
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ കരടുബില്ലും പൊലീസ് ശുപാർശകളും പലതുമുണ്ടെങ്കിലും ഇതുവരെയുള്ള സർക്കാരുകൾ അവ നിയമമാക്കുന്നത് ഗൗരവമായി എടുത്തിട്ടില്ലെന്നതാണ് സത്യം. മനുഷ്യബലി പോലും പലവട്ടം നടന്നിട്ടും താൽക്കാലികമായ നടുക്കവും ഞെട്ടലും അഭിപ്രായപ്രകടനവും മാത്രമാണ് സർക്കാരിലെ ഉന്നതരിൽ നിന്ന് ഉണ്ടായിട്ടുള്ളത്. ജസ്റ്റിസ് കെ.ടി തോമസ് ചെയർമാനായ നിയമപരിഷ്കാര കമ്മീഷൻ തയ്യാറാക്കിയ കരട് ബില്ല് നിയമമാകാതെ പോയതും ഇതുമൂലമാണ്. 2019 ഒക്ടോബറിൽ ഒക്ടോബറിലാണ് 'ദി കേരള പ്രവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യുമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക് മാജിക് ബിൽ' സർക്കാറിന് സമർപ്പിച്ചത്. ആഭ്യന്തര വകുപ്പിലെ കോൾഡ് സ്റ്റോറേജിലാണ് ഈ ബിൽ ഇപ്പോഴുമുള്ളത്.
ഫലം കാണാത്ത പരിശ്രമങ്ങൾ
ആലത്തൂർ എം.എൽ.എ ആയിരുന്ന കെ.ഡി പ്രസേനൻ 2021 ആഗസ്റ്റിൽ നിയമസഭയിൽ അന്ധവിശ്വാസം തടയാനായി സ്വകാര്യബിൽ അവതരിപ്പിച്ചിരുന്നു. അന്ധവിശ്വാസം തടയാനുള്ള ബില്ലിന്റെ കരട് സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്നും നിയമപരിഷ്കരണ കമ്മിഷന്റെ അഭിപ്രായം അറിഞ്ഞശേഷം നിയമനിർമ്മാണം നടത്തുമെന്നുമാണ് മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണൻ അന്ന് മറുപടി പറഞ്ഞത്. കരുനാഗപ്പള്ളിയിൽ അന്ധവിശ്വാസത്തിന്റെ പേരിൽ യുവതിയെ ഭർത്താവും ബന്ധുക്കളും ഭക്ഷണം നൽകാതെ കൊലപ്പെടുത്തിയതും 2018 ൽ ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചിട്ടതും കേരളത്തെ ഞെട്ടിച്ചിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് 2014ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അന്ധവിശ്വാസവും അനാചാരവും തടയുന്ന നിർദേശം സമർപ്പിച്ചതിനെ തുടർന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല മന്ത്രവാദവും ചൂഷണവും തടയാൻ ബില്ല് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. അന്നത്തെ ഇന്റലിജൻസ് എ.ഡി.ജി.പി എ.ഹേമചന്ദ്രൻ സർക്കാർ നിർദ്ദേശപ്രകാരം കരടു ബില്ല് തയ്യാറാക്കി സമർപ്പിച്ചതുമാണ്. കേരള അന്ധവിശ്വാസം തടയൽ നിയമം എന്ന പേരിലായിരുന്നു ആ കരട് ബില്ല് . എൽ.ഡി.എഫ് ഭരണകാലത്തും ഇത്തരം ബില്ല് കൊണ്ടുവരുമെന്ന് ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ.ശൈലജ സഭയിൽ പ്രഖ്യാപിച്ചതാണ്.ജസ്റ്റിസ് കെ.ടി.തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്കാര കമ്മീഷൻ സമഗ്രമായ ബില്ലും എങ്ങുമെത്താതെ പോയി. മതപരമായ ആചാരങ്ങളെ ഒഴിവാക്കി അന്ധവിശ്വാസങ്ങളെ ചെറുക്കുന്നതാണ് ഈ ബില്ല്. ബില്ലിലെ വ്യവസ്ഥകൾ മതാചാരങ്ങളെ ബാധിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് ബില്ലിന്റെ പരിധിയിൽ നിന്ന് അഗ്നിക്കാവടി, കുത്തിയോട്ടം, തൂക്കം അടക്കമുള്ള ആചാരങ്ങൾ ഒഴിവാക്കണം എന്നാണ് നിയമ വകുപ്പിന്റെ ശുപാർശയുണ്ടായത്.
ആ കരടുബില്ലുകളിൽ
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ആരെയെങ്കിലും കബളിപ്പിക്കുകയും ചെയ്യുന്നവർക്ക് ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവും 5000 മുതൽ 50,000 വരെ പിഴയുമാണ് ബില്ലിൽ വ്യവസ്ഥ ചെയ്ത ശിക്ഷ ഒരാളുടെ അനുമതിയോടെ അനാചാരങ്ങൾ നടന്നാലും അതിനെ അനുമതിയായി കണക്കാക്കില്ല. അനാചാരത്തിനിടെ മരണം സംഭവിച്ചാൽ ഐ.പി.സിയിൽ കൊലപാതകത്തിന് പറയുന്ന ശിക്ഷ ഐ.പി.സി 300 നൽകണം. കൂടുതൽ പരിക്കുകൾ ഉണ്ടായാൽ 326 ചേർക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.
വേണ്ടത് പഴുതടച്ച നിയമം
അന്ധവിശ്വാസത്തിന്റെ പേരിലുള്ള പൈശാചിക കൃത്യങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കണമെങ്കിൽ പഴുതടച്ച നിയമനിർമ്മാണവും സമഗ്രമായ ബോധവത്ക്കരണവും ആണ് വേണ്ടത്. മഹാരാഷ്ട്രയിലും കർണാടകയിലും അന്ധവിശ്വാസങ്ങളും ആഭിചാരക്രിയകളും തടയാനുള്ള നിയമം ഉണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയവും ഇതിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. രണ്ടുതവണ നിയമനിർമ്മാണം പാളിയതിന് പ്രധാനകാരണമായത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. വിശ്വാസത്തെയും അനാചാരങ്ങളെയും വേർതിരിച്ചെടുക്കാതെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ല. അന്ധവിശ്വാസത്തിന്റെയും ആഭിചാരത്തിന്റെയും പേരിൽ പരിഷ്‌കൃത സമൂഹത്തെ വെല്ലുവിളിക്കുന്ന ക്രൂരതകളാണ് മിക്കപ്പോഴും പുറത്തുവരുന്നത്. നിയമം ശക്തമാകുകയും ബോധവത്ക്കരണം ഫലഫത്താക്കുകയും ചെയ്താൽ മാത്രമെ അന്ധവിശ്വാസങ്ങളുടെ അടിവേരറുക്കാൻ സാധിക്കുകയുള്ളു.
(നാളെ . ഗുരുദേവൻ പടിയിറക്കിവിട്ട ദുരാചാരങ്ങൾ )