മാഹി: ഒന്നര വയസിൽ നൽകിയ തെറ്റായ കുത്തിവയ്പ്പിലൂടെ അന്ധനായെങ്കിലും ഉൾക്കണ്ണുകൊണ്ട് ലോകത്തെക്കണ്ട്, സിവിൽ സർവ്വീസ് പഠനം പൂർത്തിയാക്കി, മയ്യഴിയിൽ നഗരസഭാ കമ്മിഷണറായി എത്തിയിരിക്കുകയാണ് യു.പി.ക്കാരനായ 31 കാരൻ സതേന്ദർ സിംഗ്. തകർക്കാനാവാത്ത ഇച്ഛാശക്തിയും, തളർത്താനാവാത്ത ലക്ഷ്യബോധവുമാണ് തന്നെ ഇവിടം വരെ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
280 വർഷം പഴക്കമുള്ള മയ്യഴി നഗരസഭയുടെ പുതിയ കമ്മിഷണറായി ചുമതലയേറ്റ സതേന്ദർ സിംഗിന്റെ ജീവിത കഥ സിനിമാ കഥ പോലെ വിസ്മയകരമാണ്. യു.പി.യിലെ സാധാരണ കർഷക കുടുംബത്തിൽ ജനിച്ച സതേന്ദർ സിങ്ങിന്റെ രക്ഷിതാക്കൾക്ക് കുട്ടിയുടെ ഭാവി എന്താകുമെന്ന ആശങ്കയുണ്ടായിരുന്നു. യാദൃശ്ചികമായി ബസ്സിൽ വച്ച് സതേന്ദറിന്റെ അമ്മാവൻ അന്ധനായ ഒരു കുട്ടി ക്ലോക്കിൽ സ്പർശിച്ച് സമയം നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആ കുട്ടി എവിടെയാണ് പഠിക്കുന്നതെന്ന് ചോദിച്ചറിഞ്ഞു. തുടർന്ന് മരുമകനെ അതേ വിദ്യാലയത്തിൽ ചേർക്കുകയായിരുന്നു.
ബ്രെയ്ലി, സ്‌ക്രിപ്റ്റ് സ്‌ക്രീൻ റീഡിംഗ് സംവിധാനത്തിലാണ് പഠനം തുടർന്നത്. ഒൻപതാം തരത്തിൽ പഠിക്കുമ്പോൾ സ്വന്തമായി ഒരു കമ്പ്യൂട്ടർ കിട്ടി. ഡൽഹി ജെ.എൻ.യു വിൽ നിന്ന് പി.ജിയും എം.ഫിലും പാസായി. നാല് വർഷം രാഷ്ട്രമീമാംസയിൽ അസി: പ്രൊഫസറായി ജോലി ചെയ്തു. 2018ൽ സിവിൽ സർവ്വീസ് പരീക്ഷയിൽ 714ാം റാങ്ക് നേടി പുതുച്ചേരി സർവ്വീസിൽ ചേർന്നു. പരിശീലന ശേഷം മാഹി നഗരസഭാ കമ്മിഷണറായി നിയമിതനാവുകയായിരുന്നു.
രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ സെമിനാറുകളിൽ പ്രബന്ധം അവതരിച്ചു വരുന്ന ഇദ്ദേഹം ശ്രദ്ധേയനായ മോട്ടിവേഷൻ സ്പീക്കറുമാണ്.
സംഗീതത്തിലും ക്രിക്കറ്റ് കളിയിലുമെല്ലാം തൽപ്പരനായ ഈ ചെറുപ്പക്കാരന് ഒന്നേ പറയാനുള്ളൂ. 'സ്വന്തം കഴിവിനെക്കുറിച്ച് സ്വയം ബോധവാനാകണം. എങ്കിൽ ഉള്ളിലെ സിദ്ധികളെ അതിശയകരമാം വിധം ഉണർത്താനാവും.'