congress

കണ്ണൂർ:മാടായി കോളേജ് നിയമനവിവാദം കെ.പി.സി.സി അദ്ധ്യക്ഷന്റെ തട്ടകമായ കണ്ണൂരിലെ കോൺഗ്രസിൽ വൻ പൊട്ടിത്തെറിയ്ക്കിടയാക്കുന്നു. തദ്ദേശതിരഞ്ഞെടുപ്പിന്റെ സംഘടനാ ഒരുക്കങ്ങൾക്കിടയിൽ അണികളിലുണ്ടായ പ്രതിഷേധം വലിയ തലവേദനയാണ് പാർട്ടി നേതൃത്വത്തിന് നൽകിയിരിക്കുന്നത്.

ആദ്യം എം.കെ.രാഘവന് ഒപ്പം നിലകൊണ്ട ഡി.സി.സി പിന്നീട് പ്രാദേശിക പ്രവർത്തകരുടെ വികാരത്തിനൊപ്പം നിന്നതോടെ പോര് എം.കെ.രാഘവൻ എം.പിയും കണ്ണൂരിലെ കോൺഗ്രസും തമ്മിലായിട്ടുണ്ട്. പ്രവർത്തകരുടെ വികാരം കണക്കിലെടുക്കാതെയുളള രാഘവന്റെ നീക്കത്തിൽ ഡി.സി.സി. നേതൃത്വം കെ.പി.സി.സിയെ അതൃപ്തി അറിയിച്ചു. പുതിയ വിവാദം കണ്ണൂരിൽ എ ഗ്രൂപ്പിനെ ശക്തമാക്കുന്നതിലേക്ക് നീങ്ങുകയാണ്. കണ്ണൂരിൽ ദുർബലമായ എ ഗ്രൂപ്പ് ഇതിനകം യോഗം ചേർന്ന് ഈ വിഷയം ഉയർത്തി സജീവമാകാനുളള ശ്രമത്തിലാണ്.

ഇതിനിടെ ഡി.സി.സി കെ.പി.സി.സിയുടെ അടിയന്തര ഇടപെടലും തേടിയിട്ടുണ്ട്. പയ്യന്നൂർ മേഖലയിൽ പാർട്ടി സംവിധാനം പ്രതിസന്ധിയിലാണെന്നും എം.കെ രാഘവൻ എം.പിക്ക് ഒപ്പമുള്ള കോളേജ് ഡയറക്ടർമാർക്കെതിരെ നടപടിയെടുത്തത് മതിയായ കാരണം കൊണ്ടാണെന്നുമാണ് കെ.പി.സി.സിക്ക് ഡി.സി.സി നൽകിയ വിശദീകരണം. കോളേജ് ഭരണാസമിതി സംഘടനാതാല്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് സംഘടന ജനറൽസെക്രട്ടറിക്ക് അയച്ച കത്തിൽ ഡി.സി.സി പ്രസിഡന്റ് വിശദീകരിച്ചിട്ടുണ്ട്.

വി.ഡി.സതീശനെ കണ്ട് പ്രതിഷേധക്കാർ
രാഘവനെതിരെ പ്രതിഷേധിച്ചതിന് നടപടി നേരിട്ട കുഞ്ഞിമംഗലത്തെ കോൺഗ്രസ് നേതാക്കൾ ഇന്നലെപ്രതിപക്ഷ നേതാവ് വിഡി സതീശനെ കണ്ടിരുന്നു. പ്രാദേശിക പ്രശ്നമായുള്ള പ്രശ്നം കെ.പി.സി.സി ഇടപ്പെട്ട് സംസാരിച്ച് തീർക്കുമെന്നാണ് സതീശൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. എംകെ രാഘവനോടും കണ്ണൂർ ജില്ലാ പ്രസിഡന്റിനോടും സംസാരിച്ചിട്ടുണ്ടെന്നും കെ.പി.സി,സി പ്രസിഡന്റുമായി ആലോചിച്ച് പ്രശ്നം രമ്യമായി പരിഹരിക്കുമെന്നും സതീശൻ പറഞ്ഞു.


ധനേഷിന്റെ അംഗത്വ രസീത് പുറത്ത്

എം.കെ. രാഘവൻ എം.പി ചെയർമാനായ മാടായി കോളേജിൽ അദ്ദേഹത്തിന്റെ ബന്ധുവായ എം.കെ.ധനേഷ് എന്ന സി.പി.എം പ്രവർത്തകന് ജോലി നൽകിയെന്നാരോപിച്ചാണ് പ്രതിഷേധം പുകയുന്നത്. അതെ സമയം ധനേഷ് 2021ൽ കോൺഗ്രസിൽ ചേർന്നയാളെന്ന് രാഘവൻ അനുകൂലികളുടെ വാദം. 2021 ജനുവരി നാലിന് കുഞ്ഞിമംഗലം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഒപ്പിട്ട് നല്കിയ അംഗത്വരസീതാണ് പുറത്തുവിട്ടാണ് ഈ വാദത്തെ അവർ ബലപ്പെടുത്തുന്നത്. എന്നാൽ പ്രാദേശികമായ എതിർപ്പിനെ തുടർന്ന് അംഗത്വം അപ്പോൾ തന്നെ റദ്ദാക്കിയെന്നാണ് മണ്ഡലം പ്രസിഡന്റ് കെ.വിജയന്റെ പ്രതികരണം. പ്രാഥമിക അംഗത്വം റദ്ദാക്കാൻ മണ്ഡലം പ്രസിഡന്റിന് അധികാരമില്ലെന്നാണ് രാഘവൻ അനുകൂലിക്കുന്നവർ പറയുന്നത്.