കണ്ണൂർ: ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത സ്വകാര്യ ബസ് പണിമുടക്ക് ജില്ലയിൽ പൂർണം. ജില്ലയിലെ എണ്ണൂറോളം വരുന്ന മുഴുവൻ സ്വകാര്യ ബസുകളും പണിമുടക്കിൽ പങ്കെടുത്തു. ഏകപക്ഷീയമായി പൊലീസ് പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു പണിമുടക്ക്. സത്യാവസ്ഥയറിയാതെ ഫോട്ടോ എടുത്ത് അമിതമായി ഫൈൻ ഈടാക്കി പീഡിപ്പിക്കുന്ന നടപടിക്കെതിരെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടും യാതൊരു അനുകൂല തീരുമാനങ്ങളും ഉണ്ടാവാത്തതിലാണ് പണിമുടക്കിലേക്ക് കടന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ 18 മുതൽ അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തിവെക്കാനും തീരുമാനമുണ്ട്. സ്വകാര്യ ബസുകൾ പൂർണ്ണമായും പണിമുടക്കിയതോടെ ജനങ്ങൾ ഏറെ വലഞ്ഞു. ഇന്നലെ രാവിലെയും വൈകിട്ടുമുള്ള സമയങ്ങളിൽ ജോലിക്കെത്താനും തിരിച്ച് പോകാനും പലരും ഏറെ ബുദ്ധിമുട്ടി. രാവിലെ ബസ് സ്‌റ്റോപ്പുകളിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ വലിയ തിരക്കായിരുന്നു. പരീക്ഷ നടക്കുന്നതിനാൽ വിദ്യാർത്ഥികളും പാടുപെട്ടു.

രാവിലെ കെ.എസ്.ആർ.ടി.സി ബസുകളിൽ തിക്കികയറിയായിരുന്നു പലരുടെയും യാത്ര. സ്വകാര്യ ബസ് പണിമുടക്കിനെ തുടർന്ന് ഇന്നലെ ജില്ലയിൽ കെ.എസ്.ആർ.ടി.സി അധിക സർവ്വീസ് നടത്തിയത് ദീർഘദൂര യാത്രക്കാർക്ക് ആശ്വാസമായി. കണ്ണൂർ-പയ്യന്നൂർ, കണ്ണൂർ-ഇരിട്ടി, തലശേരി-ഇരിട്ടി, കണ്ണൂർ-കൂത്തുപറമ്പ് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ സർവ്വീസ് നടത്തിയത്. പയ്യന്നൂർ റൂട്ടിൽ ഓരോ പത്ത് മിനുട്ട് കൂടുമ്പോഴും സർവ്വീസ് നടത്തി. ഗ്രാമപ്രദേശങ്ങളിൽ നിന്ന് ഓട്ടോകളിലും മറ്റുമാണ് പലരും ജോലി സ്ഥലത്തെത്തിയത്.

പ്രതിഷേധ പ്രകടനം നടത്തി

സ്വകാര്യ ബസ് പണിമുടക്കിന്റെ ഭാഗമായി ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കോ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജ്കുമാർ കരുവാരത്ത്, കൺവീനർ കെ.ഗംഗാധരൻ, ജോയിന്റ് കൺവീനർ കെ.വിജയൻ, പി.കെ.പവിത്രൻ, കെ.പി.മുരളി, ടി.എം.സുധാകരൻ എന്നിവർ പ്രസംഗിച്ചു.