
കണ്ണൂർ:സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജനുവരി അഞ്ചിന് എഴുത്തുകാരുടെ സംഗമവും 15ന് സന്നദ്ധ പ്രവർത്തകരായ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡിനെയും ഐ.ആർ.പി.സി വളണ്ടിയർമാരെ ആദരിക്കലും സംഘടിപ്പിക്കും. വയനാട്ടിലെ ഉരുൾശപാട്ടൽ ദുരന്തത്തിലും പ്രളയക്കെടുതിയിലും സന്നദ്ധസേവനത്തിനിറങ്ങിയ യൂത്ത് ബ്രിഗേഡിനെയും കോവിഡ് കാലത്തുൾപ്പെടെ ആതുരസേവനം നടത്തിയ ഐ.ആർ.പി.സി വളണ്ടിയർമാരെയുമാണ് ആദരിക്കുന്നത്. മൂവായിരത്തോളം യൂത്ത് ബ്രിഗേഡ് അംഗങ്ങളാണ് ദുരന്തകാലത്ത് സേവനത്തിനിറങ്ങിയത്.സംഘാടകസമിതി രൂപീകരണയോഗം കണ്ണൂർ എൻ.ജി.ഒ യൂണിയൻ ഹാളിൽ സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം.സുരേന്ദ്രൻ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സരിൻ ശശി, ഡോ.കെ പി ബാലകൃഷ്ണ പൊതുവാൾ എന്നിവർ സംസാരിച്ചു. കണ്ണൂർ ഏരിയാ സെക്രട്ടറി കെ പി സുധാകരൻ സ്വാഗതം പറഞ്ഞു.