konkachi
പൊട്ടിപ്പൊളിഞ്ഞ കൊങ്കച്ചി റോഡ്

പാട്യം: പാട്യം ഗ്രാമ പഞ്ചായത്തിലെ പത്തായക്കുന്നിൽ നിന്നും ഭാസ്കരൻ പീടിക വഴി കൊങ്കച്ചിയിലെത്താനുള്ള വഴികളെല്ലാം ദശാബ്ദങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലാത്തതിൽ ജനരോഷം പുകയുന്നു.

പത്തായക്കുന്നിൽ നിന്നും കൊങ്കച്ചി വഴി പോകുന്ന റോഡാകെ പൊട്ടി പൊളിഞ്ഞു ഓട്ടോറിക്ഷ തുടങ്ങിയ ചെറു വാഹനങ്ങൾ ഒന്നും തന്നെ ഇതുവഴി സർവീസ് നടത്താൻ തയ്യാറാകുന്നില്ല. അഞ്ചു വർഷമായി ഈ റൂട്ടിലൂടെ കിഴക്കേ കതിരൂരിലെയും പാട്യം പ്രദേശത്തെയും നാട്ടുകാർ യോജിച്ചു കൊണ്ട് ലക്ഷങ്ങൾ മുടക്കി പാട്യം ജനകീയം ബസ് എന്ന പേരിലുള്ള ബസ് സർവ്വീസ് നടത്തുന്നുണ്ട്. ടാറിംഗ് പൊട്ടി പൊളിഞ്ഞ് കുഴികൾ രൂപാന്തരപ്പെട്ടും മഴക്കാലത്ത് വെള്ള കെട്ടുകൾ നിറഞ്ഞുമുള്ള റോഡിലൂടെയാണ് ബസ് സർവ്വീസ്. ഇത് വലിയ നഷ്ടംവരുത്തുന്നതായി പറയുന്നു.

പുതിയ ബസായിട്ടും മൂന്ന് മാസങ്ങൾ കൂടുമ്പോൾ ടയർ റീസോളിംഗ്, സ്പെയർ പാർട്സ് തേയ്മാനം തുടങ്ങി മാസംതോറും വൻ നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് ബസ്സിന് പറയാനുള്ളത്. വാഹന ഗതാഗത ദുരിതം നിമിത്തം രോഗികളും വിദ്യാർത്ഥികളും ഏറെ ബുദ്ധിമുട്ടുകയാണ്. ഇവിടുത്തെ പ്രധാന ആരാധനാലയമായ കൊങ്കച്ചി ഭദ്രകാളി ദേവസ്ഥാനത്തും, തെർപ്പാൻ കോട്ട് ക്ഷേത്രത്തിലുമെത്താൻ പ്രായമായ ഭക്തജനങ്ങൾ പോലും വാഹനം കിട്ടാതെ കിലോമീറ്ററുകളിലധികം നടന്നുവരികയാണ്. പത്തായക്കുന്നിൽ നിന്നും "താമര " സ്റ്റോപ്പ് വഴി കൊങ്കച്ചിയിലെത്താനുള്ള വഴിയാകെ സന്ധ്യയായാൽ ഇരുളിലാണ്. ഇവിടെ വഴിവിളക്കുകളില്ല.

നിവേദനം നല്കി

മടുത്തു

ഗതാഗതയോഗ്യമല്ലാതായി തീർന്നിരിക്കുന്ന കൊങ്കച്ചി റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി പല തവണ നിവേദനങ്ങൾ നാട്ടുകാർ നല്കിയെങ്കിലും യാതൊരു പരിഹാരവും കണ്ടെത്താനായിട്ടില്ല. പാട്യം പഞ്ചായത്തിലെ രണ്ടു വാർഡുകൾ ഉൾക്കൊള്ളുന്ന ഈ റോഡിൽ കതിരൂർക്കാവ് പരിസരവും, ആയാടം ശാക്തേയ പരിസരവും 300 മീറ്ററോളം റീട്ടാറിംഗ് നടത്തുക മാത്രമാണ് ചെയ്തത് പാട്യം ഗ്രാമപഞ്ചായത്തിലൂടെയും കതിരൂർ പഞ്ചായത്തിലൂടെയും കടന്നുപോകുന്ന ഈ റോഡ് പ്രധാനമന്ത്രി സടക് യോജനയിലോ അതുപോലുള്ള മറ്റു പദ്ധതികളിലോ ഉൾപ്പെടുത്തി റോഡ് ഗതാഗതയോഗ്യമാക്കി യാത്രാദുരിതം പരിഹാരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.