നീലേശ്വരം: കാലം തെറ്റിയെത്തുന്ന ശക്തമായ മഴ മലയോരത്തെ കുരുമുളക് കർഷകർക്കു കനത്ത പ്രഹരമാകുന്നു. കഴിഞ്ഞ ആഴ്ചയിൽ തുടർച്ചയായി പെയ്ത മഴയിൽ പകുതി മൂപ്പെത്തിയ ചരടു പൂർണമായി കൊഴിഞ്ഞു പോവുകയാണ്. വരും ദിവസങ്ങളിലും മഴ സാദ്ധ്യത പ്രവചനം വന്നതോടെ കർഷകർ കടുത്ത ആശങ്കയിലാണ്. കാലാവസ്‌ഥാ വ്യതിയാനം മൂലം ഇത്തവണ ഉൽപാദനം കുറവാണ്. കുരുമുളകു ചരടുകൾ വാടിയും, ചീഞ്ഞും വീഴാൻ തുടങ്ങിയ തോടെ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് കർഷകർ. അതിനിടെ ഈയാഴ്ച വെയിൽ കനത്തതോടെ ദ്രുതവാട്ടവും തണ്ടുചീയൽ രോഗവും വ്യാപിക്കാൻ തുടങ്ങി. ഇതിനുപുറമെ കീടബാധ കൂടി വന്നതോടെ കൃഷി പൂർണ്ണമായും നശിക്കും എന്ന അവസ്ഥയിലാണ്. കായ് പിടിച്ച കുരുമുളക് വാടി വീഴാനും തുടങ്ങി. കൃഷിഭവനുമായി ബന്ധപ്പെട്ട് പലതവണ മരുന്നുപ്രയോഗം നടത്തിയിട്ടും പ്രയോജനമില്ലെന്നാണ് കർഷകർ പറയുന്നത്. കൊടികളുടെ ചുവട്ടിൽ കുരുമുളക് ചരടുകൾ ചീഞ്ഞു നശിക്കുന്നു.

കറുത്ത പൊന്നിന്

കറുത്ത രാശി

മറ്റുവിളകളെ അപേക്ഷിച്ചു കുരുമുളകിന് നല്ല വില ലഭിച്ചു വന്നിരുന്നു. അതിനിടെയാണ് ദുരിത പെയ്ത്തായി മഴയെത്തിയത്. മറ്റു വിളകളുപേക്ഷിച്ച് ഭൂരിഭാഗം കർഷകരും വ്യാപകമായി കുരുമുളക് കൃഷിയിലേക്കു തിരിഞ്ഞിരുന്നു. കാലം തെറ്റി വരുന്ന മഴ കാർഷിക മേഖലയെ പൂർണ്ണമായും തകർത്തിരിക്കുകയാണ്. ഏക്കർ കണക്കിന് പച്ചക്കറി, വാഴ കൃഷികളാണ് വെള്ളം കയറി നശിച്ചത്.

വർഷം തോറും ആഗോള താപനം കൂടി വരികയാണ്. കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കാൻ വളപ്രയോഗം ശാസ്ത്രീയമാക്കണം.

ഡോ. കെ.എം.ശ്രീകമാർ, കീട ശാസ്ത്ര വിഭാഗം മേധാവി - കാർഷിക കോളേജ് പടന്നക്കാട്