
കണ്ണൂർ:എല്ലാവർക്കും ഗുണനിലവാരമുള്ള ശുദ്ധജലമെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആരംഭിച്ച സുജലം പദ്ധതി കണ്ണൂർ ജില്ലയിൽ ഇതുവരെ നടപ്പിലാക്കിയില്ല. പത്തുരൂപക്ക് ഒരു ലിറ്റർ കുപ്പിവെള്ളം റേഷൻകടകളിലൂടെയും കെ സ്റ്റോർ വഴിയും എത്തിക്കുന്നതാണ് പദ്ധതി. പൊതുമേഖലാ സ്ഥാപനമായ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കോർപറേഷന്റെ കീഴിൽ ഉത്പ്പാദിപ്പിക്കുന്ന 'ഹില്ലി അക്വാ' കുപ്പിവെള്ളമാണ് പദ്ധതി വഴി വിതരണം ചെയ്യുന്നത്.
സംസ്ഥാനത്ത് കണ്ണൂർ,കോഴിക്കോട്,വയനാട് ജില്ലകളിൽ മാത്രമാണ് പദ്ധതി ഇതുവരെ തുടങ്ങാത്തത്.വിതരണക്കാരുടെ കുറവാണ് പദ്ധതി വൈകുന്നതിന് പിന്നിലെന്നാണ് അധികൃതരുടെ വിശദീകരണം.സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച കെ-സ്റ്റോർ മുഖേന വ്യവസായ വകുപ്പിന്റെയും കൃഷിവകുപ്പിന്റെയും മിൽമയുടെയും ഉത്പ്പന്നങ്ങൾ ലഭ്യമാക്കുന്നതിന്റെ തുടർച്ചയായാണ് ശുദ്ധമായ കുടിവെള്ളം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പദ്ധതി ആവിഷ്ക്കരിച്ചത്.
അംഗീകൃത വിതരണക്കാരിൽ നിന്നും റേഷൻ വ്യാപാരിക്ക് എട്ട് രൂപ നിരക്കിൽ ലഭ്യമാകുന്ന കുപ്പിവെള്ളം 10 രൂപ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭിക്കും. സംസ്ഥാനത്തെ 14,250 റേഷൻ കടകളിലും ഘട്ടംഘട്ടമായി കുടിവെള്ളം ലഭ്യമാക്കുന്നതാണ് പദ്ധതി.
തെക്കൻ ജില്ലകളിൽ ക്ളിക്ക്ഡ്
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ റേഷൻ കടകളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പാക്കിയത്.ഒരു വർഷം മുമ്പാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്.ശബരിമല തീർത്ഥാടനകാലം കണക്കിലെടുത്തതാണ് ഈ റൂട്ടിൽ തുടക്കത്തിൽ തന്നെ വെള്ളം ലഭ്യമാക്കിയത്.കുപ്പിവെള്ളം റേഷൻ വ്യാപാരികൾക്ക് ക്രെഡിറ്റ് വ്യവസ്ഥയിൽ വിതരണം ചെയ്യുന്നതിനും സംവിധാനമുണ്ട്. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണറും കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ടച്ചർ ഡെപലപ്പ്മെന്റ് കോർപ്പറേഷൻ മേധാവിയും തമ്മിലാണ് പദ്ധതി സംബന്ധിച്ചുള്ള ധാരണാ പത്രം ഒപ്പിട്ടത്.
അമിത നിരക്കിന് തടയിടും
പദ്ധതിയിലൂടെ കുടിവെള്ളത്തിന് അമിതനിരക്ക് ഈടാക്കുന്നത് ഒഴിവാക്കാനാകും. നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം ഒരു ലിറ്റർ കുപ്പിവെള്ളത്തിന് ഈടാക്കാവുന്ന പരമാവധി വില 13 രൂപയും അര ലിറ്റർ വെള്ളത്തിന് 6.50 രൂപയുമാണ്. എന്നാൽ ഇരുപതു വരെയാണ് നിലവിൽ കുപ്പിവെളളത്തിന് ഈടാക്കുന്നത്. അയ്യായിരം രൂപ പിഴ ഉണ്ടെങ്കിലും അധികവില ഈടാക്കുന്നതിനെ
ഫലപ്രദമായി തടയാൻ സാധിച്ചിട്ടില്ല.