
കണ്ണൂർ: നടൻ ജയന്റെ മരണം മുതിർന്നവർക്കൊപ്പം ഏഴാം ക്ലാസുകാരനായ ഒരു കുട്ടിയെയും അന്ന് ഏറെ വേദനിപ്പിച്ചിരുന്നു. ആ സങ്കടം പിന്നീട് ജയന്റെ പേരിൽ വീടിനോട് ചേർന്ന് അമ്പലം സ്ഥാപിക്കുന്നതിലേക്കും വിമുക്തഭടനായ ടി.വി. ബാബുവിനെ നയിച്ചു. ധീരതയുടെയും സാഹസികതയുടെയും മനുഷ്യത്വത്തിന്റെയും മറുപേരായിരുന്ന ജയനോടുള്ള ആരാധനയാണ് ബാബുവിനെ പട്ടാളത്തിൽ ചേരാനും പ്രേരിപ്പിച്ചത്. വിവിധ നാടുകളിൽ നിന്നുള്ള ജയന്റെ ആരാധകരാണ് പയ്യന്നൂർ കണ്ടങ്കാളിയിലെ ഈ അമ്പലത്തിൽ എത്തിച്ചേരുന്നത്.
നേവി ഓഫീസറായ കൃഷ്ണൻ നായരിൽ നിന്നു താരപരിവേഷത്തിന്റെ ഉയരത്തിൽ നിൽക്കെയാണ് 41-ാം വയസിൽ ജയന്റെ മടക്കം. ഷോളവരത്തെ എയർസ്ട്രിപ്പിൽ കോളിളക്കത്തിന്റെ ഷൂട്ടിംഗിനിടയിൽ ഹെലികോപ്റ്റർ അപകടത്തിൽ ജയൻ എന്ന താരകം പൊലിഞ്ഞുവെന്ന വാർത്ത ഇനിയും വിശ്വസിക്കുവാനോ ഉൾക്കൊള്ളുവാനോ സാധിക്കാത്തവരാണ് ഈ ആരാധകരെല്ലാം. ആ അഭിനയ പ്രതിഭയുടെ വീരേതിഹാസ കഥകൾ അവർ ഈ അമ്പലമുറ്റത്തിരുന്ന് അയവിറക്കുന്നു. കണ്ണീർ പൂക്കൾ അർപ്പിക്കുന്നു.
അമ്പലം മാത്രമല്ല,ബാബുവിന്റെ വീട് ജയന്റെ 'അങ്ങാടി' തന്നെ. മുറ്റം മുതൽ വീടിന്റെ അകത്തളം വരെ ജയൻ തരംഗം. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പ്രദേശിക വാർത്തയിലൂടെയാണ് ജയന്റെ മരണം അറിഞ്ഞത്. 2009ലാണ് പട്ടാളത്തിൽ നിന്ന് പിരിഞ്ഞു വന്നത്. ഇപ്പോൾ ജയൻ സിനിമകൾ യൂട്യൂബിൽ കാണലാണ് വിനോദം.
മരണത്തിലും നിഗൂഢതകൾ അവശേഷിപ്പിച്ച ജയൻ. തിരിച്ചുവരവ് നടത്തുമെന്ന് ബാബു അക്കാലത്ത് പ്രതീക്ഷിച്ചിരുന്നു. 'ജയൻ അമേരിക്കയിൽ" എന്ന പ്രചാരണം കേട്ട് ഏറേനാൾ കാത്തിരുന്നിട്ടുണ്ടെന്നും ടി.വി. ബാബു പറഞ്ഞു. ഭാര്യ:വി.വി. ആശ. മക്കൾ:പിങ്കുമോൻ,അനുവിന്ദ് ബാബു.
'ശരപഞ്ജരത്തിലെ കുതിരക്കാരനായി വന്ന് കുടുംബക്കാരനായി മാറിയ ജയന്റെ പ്രകടനമാണ് ഇഷ്ടം. കുതിരയെ എണ്ണ തേച്ചുപിടിപ്പിക്കുന്ന രംഗം അന്നും ഇന്നും ആവേശം കൊള്ളിക്കുന്നതാണ്. '
-ടി.വി. ബാബു