്റെ ഉറപ്പിൽ രാമചന്ദ്രനും മക്കളായ വിപിൻ, വിഷ്ണു എന്നിവരും മടങ്ങി. വികലാംഗ കോർപ്പറേഷൻ മുഖേന വീൽചെയർ നൽകുന്നതിനും കൈവല്യ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വയം സഹായ പദ്ധതി നൽകുന്നതിനും ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകി. 50 വർഷമെങ്കിലും പഴക്കം ചെന്ന ഇവരുടെ വീടിന്റെ അറ്റകുറ്റപണി കൂടി പരിശോധിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
മാധവിക്ക് ആശ്വാസം;
വായ്പയിൽ നടപടി
പശുവിനെ വാങ്ങാൻ വായ്പയെടുത്ത് പിന്നീട് പശു ചത്തതിനാൽ കുടിശ്ശികയായ ഇരിവേരിയിലെ പാറേചാലിൽ മാധവിയുടെ വായ്പ മാനുഷിക പരിഗണന നൽകി കുടിശ്ശിക തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തി തീർപ്പാക്കാനുള്ള നടപടിക്ക് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശം നൽകി. ഇരിവേരി സർവീസ് സഹകരണ ബാങ്ക് ചക്കരക്കൽ ശാഖയിൽനിന്ന് 50,000 രൂപയാണ് വായ്പയെടുത്തത്. പലിശ സഹിതം 52,660 രൂപ അടക്കാനുണ്ട്. പല തവണ പണം അടച്ചെങ്കിലും പശു ചത്തുപോയതിനാൽ മുടങ്ങി. മാധവി രോഗബാധിതയുമാണ്. ഇതേതുടർന്നാണ് അദാലത്തിന്റെ പരിഗണനാ വിഷയം അല്ലാതിരുന്നിട്ടും മാനുഷിക പരിഗണന നൽകി മന്ത്രി ഇടപെട്ടത്.