vd-satheesan

കണ്ണൂർ: നേതൃമാറ്റം സംബന്ധിച്ച് കോൺഗ്രസിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇപ്പോൾ പുറത്തുവരുന്നതെല്ലാം മാദ്ധ്യമ വാർത്തകളാണ്. സംഘടനാപരമായ കാര്യങ്ങളിലെ അഭിപ്രായം മാദ്ധ്യമങ്ങളോട് പറയില്ല. അതിന് അതിന്റേതായ വേദികളുണ്ട്. പാർട്ടി തിരിച്ചുവരവിനായുള്ള വലി തയ്യാറെടുപ്പിലാണ്. ഇരുപത് വർഷത്തിനിടയിൽ കോൺഗ്രസും യു.ഡി.എഫും ഒരു അഭിപ്രായ വ്യത്യാസവുമില്ലാതെ ഒറ്റക്കെട്ടായി പോകുന്ന കാലമാണിത്.

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. വി.ഡി. സതീശനോ കെ. സുധാകരനോ പോക്കറ്റിൽ നിന്ന് കടലാസെടുത്ത് ഇതാണ് തീരുമാനം എന്നു പറഞ്ഞാൽ കൈയടിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. ചെറുപ്പക്കാർ വരെ അതിനെ ചോദ്യം ചെയ്യും.

എല്ലാവരും പറയുന്നതിന് മറുപടി പറയാനാകില്ല. തന്നെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം വേറെയാണ്. അത് ഭംഗിയായും ചിട്ടയായും എല്ലാവരെയും കൂട്ടിയോജിപ്പിച്ച് ഒറ്റക്കെട്ടായാണ് പോകുന്നത്. തിരഞ്ഞെടുപ്പ് രംഗത്ത് എല്ലാവരുടെയും സഹായവും സഹകരണവും ഉണ്ടായിട്ടുണ്ട്. മുതിർന്ന നേതാക്കളും ചെറുപ്പക്കാരും അഭിപ്രായം പറഞ്ഞാൽ ഗൗരവത്തോടെ ചർച്ച ചെയ്യും. മുതിർന്ന നേതാക്കളുടെ അനുഭവവും ചെറുപ്പക്കാരുടെ ആവേശവും ചേർത്തുള്ള രീതിയും ശൈലിയുമാണ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നടപ്പാക്കിയത്. അത് തുടരുമെന്നും വി.ഡി. സതീശൻ പറഞ്ഞു.