kh-shameema

കേരളത്തിലും കർണ്ണാടകയിലുമായി ദുർമന്ത്രവാദത്തിലൂടെയും ആഭിചാരക്രിയകളിലൂടെയും ലക്ഷങ്ങളുടെ സമ്പാദ്യം വന്നുതുടങ്ങിയതോടെ ഉദുമ മാങ്ങാട് മീത്തൽ കൂളിക്കുന്നിൽ ആഡംബരപൂർണമായിരുന്നു ജിന്നുമ്മയായ ഷമീമയുടെ ജീവിതം. പ്രവാസി വ്യവസായിയുടെ കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത് വരെയും ഇവരുടെ പല പ്രവൃത്തികളും അയൽവാസികൾക്ക് അജ്ഞാതമായിരുന്നു.

പാവപ്പെട്ട കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടിയിൽ നിന്ന് വളരെ വേഗത്തിലായിരുന്നു ഷമീമയുടെ സാമ്പത്തിക വളർച്ച.ഹണിട്രാപ്പിലൂടെയും ആഭിചാരക്രിയകളിലൂടെയും ഉണ്ടാക്കിയ പണം കൊണ്ട് നാട്ടിൽ ആഡംബര വീട് പണിയുകയും ചെയ്തു.രണ്ട് കാറുകളും വാങ്ങി. ഉയരമേറിയ മതിലുകളും സി.സി ടി.വി നിരീക്ഷണവുമൊക്കെയായി ഷമീമയുടെ അകത്ത് എന്ത് നടക്കുന്നുവെന്ന് കൂളിക്കുന്നുകാർക്ക് എത്തുംപിടിയും കിട്ടിയിരുന്നില്ല. ജിന്നുമ്മയെന്ന പേരിൽ തന്നെ നാട്ടുകാരെ ഭയപ്പെടുത്തിയിരുന്നുവെന്നതാണ് സത്യം. അവരെക്കുറിച്ച് അന്വേഷിച്ചാൽ ഒന്നും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല എന്നാണ് നാട്ടുകാർ പറയുന്നത്.

പുറത്തിറങ്ങുമ്പോൾ ഓവർകോട്ടും സ്തെസ്കോപ്പും

മർമ്മ ചികിത്സകയായാണ് നാട്ടുകാർ ഇവരെ പൊതുവെ പരിചയപ്പെടുത്താറുള്ളത്. ഓവർകോട്ട് ധരിച്ചു കഴുത്തിൽ സ്റ്റെതസ്കോപ്പും ധരിച്ചു പുറത്തിറങ്ങുന്നതിനാൽ ഡോക്ടർ ഷമീമ എന്നും വിളിക്കും. വീടിനടുത്തുള്ള ക്ളീനിക്കിൽ സ്ഥിരമായി എത്തുന്ന ഇവർ ഇവിടെ രോഗികളെ ചികിത്സാറുമുണ്ട്. എറണാകുളത്ത് പോയി അക്യൂപങ്‌ചർ പരിശീലനം നേടിയതിന്റെ പേരിലാണ് ഡോക്ടർ എന്ന പേരിൽ ഷമീമ അറിയപ്പെട്ടിരുന്നത്..ആളുകളുടെ വിശ്വാസം കൂട്ടുന്നതിന് ചില റീലുകളും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. അപ്പോഴും സമൂഹത്തിലെ വലിയ പണക്കാരെ ലക്ഷ്യമിടുകയായിരുന്നു ഷമീമ. പണക്കാരെ തന്നിലേക്ക് എത്തിക്കാൻ പ്രത്യേക സംഘത്തെയും ഇവർ ഒരുക്കി..

നിസഹായത ഭാവിച്ച് പൊലീസ്; പ്രതിയുമായി മുഖാമുഖം

പതിനാല് മാസം അന്വേഷിച്ചിട്ടും തുമ്പ് കിട്ടാതെ കേസ് ഫയൽ മടക്കാനായിരുന്നു ആദ്യം കേസ് അന്വേഷിച്ച ബേക്കൽ പൊലീസിന് താൽപര്യം. സ്റ്റേഷനിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സ്വീകരിച്ച് ഒരു നടപടി ഇന്നും സംശയാസ്പദമാണ്.

ഗഫൂർഹാജിയുടെ മരണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമാണെങ്കിലും നടപടിയെടുക്കുക ബുദ്ധിമുട്ടാണെന്നാണ് ഇദ്ദേഹം ആക്ഷൻ കമ്മിറ്റി ഭാരവാഹികളോട് പറയാതെ പറഞ്ഞത്. ഷമീമയുമായി മുഖാമുഖത്തിന് സ്റ്റേഷനിലേക്ക് ആക്ഷൻ കമ്മിറ്റി ഭാരവാഹികളെ വിളിപ്പിക്കുകയായിരുന്നു ഈ ഉദ്യോഗസ്ഥൻ. നിങ്ങളുടെ സംശയങ്ങൾ അവരോട് ഉന്നയിക്കാമെന്നായിരുന്നു ഉദ്യോഗസ്ഥൻ ആക്ഷൻ കമ്മിറ്റി കൺവീനർ സുകുമാരൻ പൂച്ചക്കാടിനോട് നിർദ്ദേശിച്ചത്. ആക് ഷൻ കമ്മിറ്റിയിലെ നാലുപേരുമായി സ്റ്റേഷനിലെത്തിയ കൺവീനറിനോട് പൊട്ടിത്തെറിക്കുകയായിരുന്നു ഷമീമ. നുണ പരിശോധനയ്ക്ക് തയ്യാറുണ്ടോയെന്ന് ചോദിച്ചപ്പോൾ കാൻസർ രോഗിയായതിനാൽ പറ്റില്ലെന്നായിരുന്നു ഷമീമയുടെ മറുപടി. പ്രമാദമായ ഒരു കേസിലെ പ്രതിയെ മുന്നിൽ നിർത്തി ബേക്കൽ പൊലീസ് സൃഷ്ടിച്ച ഈ രംഗം സംബന്ധിച്ച് പറഞ്ഞപ്പോൾ തുടരന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ അത്ഭുതപ്പെടുകയായിരുന്നു.

(നാളെ -സാക്ഷിക്കൂട്ടിലെത്തിയ പൂവൻകോഴി )