
റെയിൽവെ സ്റ്റേഷനിൽ എത്തുന്നവർക്ക് പോലും രക്ഷയില്ലെന്ന അവസ്ഥയിലേക്കാണ് കണ്ണൂരിലെ തെരുവുനായ ആക്രമണത്തിലൂടെ വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ മാസമാണ് സ്റ്റേഷനിലെത്തിയ 15 പേരെ പേപ്പട്ടി കടിച്ചുകീറിയത്. നായയ്ക്ക് പേവിഷബാധയുണ്ടെന്ന് പിന്നീട് അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ജനങ്ങളുടെ ആശങ്കയും ഇരട്ടിച്ചു. തൊട്ടുപിന്നാലെ കഴിഞ്ഞ ആഴ്ചയും കണ്ണൂർ സിറ്റി മൈതാനപ്പള്ളി ഭാഗത്ത് ഏഴ് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ജില്ലയിൽ തുടരുന്ന തെരുവുനായ ആക്രമണത്തിൽ കടുത്ത പ്രതിഷേധമുയരുമ്പോഴും അധികൃതരുടെ നടപടികളൊന്നും ഫലപ്രാപ്തിയിലെത്താത്ത സ്ഥിതിയാണ്. റെയിൽവേ സ്റ്റേഷനിലുണ്ടായ തെരുവുനായ ആക്രമണത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് ഉയർന്നത്. ഒരേ തെരുവുനായ ആണ് 15 പേരെയും ആക്രമിച്ചതെന്ന് കടിയേറ്റവർ പറഞ്ഞു. പിന്നീട് ഈ തെരുവുനായയെ മറ്റു നായകൾ ചേർന്ന് ആക്രമിക്കുകയും റെയിൽവേ ക്വാട്ടേഴ്സിന് സമീപം നായയെ ചത്ത നിലയിൽ കണ്ടെത്തുകയുമായിരുന്നു. റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടം വാഹനം പാർക്ക് ചെയ്യുന്നിടത്തും ഒന്നാം പ്ളാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിന്ന യാത്രക്കാരെയും പ്രധാന പ്രവേശന കവാടത്തിന് സമീപം ടിക്കറ്റ് കൗണ്ടറുകളിൽ ടിക്കറ്റ് എടുക്കാൻ നിൽക്കുന്നവരെയുമാണ് തെരുവുനായ ആക്രമിച്ചത്.
ശാന്തമായി ആളുകൾക്കടുത്തെത്തിയ നായ അപ്രതീക്ഷിതമായാണ് ആക്രമിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. രാവിലെ ഒമ്പത് മുതൽ തന്നെ കിഴക്കേ കവാടം പരിസരത്ത് തെരുവനായ പരാക്രമണം തുടങ്ങിയിരുന്നു. ശുചീകരണ തൊഴിലാളിയുടേയും പാസഞ്ചർ ട്രെയിനിൽ പയ്യന്നൂരിൽ നിന്നെത്തിയ യാത്രക്കാരന്റെയും വസ്ത്രം നായ ആദ്യം കടിച്ചുകീറി. ഈ നായയെ സ്റ്റേഷൻ ജീവനക്കാരും മറ്റും ചേർന്ന് ഓടിക്കുകയായിരുന്നു. പിന്നീട് നായ ഉച്ചക്കുശേഷം പല യാത്രക്കാർക്കു നേരെയും തിരിയുകയായിരുന്നു. സ്റ്റേഷനിൽ എത്തിയവരെ ആക്രമിച്ച നായയെ കടിച്ചുകൊന്ന മറ്റ് തെരുവുനായകൾക്ക് പേ ഉണ്ടോ എന്ന ആശങ്കയും പലരും അന്ന് തന്നെ പങ്കു വയ്ക്കുകയുണ്ടായി. ഇതിനു മുൻപും റെയിൽവേ സ്റ്റേഷനിൽ തെരുവുനായ ശല്യം രൂക്ഷമായിരുന്നു. പ്രധാന പ്രവേശന കവാടം, പ്ലാറ്റ് ഫോം, കിഴക്കേ കവാടം, റിസർവേഷൻ കൗണ്ടറുകൾ എന്നിവിടങ്ങളിൽ നായകൾ കൂട്ടത്തോടെയാണ് എത്തിയിരുന്നത്. പ്ലാറ്റ് ഫോമിൽനിന്ന് മുമ്പും നിരവധി പേർക്ക് കടിയേറ്റിരുന്നു.
തെരുവുനായ ശല്യത്തിൽ
നടപടിയുണ്ടായിട്ടില്ല
നേരത്തെ കോർപ്പറേഷൻ അധികൃതരെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് വിവരമറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നായിരുന്നു റെയിൽവേ അധികൃതരുടെ വിശദീകരണം. ഭക്ഷണ അവശിഷ്ടങ്ങൾ ധാരാളമായി ഉള്ളതും തെരുവു നായകളുടെ എണ്ണം കൂടാൻ കാരണമാകുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരം, പയ്യാമ്പലം ബീച്ച്, കാൽടെക്സ്, രജിസ്ട്രാർ ഓഫിസ് പരിസരം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, താഴെ ചൊവ്വ, മുണ്ടയാട്, വാരം തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും ജില്ലയിലാകമാനവും തെരുവ് നായ ശല്യം വളരെ രൂക്ഷമായി തുടരുകയാണ്. കൂട്ടത്തോടെ വിഹരിക്കുന്ന നായകൾ വിദ്യാർത്ഥികൾക്കാണ് കൂടുതലും ഭീഷണി സൃഷ്ടിക്കുന്നത്. സ്കൂളിലേക്കുള്ള കുട്ടികളുടെ പോക്കുംവരവും ജീവൻ പണയപ്പെടുത്തിയാണ്. മറ്റ് കാൽനടയാത്രക്കാരും പ്രഭാതസവാരിക്കാരുമെല്ലാം ഓരോ ദിവസവും ഇരകളാകുകയാണ്.
കഴിഞ്ഞ രണ്ടുമാസങ്ങളിലായി കണ്ണൂർ നഗര പ്രദേശങ്ങളിൽ തെരുവ് നായ ശല്യം മുമ്പുള്ളതിനെക്കാൾ വളരെയധികം വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞാഴ്ച അലവിൽ പ്രദേശത്തും നിരവധി പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. തെരുവുനായ പ്രശ്നത്തിൽ മിക്ക തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലും കാര്യക്ഷമമല്ലെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. തെരുവുനായശല്യം പരിഹരിക്കാൻ ശക്തമായ നടപടിയുമായി ജില്ലാ പഞ്ചായത്ത് മുന്നോട്ട് പോകുന്നുണ്ടെങ്കിലും നിയമപരമായ തടസങ്ങൾ ഉയർന്നുവന്നു. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി അഭയകേന്ദ്രങ്ങളിൽ പാർപ്പിക്കാനുള്ള നടപടിയിലും ഒട്ടേറെ വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. അഭയകേന്ദ്രങ്ങളും അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിൽ പ്രാദേശികതല എതിർപ്പുകളും പ്രതിസന്ധി സൃഷ്ടിക്കുന്നു.
തെരുവുനായകളെ ഷെൽട്ടറുകളിലേക്ക് മാറ്റാൻ ആവശ്യമായ സഹായം ചെയ്യാമെന്ന് ചില മൃഗസനേഹികളോട് ജില്ലാ പഞ്ചായത്ത് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും ആരും താത്പ്പര്യം കാണിച്ചില്ലെന്നും ജില്ലാപഞ്ചായത്ത് അധികൃതർ പറഞ്ഞു. നിലവിൽ പടിയൂർ എ.ബി.സി സെന്ററിലെ 50 കൂടുകളിലും തെരുവുനായകളെ പാർപ്പിച്ചിട്ടുണ്ട്. മുഴപ്പിലങ്ങാട് വീട് വാടകയ്ക്കെടുത്ത് നായകളെ പാർപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും അതും പരാജയപ്പെട്ടു. നായപിടുത്തക്കാരെ കിട്ടാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആർക്കങ്കിലും കടിയേറ്റ് ഗുരുതരമായ പരുക്ക് പറ്റുമ്പോൾ മാത്രമാണ് അധികൃതർ ഇതിനെതിരെ നടപടിയെടുക്കാൻ മുന്നോട്ട് വരുന്നത്. തദ്ദേശസ്ഥാപനങ്ങൾ എ.ബി.സി പദ്ധതിയോട് വരെ മുഖം തിരക്കുന്ന മട്ടാണെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതരും പറയുന്നു. അക്രമകാരികളായ നായകളെ കൊല്ലാൻ നിയമം അവുവദിക്കാത്തതുമെല്ലാം വെല്ലുവിളിയായി തുടരുകയുമാണ്.
വാക്സിനേഷൻ
നടപടികൾ ആരംഭിച്ചു
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പേ വിഷബാധയേറ്റെന്ന് സംശയിക്കുന്ന പട്ടികൾക്ക് വാക്സിനേഷനുള്ള നടപടികൾ കൈക്കൊള്ളാൻ തീരുമാനമായി. കണ്ണൂർ റെയിൽവേ ലോഞ്ചിൽ വിളിച്ച് ചേർത്ത ജനപ്രതിനിധികളുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിലാണ് തീരുമാനം. അഡീഷണൽ ഡിവിഷൻ റെയിൽവേ മാനേജർ എസ്.ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. പേ വിഷബാധയേറ്റ തെരുവനായയെ കടിച്ച്കൊന്ന മറ്റ് തെരുവുനായകളെ പിടികൂടി വാക്സിനേഷൻ നൽകുന്നതിനുള്ള നടപടിയിലേക്ക് മൃഗസംരക്ഷണ വകുപ്പ് കടന്നിട്ടുണ്ട്. ഒപ്പം അലഞ്ഞു തിരിയുന്ന തെരുവു നായകളെ പിടികൂടി വന്ധ്യംകരണം ചെയ്യുന്ന പദ്ധതിയും നടപ്പിലാക്കി വരികയാണ്.രൂക്ഷമായ തെരുനായ ശല്യം പരിഹരിക്കാൻ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും. ഭക്ഷണാവശിഷ്ടങ്ങൾ പൊതു സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കി ക്രിയാത്മകമായി മാലിന്യങ്ങൾ സംസ്കരിക്കാനും യാത്രക്കാർ അവരുടെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും തെരുവു നായകൾക്ക് കൊടുക്കുന്നത് കർശ്ശനമായി ഒഴിവാക്കാനും റെയിൽവേ അധികൃതർ നിർദേശിച്ചു. പ്ലാറ്റ്ഫോമിൽ നായകൾക്ക് ഭക്ഷണം നൽകുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കച്ചവടസ്ഥാപനങ്ങളും ഹോട്ടലുകളും മാലിന്യം നിക്ഷേപിക്കുന്ന കാര്യത്തിൽ ഏറെ ശ്രദ്ധചെലുത്തണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രവർത്തനം വകുപ്പുകളെ
ഏകോപിപ്പിച്ച്
റെയിൽവേ പ്രതിനിധികളോടൊപ്പം കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, റവന്യൂ, പൊലീസ്, ആരോഗ്യം, മൃഗസംരക്ഷണം എന്നീ വകുപ്പുകളേയും ഏകോപിപ്പിച്ചു കൊണ്ടാണ് മോണിറ്ററിംഗ് കമ്മിറ്റി പ്രവർത്തിക്കുക. ഇതിൽ എൻ.ജി.ഒ, സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഒഫ് ക്രൂവൽറ്റി ടു ആനിമൽസ് (എസ്.പി.സി.എ ) പ്രതിനിധികളുമുണ്ടാകും. പേവിഷബാധ വാക്സിന്റെ ലഭ്യത ജില്ലയിലെ പ്രധാന ആശുപത്രികളിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. സ്റ്റോക്കുകൾ ബന്ധപ്പെട്ട ആശുപത്രികൾ യഥാസമയം കൃത്യമായി ജില്ലാ മെഡിക്കൽ ഓഫീസിനെ അറിയിക്കാൻ നിർദേശിച്ചു. വിവിധ വകുപ്പുകളുമായി സംയുക്ത യോഗം ചേരാനും തുടർനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
കേസെടുത്ത്
മനുഷ്യാവകാശ കമ്മിഷൻ
റെയിൽവേ സ്റ്റേഷനിൽ 15 പേരെ നായ കടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു. ജില്ലാ കളക്ടർ, മുൻസിപ്പൽ സെക്രട്ടറി, കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാനേജർ എന്നിവർ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു. . കണ്ണൂർ മുൻസിപ്പൽ സെക്രട്ടറിയും റെയിൽവേസ്റ്റേഷന് മാനേജറും 18ന് രാവിലെ 11ന് കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.