കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് പുലുപ്പി കേന്ദ്രീകരിച്ച് രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ നിന്ന് പെട്രോൾ മോഷ്ടിക്കുന്ന സംഘങ്ങൾ സജീവം. ഇരുചക്ര വാഹനങ്ങളിലെ ഇന്ധനമാണ് കൂടുതലായും സാമൂഹ്യവിരുദ്ധർ ഊറ്റുന്നത്. ഇത്തരത്തിൽ മോഷ്ടിക്കുന്ന എണ്ണ ഉപയോഗിച്ച് രാത്രികാല സഫാരിയാണ് ഇവരുടെ പരിപാടിയെന്നും ആക്ഷേപമുണ്ട്.
ഇന്ധന മോഷണത്തിന് പലരും പൊലീസിൽ പരാതി അറിയിക്കാത്തത് ഇവർക്ക് തണലാവുകയാണ്. കണ്ണാടിപ്പറമ്പ് വള്ളുവൻ കടവ് മേഖലകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്. ഈയിടെ വള്ളുവൻകടവിലെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതും കണ്ണാടിപ്പറമ്പ് വള്ളുവൻകടവ് കൈത്തല തായ് പരദേവതാ ക്ഷേത്ര ഭണ്ഡാരം കവർന്നവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ച് പഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെട്ടതും സ്റ്റേഷനിൽ വേണ്ടത്ര പൊലീസുകാർ ഇല്ലാത്തതും മോഷ്ടാക്കൾക്ക് തുണയാവുകയാണ്.
നാറാത്ത് പഞ്ചായത്തിന്റെ കണ്ണാടിപ്പറമ്പ് പുലുപ്പി കേന്ദ്രീകരിച്ചു കഞ്ചാവ് ലഹരി മാഫിയകളുടെ കടന്നു കയറ്റം ശക്തമായിട്ടുണ്ട്. രാത്രി കാലങ്ങൾ കേന്ദ്രീകരിച്ച് പല താവളങ്ങളിലും ചെറുപ്പക്കാർ ഒത്തുചേർന്ന് ലഹരി ഉപയോഗിക്കുന്നു. വള്ളുവൻ കടവ് മേഖലയിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണം. സ്‌കൂൾ കുട്ടികൾ വരെ ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് ഇല്ലാതെ മൂന്നു പേരെ കയറ്റി യാത്ര ചെയ്യുന്നത് നിരന്തര കാഴ്ചയാണ്.
മുഹമ്മദ് കുഞ്ഞി, പാറപ്രം
പൊതുപ്രവർത്തകൻ