
30 വർഷം മുമ്പാണ് കേരളത്തെ നടുക്കി കാസർകോടൻ അതിർത്തി ഗ്രാമമായ പെർള ദേവലോകത്തെ ശ്രീകൃഷ്ണ ഭട്ടിനെയും ഭാര്യ ശ്രീമതി ഭട്ടിനെയും ദുർമന്ത്രവാദത്തിനിടെ കൊലപ്പെടുത്തിയത്. ദൃക് സാക്ഷികളില്ലാത്ത കേസിൽ തൊണ്ടിമുതലായ പൂവൻകോഴിയെ കോടതി കൂട്ടിലെത്തിച്ച അപൂർവതയുള്ള കേസിൽ നിധി കണ്ടെത്താൻ സഹായിക്കാമെന്ന പേരിൽ മന്ത്രവാദം നടത്തിയ ഇമാം ഹുസൈനായിരുന്നു പ്രതി ചേർക്കപ്പെട്ടത്. 19 വർഷത്തോളം ഒളിവിൽ കഴിഞ്ഞ ഇമാം ഹുസൈനെ ഒടുവിൽ അന്വേഷണസംഘം പിടികൂടുകയും വിചാരണകോടതി ഇരട്ട ജീവപര്യന്തം വിധിക്കുകയും ചെയ്തെങ്കിലും ഹൈക്കോടതി തെളിവുകൾ പോരെന്ന് പറഞ്ഞ് വെറുതെ വിടുകയായിരുന്നു. ഇതോടെ കർഷകദമ്പതികളുടെ മരണത്തിന് ആര് ഉത്തരം പറയുമെന്ന ചോദ്യം മാത്രം ബാക്കിയായി.
1993 ലാണ് ദേവലോകത്തെ കർഷക ദമ്പതികളായ ശ്രീകൃഷ്ണ ഭട്ട്, ഭാര്യ ശ്രീമതിഭട്ട് എന്നിവർ തലക്കടിയേറ്റ് കൊല്ലപ്പെട്ടത്. പറമ്പിലെ നിധി കുഴിച്ചെടുത്ത് നൽകാമെന്ന് വിശ്വസിപ്പിച്ച് മന്ത്രവാദം നടത്തിയ ശേഷം കൊലപ്പെടുത്തി 25 പവൻ സ്വർണവും പണവും കവരുകയായിരുന്നു. ഇമാം ഹുസൈന്റെ വിസിറ്റിംഗ് കാർഡും കുറിപ്പുമായിരുന്നു കേസിലെ പ്രധാന തെളിവ്. ശ്രീമതിയുടെ ആഭരണങ്ങളിലും വീട്ടിലെ ഒരു കുപ്പിയിലും പ്രതിയുടെ വിരൽ അടയാളം കണ്ടെത്തിയിരുന്നു. എന്നാൽ കേസിൽ മതിയായ സാഹചര്യ തെളിവുകൾ ഇല്ല എന്നായിരുന്നു ഹൈക്കോടതിയുടെ നിഗമനം.
സംഭവം നടന്നത് 19 വർഷങ്ങൾക്ക് ശേഷമാണ് കർണാടകത്തിൽ നിന്ന് ഇമാംഹുസൈൻ പിടിയിലാകുന്നത്. വീടിന് സമീപത്തെ തോട്ടത്തിൽ കുഴി ഉണ്ടാക്കി ശ്രീകൃഷ്ണ ഭട്ടിനോട് അതിൽ ഇറങ്ങി നിന്ന് കണ്ണടച്ച് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട ശേഷം മൺവെട്ടി കൊണ്ട് തലക്കടിച്ചു വീഴ്ത്തി മണ്ണിട്ടുമൂടി. ശ്രീകൃഷ്ണനെ കുഴിച്ചുമൂടിയ ശേഷം ശ്രീമതിയെ പീഡിപ്പിച്ച പ്രതി കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ദമ്പതികളുടെ മൂന്നു മക്കളെയും വീട്ടിലെ മറ്റൊരു മുറിയിൽ ഉറക്കി കിടത്തിയ ശേഷമാണ് പ്രതി കൃത്യം നിർവഹിച്ചത്. പിറ്റേദിവസം കുട്ടികൾ ഉണർന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പൂജയുണ്ടെന്ന് അമ്മ പറഞ്ഞതായി മൂത്തമകൻ മൊഴിയും നൽകിയിരുന്നു.
കോഴിയെ വളർത്താത്ത വീട്ടിൽ ദമ്പതിമാരുടെ കൊലക്കു ശേഷം പൂവൻകോഴിയെ കണ്ടെത്തിയതാണ് അന്വേഷണസംഘത്തെ തുണച്ചത്. മന്ത്രവാദകർമ്മങ്ങൾക്കായി എത്തിയ ഹുസൈൻ വീട്ടിലേക്ക് വരും വഴി വാങ്ങിയതാണെന്ന് ടാക്സി ഡ്രൈവർ അഹമ്മദ് മൊഴി നൽകി.എന്നാൽ ഈ കോഴിയുമായി ബന്ധപ്പെട്ട മൊഴിയും കാര്യങ്ങളും കേസിൽ കൊലക്കുറ്റം ചുമത്താൻ മതിയായതല്ലെന്നാണ് കേസ് തള്ളിയ ഹൈക്കോടതി ഉത്തരവിൽ പറയുന്നത്. കർണ്ണാടക ഷിമോഗ സാഗർ സ്വദേശിയായിരുന്നു ഇമാം ഹുസൈൻ. 2012 ഏപ്രിൽ 20നാണ് ഈയാൾ പിടിയിലായത്. ദമ്പതികൾക്ക് പ്രസാദമായി ഉറക്കഗുളിക ചേർത്ത വെള്ളം നൽകിയായിരുന്നു പ്രതിയാണ് കൊല നടത്തിയതെന്ന പ്രോസിക്യൂഷൻ വാദവും കോടതി വിശ്വസിച്ചില്ല.കവർച്ച ചെയ്ത സ്വർണവും പണവും കൊലക്ക് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുക്കാൻ അന്വേഷണ സംഘത്തിന് കഴിയാത്തതാണ് തിരിച്ചടിയായത്.
കുടിയൊഴിപ്പിക്കാനും കൂടോത്രം
അടൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ ടി.മാധവയെയും ഭാര്യ മുള്ളേരിയ ജി.വി.എച്ച്.എസ്.എസ് അദ്ധ്യാപിക രജിതയെയും നെച്ചിപ്പടുപ്പിലെ സ്വന്തം വീട്ടിൽ നിന്ന് കുടിയൊഴിപ്പിക്കാൻ കൂടോത്രവും കോഴിയറവും നടത്തിയ സംഭവവും ദുർമന്ത്രവാദത്തിന്റെ മറ്റൊരു അദ്ധ്യായമാണ്. ഇവരുടെ 25 സെന്റ് സ്ഥലവും പുതിയ വീടും ഉപേക്ഷിച്ചു സ്ഥലം വിടാനാണ് മന്ത്രവാദികളെ കൊണ്ടുവന്ന് ആഭിചാരക്രിയ നടത്തിയത്. അയൽവാസിയായ സ്ത്രീയുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ വിദ്യ നടത്തിയത്. വിലകൊടുത്തു വാങ്ങിയ സ്ഥലത്ത് ദമ്പതികൾ ഉണ്ടായിരുന്ന പഴയ വീട് പൊളിച്ചുമാറ്റി പുതിയ വീട് പണിതായിരുന്നു പ്രകോപനത്തിന് പിന്നിൽ. ആദ്യം ഗുണ്ടകളുമായെത്തി ഭീഷണിപ്പെടുത്തിയത് ഫലിക്കാതെ വന്നപ്പോഴായിരുന്നു ആഭിചാരക്രിയയിലേക്ക് തിരിഞ്ഞത്.അയൽവാസി തന്റെ വീടും സ്ഥലവും കയ്യേറിയെന്ന അദ്ധ്യാപകന്റെ പരാതി കാസർകോട് മുൻസിഫ് കോടതിയുടെ പരിഗണനയിലുണ്ട്. അതിനിടയിലാണ് കൂടോത്രം ചെയ്തു തുടങ്ങിയത്. രാത്രി കാറിൽ എത്തിയ രണ്ടു പേർ മണിയടിക്കുന്നതും കോഴിയെ അറുക്കുന്നതുമായ ദൃശ്യം അദ്ധ്യാപകൻ ഫോണിൽ പകർത്തി. മന്ത്രവാദികൾ പൂജയുടെ ഒടുക്കം കോഴിയുടെ ചോര പറമ്പിൽ ഒഴിക്കുകയും കൂടോത്രം കുഴിച്ചിടുകയും ചെയ്തതായും അദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയിരുന്നു.
(നാളെ ..നിയമ നിർമ്മാണം പാതിവഴിയിൽ )